ഓപ്പൺ സ്ട്രീറ്റ് മാപ്പിൽ താജ്മഹലിന്റെ സ്ഥാനത്ത് ശിവ് മന്ദിർ എന്ന് എഡിറ്റ് ചെയ്ത് രേഖപ്പെടുത്തിയിരിക്കുന്നു
കൊച്ചി: ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹൽ ഓൺലൈൻ മാപ്പിൽ തിരഞ്ഞവർ ഞെട്ടി. താജിന്റെ സ്ഥാനത്ത് ‘ശിവക്ഷേത്രം’ (ശിവ് മന്ദിർ) എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. പൊതുജനങ്ങളും ഒട്ടേറെ കമ്പനികളും ഉപയോഗിക്കുന്ന ഓപ്പൺ സ്ട്രീറ്റ് മാപ്പിലാണ് ഈ എഡിറ്റിങ് നടന്നത്.
13 ദിവസത്തോളം പിശക് മാപ്പിൽ തുടർന്നു. ഒടുവിൽ ഇതുകണ്ടെത്തി തിരുത്തിയത് മലയാളികളാണ്. ഗൂഗിൾ മാപ്പിലും സമാനമായി താജ്മഹലിന്റെ സ്ഥാനത്ത് ‘തേജോ മഹാലയ’ എന്ന് എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ട്.
ഇത് ഗൂഗിൾ ഇതുവരെ തിരുത്തിയിട്ടില്ല. താജ്‌മഹൽ, തേജോമഹാലയ എന്ന ഹിന്ദുക്ഷേത്രമായിരുന്നു എന്ന രീതിയിലുള്ള വിവാദങ്ങൾ കഴിഞ്ഞവർഷമുണ്ടായിരുന്നു. ഇതു ശരിയല്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഓൺലൈൻ മാപ്പുകൾ വികൃതമാക്കി വിശ്വാസ്യത തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് സംശയം. പ്രശസ്തമായതിനാലാണ് താജ്മഹലിന്റെ കാര്യത്തിലെ എഡിറ്റിങ് വേഗം കണ്ടെത്തിയത്. ഓരോ പ്രദേശങ്ങളിലും വികൃതമാക്കൽ നടന്നിട്ടുണ്ടെങ്കിൽ കണ്ടെത്തി തിരുത്തുക ശ്രമകരമാകും.
കോഴിക്കോട് താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയായ ജയ്‌സൻ നെടുമ്പാലയാണ് ഓപ്പൺ സ്ട്രീറ്റ് മാപ്പിലെ തെറ്റ് കണ്ടെത്തിയത്. 11 വർഷമായി മാപ്പിന്റെ കോൺട്രിബ്യൂട്ടറാണ് ജയ്‌സൻ. മലയാളിയും ജിയോസ്പേഷ്യൽ എൻജിനിയറുമായ അർജുൻ ഗംഗാധരനാണ് ജയ്‌സനിൽനിന്ന് വിവരമറിഞ്ഞ് ‘താജ്മഹൽ’ വീണ്ടും യഥാസ്ഥാനത്ത് ‘പ്രതിഷ്ഠിച്ചത്.’
ഗവേഷണ, സർവേ ആവശ്യങ്ങൾക്കുൾപ്പെടെ സൗജന്യമായി ഉപയോഗിക്കുന്ന മാപ്പാണ് ഓപ്പൺ സ്ട്രീറ്റ് മാപ്പ് (ഒ.എസ്.എം.). ലോകത്തെ വിവിധ സർക്കാർ ഏജൻസികളും ദുരന്തങ്ങൾ കൈകാര്യംചെയ്യുന്നതിന് ഒട്ടേറെ കമ്പനികളും ഒ.എസ്.എം. ഉപയോഗിക്കുന്നുണ്ട്. യൂറോപ്പിൽ വ്യാപകമാണ്.
ഓപ്പൺ സ്ട്രീറ്റ് മാപ്പ്
2004-ൽ ബ്രിട്ടീഷുകാരനായ സ്റ്റീവ് കോസ്റ്റ് തുടങ്ങിയതാണ് ഓപ്പൺ സ്ട്രീറ്റ് മാപ്പ്. പൊതുജനങ്ങൾക്ക് മാപ്പിന്റെ ഡാറ്റ സൗജന്യമായി എടുക്കാൻ സ്വാതന്ത്ര്യമുള്ള പ്ലാറ്റ് ഫോം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. അതിവേഗമായിരുന്നു പ്രചാരം ലഭിച്ചത്. ഓപ്പൺ സ്ട്രീറ്റ് മാപ്പ് ഫൗണ്ടേഷനാണ് ഈ ഓൺലൈൻ മാപ്പിനെ നിയന്ത്രിക്കുന്നതും ലോകമെമ്പാടും വാർഷികയോഗങ്ങൾ നടത്തുന്നതും. ഓപ്പൺ സ്ട്രീറ്റ് മാപ്പിൽ അംഗത്വമുള്ള ആർക്കുവേണമെങ്കിലും എഡിറ്റിങ് നടത്താനും വിവരങ്ങൾ കൂട്ടിച്ചേർക്കാനുമാകും. തെറ്റാണെങ്കിൽ തിരുത്തുകയും ചെയ്യാം.
യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഒ.എസ്.എം. ഗ്രൂപ്പുകളുണ്ട്. ഒ.എസ്.എം. ഇന്ത്യ, കേരള ഗ്രൂപ്പുകളുണ്ട്. കേരളത്തിൽ ഒ.എസ്.എമ്മിൽ അംഗത്വമുള്ള നാല്പതോളംപേരുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..