സ്വപ്ന സുരേഷ് |ഫോട്ടോ:ടി.കെ.പ്രദീപ് കുമാർ
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണം രണ്ടാംഘട്ടത്തിലേക്കു കടക്കുന്നു. മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ മൊഴിയെടുക്കല്‍ ബുധനാഴ്ച തുടങ്ങും. സ്വപ്ന നല്‍കിയ പുതിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാകും മൊഴി രേഖപ്പെടുത്തുക. ഇതിനുശേഷമാകും കേസില്‍ തെളിവെടുപ്പുകള്‍ തുടങ്ങുക.
ആരെയൊക്കെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കണം എന്നതിലും തീരുമാനമാകും. രണ്ടു രഹസ്യമൊഴിയും പരിശോധിക്കുന്ന അന്വേഷണ ഏജന്‍സി എന്നനിലയില്‍ സമഗ്രമായ അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ഇ.ഡി. ലക്ഷ്യമിടുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മറ്റ് ഉന്നത രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പേരുകളും സ്വപ്ന പരാമര്‍ശിച്ച സാഹചര്യത്തിലാണ് ഇ.ഡി.യുടെ രണ്ടാംഘട്ട അന്വേഷണം തുടങ്ങുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങാനും സാധ്യതയുണ്ട്.
കസ്റ്റംസിന് ഒന്നരവര്‍ഷം മുമ്പ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ഇ.ഡി.ക്കു നല്‍കാന്‍ വിധിയായെങ്കിലും ഇതുവരെ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല. ഇതുകൂടി ലഭിച്ചശേഷം രണ്ടു രഹസ്യമൊഴികളും താരതമ്യം ചെയ്ത് ആവശ്യമെങ്കില്‍ കൂടുതല്‍ വ്യക്തതവരുത്താന്‍ സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. സ്വപ്ന ബുധനാഴ്ച രാവിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകുമെന്നാണു കരുതുന്നത്.
സ്വപ്നയുടെ രഹസ്യമൊഴി പരിശോധിച്ചുള്ള ചോദ്യങ്ങള്‍ക്കൊപ്പം കേസിലെ മറ്റൊരു പ്രതിയായ എം. ശിവശങ്കറിന്റെ പുസ്തകത്തിലെ ചില പരാമര്‍ശങ്ങളിലും സ്വപ്നയുടെ മൊഴി രേഖപ്പെടുത്തും.
സ്വപ്നയുടെ മൊഴി രേഖപ്പെടുത്തല്‍ ഒറ്റത്തവണകൊണ്ട് പൂര്‍ത്തിയാക്കാനല്ല ഇ.ഡി. ലക്ഷ്യമിടുന്നത്. രഹസ്യമൊഴിയിലെ പല ആരോപണങ്ങള്‍ക്കും കൂടുതല്‍ വ്യക്തതവരുത്തേണ്ടതുണ്ട്. കേസിലെ കള്ളപ്പണയിടപാടിലേക്ക് ഇവ ബന്ധപ്പെടുത്താനായാലേ ഇ.ഡി.യുടെ അന്വേഷണം മുന്നോട്ടുപോകൂ. ഇതിനാല്‍ ഓരോ ആരോപണത്തിലും കൃത്യമായ നിയമോപദേശം തേടിയശേഷമാവും ഇ.ഡി. നടപടികള്‍.
Content Highlights: swapna suresh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..