പരിശോധകർക്ക് ടിക്കറ്റ് ചാർട്ടിനു പകരം ടാബ്; നടപ്പാക്കുന്നത് 288 തീവണ്ടികളിൽ, ജനശതാബ്ദിയിലും മാറ്റം


288 തീവണ്ടികളിൽ നടപ്പാക്കും. കേരളത്തിൽ ജനശതാബ്ദിയിൽ

ഹാൻഡ് ഹെൽഡ് ടെർമിനൽ സംവിധാനമുള്ള ടാബുമായി ടിക്കറ്റ് പരിശോധകർ (ഫയൽചിത്രം)

കണ്ണൂർ: കൈയിൽ ടിക്കറ്റ് ചാർട്ടുമായി വരുന്ന പരിശോധകരെ തീവണ്ടിയിൽ ഇനി കാണില്ല. ടിക്കറ്റ് പരിശോധനയും ഒത്തുനോക്കുന്നതും ഇനി ടാബിൽ. ഇതിനായി റെയിൽവേ വികസിപ്പിച്ച ഹാൻഡ് ഹെൽഡ് ടെർമിനൽ (എച്ച്.എച്ച്.ടി.) സംവിധാനം 288 തീവണ്ടികളിൽക്കൂടി നടപ്പാക്കുന്നു. കേരളത്തിൽ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിയിലാണ് (12075/12076) ഈ സംവിധാനം വരിക.

അത്യാവശ്യസാഹചര്യത്തിൽ പരിശോധിക്കാൻ തീവണ്ടിയിലെ ട്രെയിൻ ക്യാപ്റ്റന് ഒരു സെറ്റ് ചാർട്ട് നൽകും. എൻഡ് ടു എൻഡ് വണ്ടികളിലാണ് (ഒരു ടി.ടി.ഇ. തന്നെ തുടക്കം മുതൽ അവസാനം വരെ ടിക്കറ്റ് പരിശോധിക്കുന്ന വണ്ടികൾ) ഇതുപയോഗിക്കുക. 2018-ൽ രാജധാനി, ഗരീബ്‌രഥ്, തുരന്തോ, ശതാബ്ദി ഉൾപ്പെടെയുള്ളവയിൽ ഈ സംവിധാനം ഉപയോഗിച്ചുതുടങ്ങി. പിന്നീട് ചില സൂപ്പർഫാസ്റ്റിലും. 4ജി സിം ആണ് ടാബിൽ ഉപയോഗിക്കുന്നത്.

ടിക്കറ്റ് റിസർവ് ചെയ്ത് സീറ്റുറപ്പാക്കാൻ കഴിയാത്ത യാത്രക്കാർ ഒഴിവുള്ള സീറ്റിന് ടി.ടി.ഇ.യുടെ പിറകെ നടക്കുന്നത് സാധാരണ കാഴ്ചയാണ്. എന്നാൽ ഓരോ ചാർട്ടിങ് സ്റ്റേഷനിൽനിന്നും ചാർട്ട് കൈയിൽ കിട്ടിയാൽ മാത്രമേ സീറ്റ് ഒഴിവുള്ള കാര്യം മനസ്സിലാക്കാൻ പറ്റൂ. ഹാൻഡ് ഹെൽഡ് ടെർമിനൽ വന്നാൽ തീവണ്ടിയിൽനിന്നുതന്നെ സീറ്റ്‌ലഭ്യത നോക്കാം. ഒഴിവുള്ളത് അനുവദിക്കാം.

ഉദാഹരണത്തിന് മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് 5.30-ന്‌ പുറപ്പെടുന്ന ഒരു വണ്ടിയുടെ മെയിൻ ചാർട്ട് വണ്ടി പുറപ്പെടുന്നതിന് മൂന്നുമണിക്കൂർമുൻപ്‌ തയ്യാറാകും. വണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപ്‌ കറന്റ് ബുക്കിങ് ചാർട്ട് പൂർത്തിയാകും. ഇവ ടി.ടി.ഇ.മാർക്ക് നൽകും. വണ്ടിയിൽ ഒഴിവുള്ള സീറ്റുകളുടെ (ബർത്ത്) വിവരം കിട്ടാൻ അടുത്ത ചാർട്ടിങ് സ്റ്റേഷനായ കണ്ണൂരിലെത്തണം. ഇതിനിടയിൽ സീറ്റൊഴിവുണ്ടോ എന്നറിയാൻ ടി.ടി.ഇ.മാർക്ക് നിർവാഹമില്ല. ഈ കുറവ് ഹാൻഡ് ഹെൽഡ് ടെർമിനൽ (എച്ച്.എച്ച്.ടി.) പരിഹരിക്കും.

Content Highlights: tablet instead of chart list used in train

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..