നിയമസഭ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചതോടെ റദ്ദായ ലോകായുക്ത നിയമഭേദഗതി അടക്കമുള്ള ഓർഡിനൻസുകൾക്കുപകരം നിയമം നിർമിക്കാൻ പ്രത്യേക നിയമസഭാസമ്മേളനം ചേരും. ഈ മാസം 22 മുതൽ സെപ്റ്റംബർ രണ്ടുവരെ സഭ സമ്മേളിക്കുന്നതിനുള്ള മന്ത്രിസഭാശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. സഭ ചേരാൻ അദ്ദേഹം അനുമതിയും നൽകി. ഒക്ടോബറിൽ ചേരാനിരുന്ന സമ്മേളനമാണ് നേരത്തേയാക്കിയത്.
ഗവർണർ അസാധാരണസാഹചര്യം സൃഷ്ടിച്ചുവെന്നും ഓർഡിൻസുകൾ പുതുക്കിയിറക്കുന്നതിന് ഗവർണർ വിസമ്മതിച്ചതിനാലാണ് അടിയന്തര നിയമസഭാസമ്മേളനം ചേരേണ്ടിവരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ വിശദീകരിച്ചു.
അഴിമതി നിരോധനസംവിധാനമായ ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തി സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. രണ്ടുതവണ പുതുക്കിയിറക്കിയ ഇതടക്കം പതിനൊന്ന് ഓർഡിനൻസുകളാണ് ഗവർണർ ഒപ്പിടാതിരുന്നതോടെ റദ്ദായത്.
ദുരിതാശ്വാസനിധിയിലെ പണം ദുരുപയോഗം ചെയ്തുവെന്ന മുഖ്യമന്ത്രിക്കെതിരായ പരാതിയും തുടർനടപടികളും ഇപ്പോൾ ലോകായുക്തയുടെ പരിഗണനയിലുണ്ട്. ഓർഡിനൻസ് റദ്ദാവുന്നതോടെ ഇക്കാര്യത്തിൽ ലോകായുക്തവിധി നിർണായകമാവും.
പരിഗണിക്കുക എട്ട് ഭേദഗതിബില്ലുകൾ
റദ്ദായ ഓർഡിനൻസുകൾക്കു പകരമുള്ള എട്ട് ഭേദഗതിബില്ലുകളും മൂന്ന് പുതിയ ബില്ലുകളുമാണ് നിയമസഭയുടെ പരിഗണനയ്ക്കുവരിക. നിയമസഭാ കാര്യോപദേശകസമിതിയുടെ തീരുമാനത്തിനനുസരിച്ചു മാറ്റംവന്നേക്കാം. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ്, കേരള മാരിടൈംബോർഡ് ഭേദഗതി, തദ്ദേശസ്വയംഭരണ പൊതുസർവീസ് ഭേദഗതി, പി.എസ്.സി. കമ്മിഷൻ ഭേദഗതി. കേരള സ്വകാര്യവനം നിക്ഷിപ്തമാക്കലും പതിച്ചുനൽകലും ഭേദഗഗതി, വ്യവസായവികസനവും വ്യവസായ ഏകജാലകബോർഡും, കേരള പൊതുമേഖലാ നിയമനബോർഡ്, കേരള ജ്വല്ലറി വർക്കേഴ്സ് ക്ഷേമനിധിബോർഡ്, ലൈവ് സ്റ്റോക്ക് ആൻഡ് പൗൾട്രീ ഫീഡ് നിയമഭേദഗതി, കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി എന്നിവയും നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള പൊതുജനാരോഗ്യബില്ലും സഭയിലെത്തിയേക്കും.
Content Highlights: The repealed ordinances shall become law
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..