ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് സർക്കാർ; സമർദത്തിലാക്കാൻ ശ്രമമെന്ന് സ്വപ്ന


1 min read
Read later
Print
Share

സ്വർണക്കടത്തിലെ വിവാദ വെളിപ്പെടുത്തൽ

സ്വപ്‌ന സുരേഷ്| Photo: Mathrubhumi

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിനെത്തുടർന്ന് തന്നെ സമർദത്തിലാക്കാൻ സർക്കാർ പോലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് സ്വപ്നാ സുരേഷ് ഹൈക്കോടതിയിൽ. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് സർക്കാരും അറിയിച്ചു.

വിവാദവെളിപ്പെടുത്തലിനെത്തുടർന്ന് വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് ചാർജുചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജിയിലാണ് ഇരുപക്ഷവും വാദങ്ങൾ ഉന്നയിച്ചത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഗൂഢാലോചനയിൽ പങ്കാളിയായ ആളിന്റെ മൊഴിതന്നെ സ്വപ്നയ്ക്കെതിരേ തെളിവായുണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വാദിച്ചു. സമാന്തര അന്വേഷണമല്ല നടത്തുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 11 മണിക്കൂർ സ്വപ്നയെ ചോദ്യംചെയ്തതാണ്. അപ്പോഴൊന്നും കണ്ടെത്താനാകാത്ത കാര്യങ്ങളാണ് ഇപ്പോൾ തെളിവില്ലാതെ ആരോപിക്കുന്നത്. സ്ഥാപിതതാത്‌പര്യത്തോടെയാണിത്. സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയ്ക്ക് കോടതിയിൽ രഹസ്യമൊഴി നൽകാനാകില്ല. അതിനെ കുറ്റസമ്മതമൊഴിയായേ കരുതാനാകൂ. ഗൂഢാലോചനക്കേസിൽ അന്തിമറിപ്പോർട്ട് ഉടൻ കോടതിയിൽ നൽകുമെന്നും ഡി.ജി.പി. വിശദീകരിച്ചു.

സമാന്തര അന്വേഷണമാണ് പോലീസ് നടത്തുന്നതെന്ന് സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് വാദിച്ചു. ഗൂഢാലോചനക്കേസ് രജിസ്റ്റർചെയ്തത് തെളിവില്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു.

കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ നടക്കുന്ന അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് കണ്ടെത്തിയാൽ എന്തായിരിക്കും സ്ഥിതിയെന്ന് വാദത്തിനിടെ കോടതി സർക്കാരിനോട് ആരാഞ്ഞു. ഇ.ഡി. നടത്തുന്ന അന്വേഷണവുമായി ഗൂഢാലോചനക്കേസിന് യാതൊരു ബന്ധവുമില്ലെന്നും അത് കഴിയുംവരെ കാത്തിരിക്കാനാകില്ലെന്നും സർക്കാർ മറുപടിനൽകി. വാദം പൂർത്തിയായതിനെത്തുടർന്ന് ഹർജി വിധിപറയാൻ മാറ്റി.

മുൻമന്ത്രി കെ.ടി. ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസും മറ്റൊരു വ്യക്തിയുടെ പരാതിയിൽ പാലക്കാട് കസബ പോലീസുമാണ് സ്വപ്നയ്ക്കെതിരേ കേസ് രജിസ്റ്റർചെയ്തത്.

Content Highlights: swapna suresh, gold smuggling, kerala government

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..