‘ഒരു ജന്മം നഷ്ടമായി, പക്ഷേ മകൾക്ക് വാക്ക് കൊടുത്തിരുന്നു ആത്മഹത്യ ചെയ്യില്ലെന്ന്’


വി.എസ്. സിജു

ഹൈക്കോടതിയെയും വേദനിപ്പിച്ച സുരേന്ദ്രബാബുവിന്റെ ജീവിതം

സുരേന്ദ്രബാബു

കൊച്ചി: 'ഒരു ജന്മം നഷ്ടമായി, പക്ഷേ, മകള്‍ക്ക് വാക്ക് കൊടുത്തിരുന്നു ആത്മഹത്യ ചെയ്യില്ലെന്ന്' നിരപരാധിത്വം തെളിയിക്കാനായി മൂന്ന് പതിറ്റാണ്ടോളമായി കോടതികള്‍ കയറിയിറങ്ങുന്ന എം.കെ. സുരേന്ദ്രബാബുവിന്റെ വാക്കുകള്‍ പതറുന്നുണ്ടായിരുന്നു. ഹൈക്കോടതിയെപ്പോലും വേദനിപ്പിച്ച വ്യവഹാര ജീവിതമാണ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന ഈ 73-കാരന്റേത്. മുക്കുപണ്ടം പണയംവെച്ച് ഒരു സ്ത്രീ നടത്തിയ തട്ടിപ്പാണ് ഇദ്ദേഹത്തിന്റെ ജീവിതം തകിടം മറിച്ചത്. ആ സ്ത്രീ ഇപ്പോളും പിടികിട്ടാത്ത കുറ്റവാളിയാണ്. പക്ഷേ, അവര്‍ നടത്തിയ തട്ടിപ്പ് സുരേന്ദ്രബാബുവിന്റെ ജീവിതം തകര്‍ത്തു.

നിരപരാധിത്വം തെളിയിക്കാനായി 45-ാം വയസ്സില്‍ കോടതി കയറിത്തുടങ്ങിയതാണ് അദ്ദേഹം. സഹകരണ ട്രിബ്യൂണല്‍ മുതല്‍ ഹൈക്കോടതിവരെ എത്തി അത്. ഇനിയും അവശേഷിക്കുന്നുണ്ട് ഒരു കേസും കൂടി. സുരേന്ദ്ര ബാബുവിന് അര്‍ഹമായ ആനുകൂല്യങ്ങളെല്ലാം നല്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പതിറ്റാണ്ടോളം വ്യവഹാരങ്ങള്‍ നീണ്ടുപോകുന്നതില്‍ നീതിന്യായ സംവിധാനം പുനരാലോചന നടത്തണമെന്നും ആ ഉത്തരവില്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ചു.

ജീവിതം തകര്‍ത്ത സ്വര്‍ണപ്പണയം
ഇരിങ്ങാലക്കുട കരുമത്ര മേക്കാട്ടുകാട്ടില്‍ സുരേന്ദ്രബാബു 1994-ല്‍ കൊടുങ്ങല്ലൂര്‍ ടൗണ് സഹകരണ ബാങ്ക് തിരുവഞ്ചിക്കുളം ബ്രാഞ്ച് മാനേജര്‍ ആയിരുന്നു. വനജ നായര്‍ എന്ന സ്ത്രീ ബാങ്കില്‍ പതിവായി സ്വര്‍ണം പണയം വെയ്ക്കും. ബാങ്കിലെ അപ്രൈസര്‍ രാധാകൃഷ്ണനാണ് സ്വര്‍ണം പരിശോധിച്ച് ഉറപ്പാക്കുന്നത്. അപ്രൈസറുടെ പരിശോധനാ റിപ്പാര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനേജര്‍ പണം അനുവദിക്കും.
വനജ നായരും അവര്‍ക്കുവേണ്ടി കമലാധരനും വെച്ച 19 സ്വര്‍ണപ്പണയങ്ങള്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് ലേലത്തില്‍ വിറ്റു. എന്നാല്‍, ഇത് വ്യാജ സ്വര്‍ണമാണെന്ന് കണ്ടെത്തി വാങ്ങിയവര്‍ തിരികെ നല്കി. ഇതിന്റെ പണം മാനേജര്‍ ആയ സുരേന്ദ്രബാബുവും അപ്രൈസറും നല്കണമെന്ന് ബാങ്ക് ഭരണസമിതി ആവശ്യപ്പെട്ടു. 3,95,000 രൂപ അടയ്ക്കണമെന്നായിരുന്നു ആവശ്യം. മാസം 10,000 രൂപ ശമ്പളം ഉള്ളപ്പോഴായിരുന്നു ഇത്.

തന്റെ ഭാഗത്ത് തെറ്റില്ലെന്നും തുക നല്കാനാകില്ലെന്നും സുരേന്ദ്രബാബു നിലപാട് സ്വീകരിച്ചു. ഇതോടെ സുരേന്ദ്രബാബുവിനെയും പ്രതിയാക്കി ഭരണസമിതി കേസ് കൊടുത്തു. സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. അന്നുമുതല്‍ കോടതി കയറിത്തുടങ്ങിയതാണ്.ബാങ്ക് ഭരണസമിതി നല്കിയ കേസില്‍ മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രബാബുവിനെ മൂന്നുവര്‍ഷം തടവിനും ശിക്ഷിച്ചു. ഈ ശിക്ഷ സബ് കോടതി റദ്ദാക്കി. അതിനെതിരേ ബാങ്ക് നല്കിയ അപ്പീല് ഹൈക്കോടതിയും തള്ളി.

പക്ഷേ, അവിടെ തീരുന്നതായിരുന്നില്ല വ്യവഹാരങ്ങള്‍. സര്‍വീസില്‍ തിരികെയെടുക്കണമെന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നല്കണമെന്നുമുള്ള ആവശ്യവുമായി സഹകരണ ട്രിബ്യൂണല്‍ മുതല്‍ ഹൈക്കോടതിവരെ വീണ്ടും കയറിയിറങ്ങേണ്ടിവന്നു. എല്ലായിടത്തും അനുകൂലമായിരുന്നു വിധി. പക്ഷേ, ബാങ്ക് അപ്പീലുമായി പോകും. ആ നിയമപോരാട്ടങ്ങളുടെ ശേഷിപ്പായിരുന്നു ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസത്തെ വിധി. ഇതിനെതിരേ ബാങ്ക് അപ്പീല്‍ നല്‍കുമോ എന്നറിയില്ല. മുന്‍പ് സുപ്രീംകോടതിയില്‍ പോയപ്പോള്‍ ബാങ്കിന് തിരിച്ചടിയായിരുന്നു. സുരേന്ദ്രബാബുവിനെ കോടതികള്‍ കയറ്റിയിറക്കിയതിന് ബാങ്കിന് പിഴ ചുമത്തേണ്ടതാണെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസത്തെ ഉത്തരവില്‍ അഭിപ്രായപ്പെട്ടിരുന്നു.

അനുഭവിച്ച സങ്കടങ്ങള്‍ക്ക് എന്ത് പരിഹാരം
'വൈകി കിട്ടുന്ന നീതി നഷ്ടപ്പെട്ടതിനൊന്നും പരിഹാരമല്ല'... സുരേന്ദ്രബാബുവിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അനുഭവിച്ച സങ്കടങ്ങളും സംഘര്‍ഷങ്ങളും എത്രയാണെന്ന് പറയാനാകില്ല. അധ്യാപികയായ ഭാര്യ രതി അന്നൊക്കെ സ്‌കൂളില്‍ പോകാന്‍ പോലുമാവാതെ വീട്ടിലൊതുങ്ങി. മകള്‍ സ്മിതയുടെ പഠനത്തെയും ബാധിച്ചു. ഇതിനിടയിലായിരുന്നു ഭിന്നശേഷിക്കാരനായ മകന്‍ സുധീഷിന്റെ മരണം.' സപ്ലൈക്കോയില്‍ ക്ലാര്‍ക്കാണ് മകളിപ്പോള്‍.

ബാങ്ക് ഭരണസമിതി അംഗങ്ങളുമായി ഒരനിഷ്ടവും ഉണ്ടായിരുന്നില്ല. പക്ഷേ, ഒരു പ്രശ്‌നം വന്നപ്പോള്‍ എല്ലാവരും കൈവിട്ടു. മുക്കുപണ്ടം പണയംവെച്ച സ്ത്രീയെ ഇതുവരെ പിടിച്ചിട്ടില്ല. ഒരു ഇരയെ കിട്ടിയതിനാല്‍ അവരെക്കുറിച്ചൊന്നും ആരും അന്വേഷിച്ചില്ല എന്നതാണ് സത്യം. നിയമപോരാട്ടത്തിനായി എത്ര രൂപ ചെലവായി എന്നൊന്നും തിട്ടപ്പെടുത്തിയിട്ടില്ല. ഭാര്യയുടെ പെന്‍ഷനാണ് ഇപ്പോള്‍ ആശ്രയം-സുരേന്ദ്രബാബു പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..