‘കേരളമോഡൽ’ ഇനി സി.പി.എമ്മിന്റെ ദേശീയനയം


പി.കെ.മണികണ്ഠന്‍

രാഷ്ട്രീയപ്രമേയത്തിൽ ഉൾപ്പെടുത്തി

പിണറായി വിജയനും യെച്ചൂരിയും. ഫയൽ ചിത്രം. ഫോട്ടോ: എസ്. ശ്രീകേഷ്

കണ്ണൂർ: വികസനബദലായി ‘കേരളമോഡൽ’ ദേശീയതലത്തിൽ ഉയർത്തിക്കാട്ടാൻ സി.പി.എം. പാർട്ടികോൺഗ്രസ് തീരുമാനിച്ചു. കരടുരാഷ്ട്രീയപ്രമേയത്തിൽ ഇതിനായി പ്രത്യേക ഭേദഗതി കൂട്ടിച്ചേർത്തു.

നവ ഉദാരീകരണനയങ്ങൾക്കുള്ള ജനപക്ഷബദലായി കേരളമോഡൽ രാജ്യത്തുടനീളം ഉയർത്തിക്കാട്ടാനും പ്രചരിപ്പിക്കാനുമാണ് ഈ കൂട്ടിച്ചേർക്കൽ. ‘ഇന്നത്തെ സാഹചര്യത്തിൽ സാധാരണക്കാർക്കുവേണ്ടിയുള്ള ജനകീയബദലാണ് കേരളവികസനമാതൃക’ എന്നാണ് പ്രമേയത്തിലെ കൂട്ടിച്ചേർക്കൽ.കേരളസർക്കാരിന്റേത് ബദൽ വികസനമാതൃകയാണെന്ന് കരടുപ്രമേയത്തിൽത്തന്നെ പരാമർശമുണ്ടായിരുന്നു. എന്നാൽ, ഇതു ദേശീയബദലായി ഉയർത്തിക്കാട്ടിയിരുന്നില്ല. പ്രമേയത്തിന്മേലുള്ള ചർച്ചയിൽ കേരളത്തിൽനിന്നുള്ള പ്രതിനിധികളാണ് കേരളമോഡലിനുള്ള ആവശ്യമുന്നയിച്ചത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരും പിന്തുണച്ചു. ഇതോടെയാണ്, രാഷ്ട്രീയപ്രമേയത്തിൽത്തന്നെ പ്രത്യേകമായി ഉൾപ്പെടുത്തി ഭേദഗതി അംഗീകരിച്ചത്.

ഗുജറാത്ത് മോഡലും ഡൽഹിയിൽ കെജ്‌രിവാൾ സർക്കാരിന്റെ വികസനമാതൃകയുമൊക്കെ ഇതിനകം രാജ്യത്ത് പ്രചാരം നേടിക്കഴിഞ്ഞു. ഇതിനു തടയിട്ട്, കേരളമോഡൽ പ്രചാരണവിഷയമായി സി.പി.എം. ഉയർത്തിക്കാട്ടും.

ഗുജറാത്ത്, ഡൽഹി മോഡലുകൾ നവ ഉദാരീകരണനയം അടിസ്ഥാനമാക്കിയുള്ള വികസനമാതൃകയാണെന്നാണ് വിലയിരുത്തൽ. അതിനാലാണ് ജനപക്ഷബദലായി കേരളത്തിലെ ഇടതുസർക്കാരിന്റെ പ്രവർത്തനമാതൃക ഉയർത്തിക്കാട്ടുന്നത്. ഇടതുപക്ഷം ദേശീയതലത്തിൽ നടത്തുന്ന പ്രചാരണങ്ങളിൽ ഈ കേരളമോഡൽ ഇടംപിടിക്കും.

കേരളത്തിൽ ഇടതുസർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ കരടുപ്രമേയത്തിൽ പത്തിലേറെത്തവണ പരാമർശിച്ചിട്ടുണ്ട്. ഇടതുസർക്കാരിന്റെ പ്രവർത്തനം ജനജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തി. കഴിഞ്ഞ ഇടതുമുന്നണി സർക്കാർ സാമൂഹികസുരക്ഷാപദ്ധതികൾ ശരിയായരീതിയിൽ നടപ്പാക്കി. ഫെഡറൽ സംവിധാനത്തിന്റെ പരിമിതികൾക്കുള്ളിൽനിന്ന് ഒരു സംസ്ഥാനസർക്കാരിന് എന്തൊക്കെ ചെയ്യാനാവുമെന്ന് ഇടതുസർക്കാർ തെളിയിച്ചു.

ജനകേന്ദ്രീകൃതമായ ബദൽനയങ്ങളാണ് സർക്കാർ നടപ്പാക്കിയത്. സാമുദായികമൈത്രിയുടെ അടിത്തറയിൽ എല്ലാജനവിഭാഗങ്ങൾക്കും സംരക്ഷണം നൽകി. ഇതാണ് ദേശീയബദലാക്കി ഉയർത്തിക്കാട്ടാനുള്ള പാർട്ടികോൺഗ്രസ് തീരുമാനം.

Content Highlights: The 'Kerala model' is now the national policy of the CPM

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..