മലയാളിവിദ്യാർഥികൾക്ക് ഇടുക്കിയിൽ തമിഴ് അധ്യാപകൻ


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം: മാതൃഭൂമി ആർക്കൈവ്‌സ്| എൻ.എൻ. സജീവൻ

തൃശ്ശൂർ: ഇടുക്കിയിൽ മലയാളം മീഡിയം സ്കൂളുകളിലെ പ്രധാനാധ്യാപകന് തമിഴാവണം മാതൃഭാഷ. എന്നാൽ, കാസർകോട് ജില്ലയിലെ മലയാളം സ്കൂളിലെ പ്രധാനാധ്യാപകന് മലയാളമാണ് മാതൃഭാഷയായി വേണ്ടത്. ജില്ലയിലെ കന്നട സ്കൂളുകളിൽ കന്നടയും. രണ്ട് അതിർത്തിജില്ലകളിലെ സ്കൂളുകളിൽ പ്രൈമറി അധ്യാപക സ്ഥാനക്കയറ്റത്തിന് രണ്ടാണ് രീതി. പ്രധാനാധ്യാപകൻ പഠിപ്പിക്കുകകൂടി ചെയ്യേണ്ടിവരുന്നതുകൊണ്ട് ഇടുക്കിയിൽ ഇത് അധ്യയനത്തെയും ബാധിക്കുന്നു. മലയാളം മീഡിയം സ്കൂളുകളിൽ മലയാളം മാതൃഭാഷയായവരെ പ്രധാനാധ്യാപകനായി നിയമിക്കണം എന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവും ലംഘിക്കപ്പെടുന്നു.

ഇടുക്കിയിലെ 14 മലയാളം മീഡിയം സ്കൂളുകളിൽ തമിഴ് അധ്യാപകരാണുള്ളത്. വരാൻപോകുന്ന സ്ഥാനക്കയറ്റപ്പട്ടികപ്രകാരം 11 മലയാളം സ്കൂളുകളിൽകൂടി തമിഴ് പ്രധാനാധ്യാപകർ വരും. അങ്ങനെ അടുത്ത അധ്യയനവർഷം 25 സ്കൂളുകളിൽ മലയാളം എഴുതാനും വായിക്കാനും അറിയാത്ത അധ്യാപകർ പഠിപ്പിക്കും.

തമിഴ് മീഡിയത്തിലും മലയാളം മീഡിയത്തിലും പഠിപ്പിക്കുന്ന അധ്യാപകരെ പി.എസ്.സി. തിരഞ്ഞെടുത്തിരിക്കുന്നത് രണ്ടു പരീക്ഷകളിലൂടെയാണ്. എന്നാൽ, ഇരുകൂട്ടരും സർവീസിൽ വരുമ്പോൾ ഒന്നായി പരിഗണിക്കുകയാണ് ഇടുക്കിയിൽ ചെയ്തുവരുന്നത്. ഇവർക്ക് ഒരേ സീനിയോറിറ്റി പട്ടികയാണ് തയ്യാറാക്കുന്നത്. അതിൽനിന്ന് മീഡിയം നോക്കാതെ പ്രധാനാധ്യാപകരെ നിയമിക്കുന്നതാണ് പ്രശ്നമാവുന്നത്.

വെള്ളത്തൂവലിലെ മലയാളം മീഡിയം സ്കൂളിൽ തമിഴ് അധ്യാപകനെ പ്രധാനാധ്യാപകനായി നിയമിച്ചത് ചോദ്യംചെയ്ത് പി.ടി.എ. പ്രസിഡന്റ് ബാലാവകാശ കമ്മിഷനെ സമീപിച്ചതിനെത്തുടർന്നാണ് കമ്മിഷൻ കഴിഞ്ഞ നവംബറിൽ ഉത്തരവ് പുറപ്പെടുവിച്ചത്. മലയാളം, തമിഴ്, കന്നട മീഡിയം സ്കൂളുകളിൽ ബോധനമാധ്യമത്തിൽ പ്രാവീണ്യമില്ലാത്ത അധ്യാപകർ പ്രധാനാധ്യാപകരായി നിയമിക്കപ്പെടുന്നത് കുട്ടികളുടെ പഠനത്തെയും സ്കൂളിന്റെ നിലവാരത്തെയും സാരമായി ബാധിക്കുമെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തൽ. കേരളത്തിലെ ഒരു ജില്ലയിലും ഇത്തരത്തിലുള്ള നിയമനം നടത്തരുതെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാൽ, അത് പരിഗണിക്കപ്പെട്ടില്ല.

അതേസമയം, ഇടുക്കി ജില്ലയിലെ ഹൈസ്കൂൾ തലത്തിൽ മലയാളം, തമിഴ് മീഡിയം സ്കൂളുകളിൽ പ്രത്യേക സീനിയോറിറ്റി പട്ടികയും പ്രത്യേക നിയമനവുമാണുള്ളത്. അത് ഡി.പി.ഐ.യിൽ നിന്നാണ് നടക്കുന്നത്. കാസർകോട് ജില്ലയിൽ വർഷങ്ങളായി മീഡിയം നോക്കിത്തന്നെയാണ് പ്രധാനാധ്യാപകരെ നിയമിക്കുന്നത്.

Content Highlights: tamil teacher for malayalam students

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..