സ്വപ്ന സുരേഷ് |ഫോട്ടോ:ടി.കെ.പ്രദീപ് കുമാർ
കൊച്ചി: സ്വർണക്കടത്ത് കേസിലെ വിവാദ പരാമർശങ്ങളെത്തുടർന്ന് പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ജൂൺ 28- ലേക്ക് മാറ്റി. സമാന വിഷയത്തിൽ തിരുവനന്തപുരത്ത് കന്റോൺമെന്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ സ്വപ്ന നൽകിയ ഹർജിക്കൊപ്പമാണ് ഇതും പരിഗണിക്കുക. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാനാണ് ഹർജികൾ പരിഗണിക്കുന്നത്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും മുൻ മന്ത്രി കെ.ടി. ജലീൽ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ഐ.എ.എസ്. ഉദ്യോഗസ്ഥരായ ശിവശങ്കർ, നളിനി നെറ്റോ എന്നിവർക്കും പങ്കുണ്ടെന്ന് മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. തുടർന്ന് വ്യാജ മൊഴി നൽകാൻ ഗൂഢാലോചന, കലാപ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
കേന്ദ്ര സംരക്ഷണം തേടി സ്വപ്നയുടെ ഹർജി: 27-ന് പരിഗണിക്കും
കൊച്ചി: കേന്ദ്ര ഏജൻസിയുടെ സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ മാസം 27-ന് പരിഗണിക്കാൻ മാറ്റി.
സംസ്ഥാന സർക്കാരിൽ വിശ്വാസമില്ലെന്നും അതിനാൽ പോലീസ് സംരക്ഷണം വേണ്ടെന്നും സ്വപ്ന സുരേഷ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ഏജൻസിയുടെ സംരക്ഷണം നൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നേരത്തേ കോടതിയിൽ അറിയിച്ചിരുന്നു. സ്വപ്നയുടെ അഭിഭാഷകൻ കൂടുതൽ സമയം തേടിയതിനെ തുടർന്നാണ് 27-ന് പരിഗണിക്കാൻ മാറ്റിയത്. സ്വപ്നയ്ക്കെതിരേയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസും 27-ന് പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്.
Content Highlights: swapna suresh gold smuggling case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..