ശ്രീലേഖയുടെ ആരോപണങ്ങളെല്ലാം പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചവ; വീഡിയോ പരിശോധിക്കുന്നു


2 min read
Read later
Print
Share

R Sreelekha greets her colleagues at Fire Force headquarters

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷണത്തെക്കുറിച്ച് വിവാദ വെളിപ്പെടുത്തൽ നടത്തിയ മുൻ ഡി.ജി.പി. ആർ. ശ്രീലേഖയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. കേസിൽ തുടരന്വേഷണം നടന്നുകൊണ്ടിരിക്കെ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവത്തോടെയാണ് അന്വേഷണസംഘം കാണുന്നത്. യൂട്യൂബ് ചാനലിൽവന്ന വീഡിയോ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തദിവസംതന്നെ ശ്രീലേഖയുടെ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ക്രൈംബ്രാഞ്ച് സംഘം പറയുന്നു. നടിയെ ആക്രമിച്ച കേസിൽ, ഒന്നാം പ്രതി പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന തെളിവുകൾ അന്വേഷണസംഘം കോടതിക്ക് നൽകിയിരുന്നു

കഴിഞ്ഞദിവസമാണ് ആർ. ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസിൽ ചില ആരോപണങ്ങൾ ഉന്നയിച്ചത്. ദിലീപിനെതിരേ തെളിവില്ലെന്നും പോലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നുമായിരുന്നു പ്രധാന ആരോപണം. നടിയെ ആക്രമിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ‘സസ്നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തൽ നടത്തിയത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരേ തെളിവുകിട്ടാത്തതിനാൽ പുതിയ കേസ് കെട്ടിച്ചമച്ചതാണെന്നും ഇവർ ആരോപിച്ചിരുന്നു. ജയിലിൽനിന്ന് ദിലീപിന് കത്തയച്ചത് പൾസർ സുനിയല്ല, സഹതടവുകാരനാണ് എന്നും പൾസർ സുനി അമ്മയ്ക്ക് എഴുതിയ കത്തും പുറത്തുവന്ന കത്തും രണ്ടാണെന്നും ദിലീപും പൾസർ സുനിയും ഒന്നിച്ചുള്ള ചിത്രം വ്യാജമായി സൃഷ്ടിച്ചതാണന്നും ശ്രീലേഖ ആരോപിച്ചിരുന്നു.

ആരോപണങ്ങൾ കോടതിയിൽ തെളിഞ്ഞത്

വെളിപ്പെടുത്തലിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാംതന്നെ കോടതിയിൽ തെളിവുകൾ നിരത്തി തെളിയിച്ചതാണെന്ന നിലപാടിലാണ് പ്രോസിക്യൂഷനും ക്രൈംബ്രാഞ്ചും.

* പൾസർ സുനി ജയിലിൽവെച്ച് കത്തെഴുതിയിട്ടില്ലെന്നതായിരുന്നു ഒരു ആരോപണം.

പൾസർ സുനി ജയിലിൽവെച്ച് കത്തെഴുതിയെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. 2017 ഏപ്രിൽ 12-ന് രാവിലെ 11-ന് കാക്കനാട് സബ് ജയിലിൽവെച്ച് സുനി പറഞ്ഞപ്രകാരം സഹതടവുകാരൻ വിപിൻലാൽ കത്തെഴുതുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് കിട്ടിയിരുന്നു. ഈ കത്ത് അന്നു രാവിലെ 11-ന് വിപിൻലാൽ കോടതിയിൽ പോകുംവഴി സുഹൃത്ത് വിഷ്ണുവിനെ ഏൽപ്പിക്കുകയും ദിലീപിന് നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. കത്ത് ദിലീപ് ഏറ്റുവാങ്ങാത്ത സാഹചര്യത്തിൽ വാട്‌സാപ്പ് വഴി അയക്കുകയുമായിരുന്നു. തുടർന്ന് ഈ കത്ത് വിഷ്ണുവിന്റെ പക്കൽനിന്ന് കണ്ടെത്തി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

* കാക്കനാട് ജയിലിലേക്ക്‌ പൾസർ സുനിക്കുവേണ്ടി ചെരിപ്പിനകത്ത് മൊബൈൽ ഒളിപ്പിച്ചു കടത്തിയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ജയിലിനകത്തേക്ക്‌ ഇത്തരത്തിൽ മൊബൈൽ കൊണ്ടുപോയിട്ടില്ലെന്നാണ് ആർ. ശ്രീലേഖ ആരോപിച്ചത്. സുനിയുടെ സഹതടവുകാരൻ വിപിൻലാലിനെ കാണാൻ ജയിലിലെത്തിയ മഹേഷ് ചെരിപ്പിനകത്ത് തുന്നിയനിലയിൽ ഫോൺ കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഫോൺ സുനിയെ ഏൽപ്പിച്ചു. ഇക്കാര്യം മഹേഷ് വിചാരണക്കോതിയിൽ സമ്മതിച്ചിട്ടുണ്ട്. സുനി ഈ ചെരിപ്പ് ഉപയോഗിച്ചതിന്റെയും ഇതിനുള്ളിൽനിന്ന് പുറത്തെടുത്ത ഫോൺ ഉപയാഗിക്കുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇത് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

* ദിലീപിനൊപ്പം പൾസർ സുനി നിൽക്കുന്ന ഫോട്ടോ വ്യാജമാണെന്ന ആരോപണം തെറ്റാണ്. ഫോട്ടോയും പകർത്തിയ ഫോണും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 2016 നവംബർ 13-ന് വൈകിട്ട് 5.30-ന് തൃശ്ശൂരിൽ ‘ജോർജേട്ടൻസ് പൂരം’ എന്ന ദിലീപ് സിനിമയുടെ ലൊക്കേഷനിൽവെച്ചാണ് ചിത്രമെടുത്തത്. തൃശ്ശൂർ പുല്ലഴി സ്വദേശിയാണ് മൊബൈൽ ഫോണിൽ ദിലീപിനൊപ്പമുള്ള സെൽഫിയെടുത്തത്. ഫോട്ടോയെടുത്തയാൾ ഇക്കാര്യം കോടതിയിൽ സമ്മതിച്ചിട്ടുണ്ട്.

Content Highlights: the allegations of R Sreelekha were proved by the prosecution in the court

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..