സ്വപ്നാ സുരേഷ്| Photo: Mathrubhumi
കൊച്ചി: നയതന്ത്രസ്വർണക്കടത്തു കേസ് പ്രതി സ്വപ്നാ സുരേഷിന്റെ പുതിയ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) കൈമാറി. വിശദ പരിശോധന നടത്തിയശേഷം തുടരന്വേഷണവും ചോദ്യംചെയ്യലുമടക്കമുള്ള കാര്യങ്ങളിൽ ഇ.ഡി. അന്വേഷണസംഘം തീരുമാനമെടുക്കും.
മുഖ്യമന്ത്രിയെയും കുടുംബത്തെയുംകുറിച്ച് രഹസ്യമൊഴിയിൽ പരാമർശിച്ചിട്ടുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിൽ ചോദ്യംചെയ്യൽ ഉണ്ടാകുമോ എന്നും വരുംദിവസങ്ങളിൽ അറിയാം.
കസ്റ്റംസിന് ഒന്നരവർഷം മുമ്പാണ് സ്വപ്ന രഹസ്യമൊഴി നൽകിയത്. അതേ മൊഴികൾതന്നെയാണോ ഇ.ഡി. കേസിലും നൽകിയിരിക്കുന്നത് എന്നതിലായിരിക്കും പ്രാഥമിക പരിശോധന. സ്വപ്നയുടെ വെളിപ്പെടുത്തലുകളിൽ പലതിലും തെളിവില്ലെന്ന കാരണത്താൽ കസ്റ്റംസ് സംഘം അന്വേഷണം നടത്തിയിട്ടില്ല. എന്നാൽ, ഇ.ഡി.ക്ക് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കുറച്ചുകൂടി വിപുലമായ അധികാരപരിധിയുണ്ട്.
സുരക്ഷസംബന്ധിച്ച സ്വപ്നയുടെ ആവശ്യത്തിന്മേൽ രഹസ്യമൊഴി പരിശോധിച്ചശേഷമാവും ഇ.ഡി. തീരുമാനമെടുക്കുക. ഇ.ഡി. രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ സ്വപ്നയ്ക്ക് നിലവിൽ സുരക്ഷ നൽകാൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ, രഹസ്യമൊഴി പരിശോധിച്ചശേഷം സ്വപ്ന നിർണായകസാക്ഷിയോ മാപ്പുസാക്ഷിയോ ആയി മാറാൻ സാധ്യതയുണ്ടെങ്കിൽമാത്രമാണ് സുരക്ഷ നൽകണമെന്ന് ഇ.ഡി.ക്ക് കോടതിയോട് ആവശ്യപ്പെടാനാവുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..