സ്വപ്നയുടെ ആരോപണം; നിയമപരമായി നീങ്ങാതെ ഒളിച്ചുകളിച്ച് സി.പി.എം.


1 min read
Read later
Print
Share

സ്വപ്‌ന സുരേഷ്| Photo: Mathrubhumi

തിരുവനന്തപുരം: ആരോപണങ്ങൾ ആവർത്തിക്കുമ്പോഴും സ്വപ്നാ സുരേഷിനെതിരേ നിയമനടപടി സ്വീകരിക്കാതെ സി.പി.എം. സി.പി.എം. നേതാക്കൾക്കെതിരേയും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേയും വ്യക്തിപരമായ ആരോപണങ്ങൾ ആവർത്തിച്ചുന്നയിക്കുന്നതിനൊപ്പം, നിയമപരമായി നേരിടാൻ വെല്ലുവിളികൂടി നടത്തുന്നുണ്ട് സ്വപ്നാ സുരേഷ്.

പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനൊഴികെ ഒരാളും അതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ‘നിയമനടപടിയെല്ലാം ആലോചിച്ച് സ്വീകരിക്കുമെന്ന്’ മുമ്പ് ഒഴുക്കൻമട്ടിൽ പറഞ്ഞവസാനിപ്പിച്ചതല്ലാതെ, അതിലേക്ക് കടക്കാൻ മുഖ്യമന്ത്രിയും തയ്യാറായിട്ടില്ല.

പാർട്ടിക്കും സർക്കാരിനുമെതിരേ ആരോപണങ്ങളുണ്ടാകുമ്പോൾ അതിനെതിരേ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രഖ്യാപിച്ച് അതിനുള്ള വഴി സ്വീകരിക്കുകയാണ് സി.പി.എം. ചെയ്യാറുള്ളത്. സ്വർണക്കടത്ത് കേസിൽ തുടങ്ങിയ കേന്ദ്ര അന്വേഷണം സർക്കാരിനെയും മുഖ്യമന്ത്രിയെയും ലക്ഷ്യമിട്ട് നീങ്ങുന്നുവെന്ന തോന്നലുണ്ടായപ്പോൾ അതിനെതിരേ പാർട്ടിയും ഇടതുമുന്നണിയും പ്രതിരോധം തീർത്തിട്ടുണ്ട്. അതിന്റെ ജനകീയ വിജയമാണ് ഭരണത്തുടർച്ചയെന്നാണ് സി.പി.എം. അവകാശപ്പെടുന്നത്.

മുഖ്യമന്ത്രിക്കെതിരേ സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടാൽപ്പോലും കേസെടുക്കുന്ന ഘട്ടത്തിലാണ് സ്വപ്ന വ്യക്തിപരവും ഗുരുതരവുമായ ആരോപണങ്ങളുന്നയിച്ചിട്ടും നിശ്ശബ്ദത തുടരുന്നത്. ആദ്യഘട്ടത്തിൽ സ്വപ്നയുടെ ആരോപണങ്ങളെ നിയമപരമായി പ്രതിരോധിക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. എം. ശിവശങ്കറുമായി അകന്ന് സ്വപ്ന മുഖ്യമന്ത്രിക്കും കുടുംബത്തിനും സർക്കാരിനുമെതിരേ ആരോപണങ്ങളുടെ കെട്ടഴിച്ച് തുടങ്ങിയപ്പോൾ ഗൂഢാലോചന കേസെടുത്താണ് അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചത്.

ഈ ഘട്ടത്തിലും ആരോപണവിധേയരായവരാരും പരാതിക്കാരായില്ല. മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആരോപണത്തിന് കെ.ടി. ജലീൽ എം.എൽ.എ.യാണ് പരാതിക്കാരനായത്. ആ കേസ് എങ്ങുമെത്താതെ കിടക്കുകയാണ്. മുൻമന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, മുൻസ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരേ ലൈംഗീകാധിക്ഷേപ ആരോപണമായിരുന്നു സ്വപ്നയുടേത്. ഇതിനെ നിയമപരമായി നേരിടുന്നതിന് സി.പി.എം. ഈ നേതാക്കൾക്ക് അനുമതി നൽകിയിരുന്നു. പക്ഷേ, ആരും അതിന് മുതിർന്നിട്ടില്ല.

കേസ് വാർത്തയാകുകയും അതിന്റെ തുടർച്ച കൂടുതൽ വാർത്തൾക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നതാണ് നേതാക്കളെ പിന്തിരിപ്പിക്കുന്ന ഘടകം. ഗോവിന്ദൻ നിയമനടപടി സ്വീകരിച്ചാൽ അത് അദ്ദേഹത്തിന്റെ ‘രാഷ്ട്രീയ ഇമേജ്’ മെച്ചപ്പെടുത്തുന്നതാകും. മറ്റുനേതാക്കൾ കൂടുതൽ പ്രതിരോധത്തിലാവും. ഈ രാഷ്ട്രീയം തിരിച്ചറിഞ്ഞാണ് എന്തേ മാനനഷ്ടത്തിന് കേസില്ലാത്തതെന്ന ചോദ്യം പ്രതിപക്ഷത്തുനിന്ന് ശക്തമാക്കുന്നത്.

Content Highlights: swapna suresh, cpm, pinarayi vijayan

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..