കുങ്കിയാനകളെത്താൻ വൈകും; അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം 26-ലേക്ക് മാറ്റി


1 min read
Read later
Print
Share

അരിക്കൊമ്പൻ | Photo: Mathrubhumi Library

ചിന്നക്കനാൽ(ഇടുക്കി): ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിൽ നാശംവരുത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം 26-ലേക്ക് മാറ്റി. മോക്ക് ഡ്രിൽ 25-ന് നടത്തും. കുങ്കിയാനകളെ എത്തിക്കാനുള്ള കാലതാമസമാണ് കാരണമെന്ന് മൂന്നാർ എ.സി.എഫ്. സാൻട്രി ടോം പറഞ്ഞു.

കഴിഞ്ഞ ദിവസം മൂന്നാറിൽ നടന്ന ഉന്നതതല യോഗത്തിൽ 25-ന് ദൗത്യം നടത്താനാണ് തീരുമാനിച്ചിരുന്നത്. സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളെക്കൂടി കൊണ്ടുവരാനുണ്ട്. ഇവയെ എത്തിക്കാനുള്ള ലോറികളിലൊന്ന് കഴിഞ്ഞയാഴ്ചയുണ്ടായ ഒരു അപകടത്തെത്തുടർന്ന് പോലീസ് കസ്റ്റഡിയിലാണ്. അപകടത്തിൽ ഒരാൾ മരിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ചയെ ലോറി വിട്ടുകിട്ടൂ. ഡ്രൈവർക്ക് ജാമ്യവും കിട്ടണം. ലോറിയുടെ അറ്റകുറ്റപ്പണികൾ തീർത്ത് മോട്ടോർ വാഹന വകുപ്പിന്റെ ഫിറ്റ്നെസും ലഭിക്കണം. ഇതിനുശേഷമേ ഈ ലോറിയിൽ കുങ്കിയാനയെ ചിന്നക്കനാലിലേക്ക് എത്തിക്കാനാകൂ. ലോറി വിട്ടുകിട്ടാൻ താമസിച്ചാൽ ദൗത്യം വീണ്ടും നീട്ടിവെച്ചേക്കും.

മുത്തങ്ങയിലെ ആനപ്പന്തിയിൽനിന്നു ആനകളെ വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകാൻ രണ്ട് ലോറികളാണ് ഉപയോഗിക്കുന്നത്. ഇതിലൊന്നാണ് അപകടത്തിൽപ്പെട്ടത്. ശേഷിച്ച ഒരു ലോറിയിലാണ് വിക്രം, സൂര്യ എന്നീ കുങ്കിയാനകളെ ചിന്നക്കനാലിൽ എത്തിച്ചത്.

24-ന് ദൗത്യസംഘത്തിലെ മറ്റുള്ളവരും ചിന്നക്കനാലിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുങ്കിയാനകൾക്ക് ഒരുദിവസം വിശ്രമം ആവശ്യമാണ്. അതിനാൽ മോക്ക് ഡ്രിൽ 25 -നെ നടക്കൂ. ഇതും ദൗത്യം നീട്ടാൻ കാരണമായി.

26-ന് അരിക്കൊമ്പനെ പിടികൂടാനായില്ലെങ്കിൽ 27-നും ദൗത്യം തുടരും. ഈ ദിവസങ്ങളിൽ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കും. 27-ന് എസ്.എസ്.എൽ.സി. വിദ്യാർഥികൾക്കും എൽ.പി.-യു.പി. വിഭാഗങ്ങളിലെ കുട്ടികൾക്കും പരീക്ഷയുണ്ട്. ചിന്നക്കനാൽ മേഖലയിലെ പഞ്ചായത്തുകളിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി പ്രത്യേക ക്രമീകരണം ഒരുക്കുന്നതും പരിഗണനയിലുണ്ട്.

Content Highlights: the mission to capture arikomban was moved to the 26th

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..