ട്രെയിനില്‍നിന്ന് വീണെന്ന് അര്‍ധരാത്രി കോള്‍; തിരച്ചിലില്‍ യുവതിയുടെ ഞരക്കം, ഒടുവില്‍ അദ്ഭുത രക്ഷ


എന്‍.പി. ഹരിദാസ് കളമശ്ശേരി

2 min read
Read later
Print
Share

സോണിയ തീവണ്ടിയിൽനിന്ന് വീണുകിടക്കുന്ന നിലയിൽ, കെ.എ. നജീബ്, ടി.എ. നസീബ്, ആർ. ശ്രീജേഷ്, ഷാബിൻ ഇബ്രാഹിം

കളമശ്ശേരി: ജന്മദിനമായ ഏപ്രിൽ ഏഴ് ദുഃഖവെള്ളിയാണെങ്കിലും സോണിയയ്ക്ക് അത് പുനരുത്ഥാനത്തിന്റെ ദിനമായി. അർധരാത്രി സൗത്ത് കളമശ്ശേരിയിൽ തീവണ്ടിയിൽനിന്നു വീണ യുവതിയെ പുതുജീവിതത്തിലേക്ക് കൈപിടിച്ചതാകട്ടെ കളമശ്ശേരി പോലീസും. വെള്ളിയാഴ്ച പുലർച്ചെ 2.20-ന് കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് എത്തിയ ഫോൺവിളിയാണ് സോണിയയുടെ പുതുജീവിതത്തിലേക്ക് വഴി തെളിച്ചത്.

നെട്ടൂർ ഐ.എൻ.ടി.യു.സി. കവലക്ക് സമീപം വൈലോപ്പിള്ളി വീട്ടിൽ മുരളിയുടെ മകൾ സോണിയ (32) യാണ് തീവണ്ടിയിൽനിന്നും വീണത്. പുണെയിൽ ജോലി ചെയ്യുന്ന സോണിയ വീട്ടിലേക്ക് വരികയായിരുന്നു.

മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിൽ നിന്ന് ഒരാൾ സൗത്ത് കളമശ്ശരി ഭാഗത്ത് വീണിട്ടുണ്ടെന്ന് അറിയിച്ചായിരുന്നു പോലീസ് സ്റ്റേഷനിൽ വിളി എത്തിയത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. കെ.എ. നജീബാണ് ഫോൺ എടുത്തത്. സഹപ്രവർത്തകരായ പോലീസ് ഓഫീസർമാർ ആർ. ശ്രീജിഷ്, ഷാബിൻ ഇബ്രാഹിം, ടി.എ. നസീബ് എന്നിവർ പട്രോളിങ്ങിനിടെ കാർബോറാണ്ടം കമ്പനിക്കു സമീപം നോമ്പ് നോൽക്കുന്നതിന് അത്താഴം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

വിവരം അറിഞ്ഞതോടെ പാതിരാത്രി തന്നെ എസ്.ഐ.യുടെ നേതൃത്വത്തിൽ സൗത്ത് കളമശ്ശേരി ഭാഗത്തുനിന്ന് വട്ടേക്കുന്നം വരെ നാലു കിലോമീറ്ററോളം ദൂരം ട്രാക്കിന്റെ ഇരുവശങ്ങളിലും രണ്ടുപേരായി തിരിഞ്ഞ് സൂക്ഷ്മമായി തിരച്ചിൽ നടത്തി. കൃത്യമായ സ്ഥലം അറിയാത്തതിനാൽ ആദ്യ റൗണ്ടിൽ ആളെ കണ്ടെത്തിയില്ല. പിന്നീട് മൊബൈൽ ഫോൺ ടോർച്ച് തെളിച്ച് റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടുകളിലേക്കു കൂടി തിരച്ചിൽ വ്യാപിപ്പിച്ചു. കളമശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാഗത്ത് നജാത്ത് നഗറിന്റെ പിന്നിലെ കുറ്റിക്കാട്ടിൽ നിന്ന് ഒരു ഞരക്കം കേട്ടു. അവിടെ വിശദമായി തിരഞ്ഞപ്പോളാണ് പരിക്കേറ്റ് കിടക്കുന്ന സോണിയയെ കണ്ടത്. കൈയിൽ പിടിച്ച് പൊക്കാൻ ശ്രമിച്ചപ്പോൾ യുവതി വേദനകൊണ്ട് പുളഞ്ഞു. അവർക്ക് എഴുന്നേൽക്കാനായില്ല.

റെയിൽവേ ട്രാക്കിൽ നിന്ന് കുത്തനെയുള്ള താഴ്ചയിലാണ് യുവതി കിടന്നത്. ഉടൻ പോലീസ്, ആംബുലൻസിന്റെയും അഗ്നിരക്ഷാ സേനയുടെയും സഹായം തേടി. ആദ്യമെത്തിയ ആംബുലൻസിലെ സ്ട്രെച്ചറിൽ കിടത്തി പോലീസുകാർ 500 മീറ്ററോളം ചുമന്നാണ് ആംബുലൻസിലേക്ക് എത്തിച്ചത്. ഉടൻ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചു.

ആശുപത്രിയിൽ എത്തി പ്രഥമ ശുശ്രൂഷകൾ ചെയ്തതോടെയാണ് യുവതി അപകടനില തരണം ചെയ്ത് സംസാരിക്കാറായത്. കൈയിലുണ്ടായിരുന്ന ബാഗ് വീണു പോയെന്നറിയിച്ചതോടെ പോലീസ് വീണ്ടും സ്ഥലത്തെത്തി പരിശോധിച്ച് ബാഗ് കണ്ടെടുത്തു. അതിലെ മൊബൈൽ ഫോണിൽ നിന്നാണ് യുവതിയുടെ അമ്മയെ വിളിച്ച് വിവരം അറിയിച്ചത്. തീവണ്ടിയിലുണ്ടായിരുന്ന ബാഗ് കായംകുളം റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സോണിയയുടെ തോളെല്ലിന് പൊട്ടലുണ്ട്. നട്ടെല്ലിനും പരിക്കുണ്ട്. ഏതാനും മണിക്കൂർ നേരം അങ്ങനെ കിടന്നുപോയാൽ ബോധമറ്റ് വലിയ ദുരന്തങ്ങളിലേക്കു പോയേക്കാമായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സോണിയയ്ക്ക് ഫിറ്റ്സ് വന്ന് വീണതാകാമെന്ന് അമ്മ കാർമിലി പറഞ്ഞു.

Content Highlights: the woman who fell from the train was rescued by police

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..