തരൂരിനൊപ്പം പുരുഷാരമുണ്ട്, താങ്കള്‍ ചെറുപ്പക്കാർക്കൊപ്പം നിൽക്കണം- കെ. സുധാകരനോട് ടി. പത്മനാഭൻ


2 min read
Read later
Print
Share

ടി. പത്മനാഭൻ, കെ. സുധാകരൻ | ഫോട്ടോ: മാതൃഭൂമി

കണ്ണൂർ: ചെറുപ്പക്കാർക്കൊപ്പം നിൽക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനോട് കഥാകൃത്ത് ടി.പത്മനാഭന്റെ അഭ്യർഥന. ശശി തരൂരിനോടൊപ്പം നിൽക്കണമെന്ന് സൂചന നൽകിയായിരുന്നു ഈ അഭ്യർഥന. കെ.പി.സി.സി. ഗാന്ധിദർശൻ സമിതിയുടെ ഗാന്ധിദർശൻ പുരസ്കാരം ഡി.സി.സി. ഓഫീസിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കോൺഗ്രസ് ചുരുങ്ങിച്ചുരുങ്ങി വരുന്നതിനെക്കുറിച്ച് പറഞ്ഞാണ് അദ്ദേഹം തരൂർ വിഷയത്തിലെത്തിയത്. ‘എനിക്ക് കെ.പി.സി.സി. പ്രസിഡന്റ് സുധാകരനോട് ഒരപേക്ഷയുണ്ട്. ദയവുചെയ്ത് നിങ്ങൾ ചെറുപ്പക്കാരുടെ കൂടെ നിൽക്കണം. എന്നെപ്പോലെ ഔട്ട്ഡേറ്റഡായവരോടൊപ്പം നിൽക്കരുത്. തരൂരുമായി ബന്ധപ്പെട്ട തർക്കത്തിൽ മോശമായി നിങ്ങളൊന്നും പറഞ്ഞിട്ടില്ല. അതിൽ അനുമോദിക്കുന്നു. ചെറുപ്പക്കാരോടൊപ്പം പടനായകനായി നിൽക്കണം. നിന്നുകാണണം. നിങ്ങളിൽനിന്ന് ഞാൻ അത് പ്രതീക്ഷിക്കുന്നു. എനിക്ക് തരൂരിനെ പ്രശംസിച്ചിട്ട്‌ ഒന്നും ലഭിക്കാനില്ല. അദ്ദേഹം ഒരു വലിയ മനുഷ്യനാണ്. ഒരു പുരുഷാരം കൂടെയുണ്ട്. അവരൊന്നും വ്യാമോഹങ്ങളുമായി വരുന്നവരല്ല. ചെറുപ്പക്കാരാണ്. അധികാരത്തിനു പിറകെ നടക്കുന്നവർ മാറിനിൽക്കണം. ആകെ ഒരു മുഖ്യമന്ത്രിയേ ഉണ്ടാകൂ. അധികാരമോഹം പാരമ്യത്തിലെത്തിയതാണ് കോൺഗ്രസിന് എല്ലായിടത്തും വിനയായത്. ഇന്ത്യയുടെ രക്ഷയ്ക്കായി കോൺഗ്രസ് ദീർഘകാലമുണ്ടാകണം.’

ഖദറിട്ടതുകൊണ്ടുമാത്രം ഗാന്ധിയനാകില്ല. ലോകത്ത് ഒരു ഗാന്ധിയനേ ഉണ്ടായിട്ടുള്ളൂ. അത് മഹാത്മാഗാന്ധിയാണ്. അദ്ദേഹത്തെ വെടിവെച്ചുകൊന്നു. ഒരു ക്രിസ്ത്യാനിയേ ഉണ്ടായിട്ടുള്ളൂ. അത് ക്രിസ്തുവാണ്. അദ്ദേഹത്തെ കുരിശിൽ തറച്ചു -ടി.പത്മനാഭൻ പറഞ്ഞു. ലോകത്ത് എവിടെപ്പോകുമ്പോഴും ഖദർ മാത്രമാണ് ഞാൻ ധരിക്കാറ്. അതൊരു വാശിയാണ്, അഭിമാനമാണ്. ഗാന്ധിപ്രതിമകളും പി.കൃഷ്ണപിള്ളയുടെ പ്രതിമയും ആക്രമിക്കപ്പട്ടതിനെക്കുറിച്ച് പറയുന്നതിനിടെ പത്മനാഭൻ പറഞ്ഞു. എന്റെ ഒരു പ്രതിമയും കഴിഞ്ഞദിവസം സ്ഥാപിച്ചിട്ടുണ്ട്. ഇനി അടി അതിനും കിട്ടുമോ? പത്മനാഭൻ ചോദിച്ചു.

കെ.പി.സി.സി. ഗാന്ധിദർശൻ സമിതിയുടെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അവാർഡ് ജേതാവ് ടി.പത്മനാഭനും കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും തമാശ പങ്കിട്ട് പൊട്ടിച്ചിരിക്കുന്നു. മാർട്ടിൻ ജോർജ്‌, വി.സി.കബീർ എന്നിവർ സമീപം

കെ.സുധാകരൻ എം.പി. പുരസ്കാരം സമ്മാനിച്ചു. പ്രശസ്തനും പ്രഗല്‌ഭനും നിർഭയനുമായ എഴുത്തുകാരനാണ് ടി.പത്മനാഭനെന്നും അധികാരവർഗത്തിനുമുന്നിൽ ഒരിക്കലും തല കുനിച്ചില്ലെന്നും കെ.സുധാകരൻ പറഞ്ഞു. പിറന്നാൾ സമ്മാനമായി പുരസ്കാരം സമർപ്പിക്കുന്നതായും സുധാകരൻ അറിയിച്ചു.

ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് മംഗളപത്രം സമർപ്പിച്ചു. ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡന്റ് വി.സി.കബീർ അധ്യക്ഷത വഹിച്ചു. പരശുവയ്ക്കൽ രാധാകൃഷ്ണൻ, കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. ടി.ജയകൃഷ്ണൻ, കമ്പറ നാരായണൻ, കെ.രാമകൃഷ്ണൻ, സി.വി.ജലീൽ, ഹരിഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: t padmanabhan, k sudhakaran

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..