കള്ളൻ പോലീസാകുന്ന മാനസാന്തരം; കോടതി നല്ലനടപ്പിന് വിധിച്ചവർ പിന്നീട് നയിക്കുന്നത് മാതൃകാജീവിതം


സജീവന്‍ പൊയ്ത്തുംകടവ്‌

കണ്ണൂർ: ഗത്യന്തരമില്ലാതെയായിരുന്നു കോഴിക്കോട്ടുകാരനായ യുവാവ് മോഷണത്തിനിറങ്ങിയത്. കന്നി മോഷണത്തിന് തിരഞ്ഞെടുത്തത് അയൽപക്കത്തെ വീടും. എന്നാൽ, പരിചയസമ്പന്നനല്ലാത്തതിനാൽ ആദ്യ ശ്രമത്തിൽത്തന്നെ പിടിക്കപ്പെട്ടു. പോലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി. യുവാവിന്റെ കുടുംബപശ്ചാത്തലവും മോഷണംനടത്തിയ സാഹചര്യവും മനസ്സിലാക്കിയ കോടതി അയാളെ നല്ലനടപ്പിനുവിട്ടു. കോടതിയുടെ ആ തീരുമാനം അയാളുടെ ജീവിതം മാറ്റിമറിച്ചു. പിന്നെ പഠനത്തിലായിരുന്നു ശ്രദ്ധ. പി.എസ്.സി. എഴുതി ആയത് പോലീസ്.

ഒരു ഉത്തരവുമതി... ഒരാളുടെ ജീവിതം മാറ്റിമറിക്കാൻ..

2022-ൽ സംസ്ഥാനത്ത് കോടതി നല്ലനടപ്പിനയച്ച 582 പേരും തുടർന്ന് മറ്റൊരു കേസിലും ഉൾപ്പെട്ടില്ല. കോടതി നിർദേശങ്ങൾ കൃത്യമായി പാലിച്ച് മുഴുവനാളുകളും സമൂഹത്തിൽ മാന്യമായ ജീവിതംനയിക്കുന്നു. ഇതുപോലെ മാനസാന്തരപ്പെട്ട ഒട്ടേറെപ്പേരുടെ കഥകൾ പ്രൊബേഷൻ വകുപ്പിന്റെ ഫയലിലുണ്ട്.

ഒരു ദുർബലനിമിഷത്തിൽ ചെയ്തുപോയ അപരാധത്തിൽ ജീവിതം മാറിമറിഞ്ഞു പോയവരാണിവർ. എന്നാൽ, നല്ലനടപ്പെന്ന മാനസിക പരിവർത്തനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുനടക്കുകയാണ്.

നല്ലനടപ്പിലൂടെ സിനിമാതാരമായ കണ്ണൂരുകാരന്റെ കഥയും ഫയലിലുണ്ട്. സാഹചര്യങ്ങളുടെ സമ്മർദത്തിൻ കുറ്റവാളിയായ ഇദ്ദേഹത്തെ നല്ലനടപ്പിന് ശിക്ഷിച്ചു. കാലാവധി പൂർത്തിയാക്കിയ യുവാവിനെ നാട്ടുകാർ പിന്നീട് കണ്ടത് സിനിമാനടനായിട്ടാണ്.

ബൈക്ക് മോഷണക്കേസിൽ പിടിച്ച മറ്റൊരാൾ നല്ലനടപ്പിനുള്ള കാലാവധി പൂർത്തിയാക്കി വിമാനംകയറിയത് ഗൾഫിലേക്ക്. ഇന്നയാൾ ഖത്തർ രാജാവിന്റെ കൊട്ടാരത്തിലെ ചിത്രകാരനാണ്. ഇങ്ങനെ മാനസാന്തരമുണ്ടായവരുടെ എണ്ണം നീളുന്നുണ്ട്.

നല്ലനടപ്പ് ആർക്കൊക്കെ

ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കിൽക്കൂടി കേസിന്റെ സാഹചര്യം, കുറ്റവാളിയുടെ സ്വഭാവം, കുടുംബപശ്ചാത്തലം, പൂർവചരിത്രം, സമൂഹവുമായുള്ള ഇടപെടലുകൾ എന്നിവ കണക്കിലെടുത്ത് വ്യവസ്ഥകൾക്ക് വിധേയമായാണ് ജയിൽശിക്ഷയ്ക്ക് പകരം നല്ലനടപ്പിന് അയക്കുന്നത്.

ഇതുവഴി സ്വന്തം കുടുംബത്തിലും സമൂഹത്തിലും നല്ലനിലയിൽ ജീവിക്കാൻ അവസരംനൽകുകയാണ്. ചെയ്തുപോയ അപരാധങ്ങളിൽ മാനസാന്തരംവന്ന് സമൂഹത്തിന് ചേർന്ന പൗരനായി വളർത്തിയെടുക്കലാണ് 1958-ലെ പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്സസ് ആക്ടിലെ ‘നല്ലനടപ്പ്’ കൊണ്ട് ലക്ഷ്യമിടുന്നത്.

ഏഴുവർഷത്തിൽ കുറവ് ശിക്ഷലഭിക്കുന്ന, കൊടുംകുറ്റകൃത്യങ്ങൾ ചെയ്യാത്തവരെയാണ് നല്ലനടപ്പിനായി കോടതി പരിഗണിക്കുന്നത്. ജില്ലാ പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടും വേണം. കുറ്റകൃത്യങ്ങളിലേക്ക് നയിച്ച സാഹചര്യം, കുറ്റവാളിയുടെ പ്രകൃതം എന്നിവ കോടതി പരിഗണിക്കും.

ജില്ലാ പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതിക്ക് യുക്തമെന്ന് തോന്നുന്നപക്ഷം ജയിൽശിക്ഷ ഒഴിവാക്കി ഒരുവർഷംമുതൽ മൂന്നുവർഷ കാലയളവിൽ നല്ലനടപ്പിന് അയക്കാം. 18 വയസ്സിന് മുകളിലുള്ളവരെയാണ് പരിഗണിക്കുക.

നല്ല നടപ്പിനയച്ചവർ

2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ നല്ലനടപ്പിനയച്ചവർ ജില്ലാ അടിസ്ഥാനത്തിൽ

തിരുവനന്തപുരം 51

കൊല്ലം 43

പത്തനംതിട്ട 11

ആലപ്പുഴ 40

കോട്ടയം 39

ഇടുക്കി 48

എറണാകുളം 64

തൃശ്ശൂർ 32

പാലക്കാട് 46

മലപ്പുറം 64

വയനാട് 30

കോഴിക്കോട് 22

കണ്ണൂർ 50

കാസർകോട് 42

Content Highlights: theft case accused became police

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..