ദുര്‍മന്ത്രവാദമെന്ന് വിശ്വസിപ്പിച്ചു, ബാല്‍ക്കണി പോലും മറച്ച് ജീവിതം; ആന്റണി ഇപ്പോഴും ഒളിവില്‍


അക്രമത്തിനിരയായ കുട്ടിയുമായി അമ്മ ആശുപത്രിയിലേക്കു പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ

കാക്കനാട്: മൂന്നു വയസ്സുകാരിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ കുട്ടിയുടെ മാതൃസഹോദരിയുടെ പങ്കാളി ആന്റണി ടിജിനു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. സംഭവത്തിനു ശേഷം വീട് പൂട്ടിപ്പോയ ഇയാളെ തേടി പോലീസ് ആശുപത്രിയിലും ഇവർ താമസിച്ചിരുന്ന വീടുകളിലും മറ്റും തിരക്കിയെങ്കിലും ഇയാൾ മുങ്ങിയതായാണ് വിവരം. പുതുവൈപ്പ് സ്വദേശിയായ ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ആണ്.

അക്രമത്തിനിരയായ കുട്ടിയുടെ അമ്മയും മുത്തശ്ശിയും പരസ്പര വിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ എന്താണ് ശരിക്കും സംഭവിച്ചതെന്നറിയാൻ ഇയാളെ കണ്ടെത്തിയേ തീരൂ എന്നാണ് പോലീസ് പറയുന്നത്. കാക്കനാട് തെങ്ങോട് പള്ളത്തുംപടിയിലെ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന കുമ്പളം സ്വദേശിനിയുടെ മകളാണ് ക്രൂരമായ അക്രമത്തിനിരയായത്. ഇവർക്കൊപ്പം കുട്ടിയുടെ മുത്തശ്ശി, സഹോദരി, അവരുടെ 10 വയസ്സുകാരനായ മകൻ, ഇവരുടെ പങ്കാളിയായ യുവാവ് എന്നിവരാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇതിൽ സഹോദരി, മകൻ, പങ്കാളിയായ ആന്റണി ടിജിൻ എന്നിവർ എവിടെയാണെന്ന് വിവരമില്ല.

മർദനമേറ്റ കുട്ടി, അമ്മ, മുത്തശ്ശി എന്നിവരെ ആശുപത്രിയിലെത്തിച്ച ശേഷം ഇവർ കടന്നു കളഞ്ഞതായാണ് പോലീസ് സംശയിക്കുന്നത്. ഈ സംഭവത്തെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് അപ്പാർട്ട്‌മെന്റിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പോലീസിന് ലഭിച്ചിട്ടുള്ളത്. കുടുംബത്തെ നശിപ്പിക്കാൻ ആരൊക്കെയോ ദുർമന്ത്രവാദം ചെയ്യുന്നുണ്ടെന്ന് ആന്റണി മറ്റുള്ളവരെ വിശ്വസിപ്പിച്ചതായാണ് വിവരം. കുട്ടി ഇതിന്റെ ഇരയാണോ എന്നും പോലീസ് സംശയിക്കുന്നു.

യുവതികളുടെ സഹോദരൻ വിദേശത്തു െവച്ച് നേരത്തെ മരിച്ചതിനു പിന്നാലെ ഈ സ്ത്രീകൾക്ക് വിഷാദരോഗം ബാധിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ആന്റണി ഇവരുമായി അടുത്തത്. നേരത്തെ കുമ്പളത്തെ വീട്ടിൽ താമസിക്കവേ അയൽക്കാരും ബന്ധുക്കളുമുൾപ്പെടെയുള്ളവർ അപകടകാരികളാണെന്നാരോപിച്ച് എല്ലാവരിൽ നിന്നും അകറ്റി. ഇതിനിടെ കുട്ടിയുടെ മാതൃസഹോദരിയുടെ ഭർത്താവ് പനങ്ങാട് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് ഇയാളോട് വീട്ടിൽ കയറരുതെന്ന് നിർദേശിച്ചു. പിന്നാലെയാണ് പള്ളിക്കരയിലെ വാടക വീട്ടിലേക്ക് ഇവർ കുടുംബത്തോടെ മാറിയതെന്ന് പോലീസ് കൂട്ടിച്ചേർത്തു.

പള്ളിക്കരയിലെ വീട്ടിൽ വെച്ച് തങ്ങളെ ആരൊക്കെയോ ചേർന്ന് ആക്രമിക്കുന്നുണ്ടെന്നും മറ്റും വീട്ടിലുള്ളവരെ പറഞ്ഞ് വിശ്വസിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്തു. ഇതിനുശേഷമാണ് തെങ്ങോടേക്ക് താമസം മാറ്റിയത്. ഇവിടെയും ഈ കുടുംബം അയൽവാസികളുമായി യാതൊരുവിധ സമ്പർക്കവും പുലർത്താതെ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു. അപ്പാർട്ട്മെന്റിന്റെ ബാൽക്കണികൾ പോലും മറച്ചിരുന്നതായി തൊട്ടടുത്തുള്ള താമസക്കാർ പോലീസിനോടു പറഞ്ഞു. ആന്റണിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കുടുംബം ഒറ്റപ്പെട്ട ജീവിതം നയിക്കാൻ തുടങ്ങിയതെന്ന സംശയത്തിലാണ് പോലീസ്. അതേസമയം കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. തൃക്കാക്കര പോലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തപ്പോൾ ഹൈപ്പർ ആക്ടീവായ കുട്ടി സ്വയം ചെയ്തതാണെന്ന്‌ അമ്മ മൊഴി നൽകിയെങ്കിലും പോലീസ് ഇതു വിശ്വസിച്ചിട്ടില്ല.

എല്ലാത്തിനും ഉത്തരവാദി പുതുവൈപ്പ് സ്വദേശി- കുട്ടിയുടെ അച്ഛന്‍

കാക്കനാട്: ''എന്റെ ജീവിതമാണ് ആ യുവാവ് തകര്‍ത്തത്... ഇല്ലാത്ത കഥകള്‍ പറഞ്ഞ് എന്റെ മകളെയും ഭാര്യയെയും എന്നില്‍നിന്ന് വേര്‍പിരിയിച്ചു, ഇതിനൊക്കെ ഉത്തരവാദി അവനാണ്...'' ചൊവ്വാഴ്ച തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തി വിഷമം കലര്‍ന്ന രോഷത്തോടെ അക്രമത്തിനിരയായ കുട്ടിയുടെ പിതാവ് പോലീസില്‍ നല്‍കിയ മൊഴിയാണിത്. ഭാര്യ കുട്ടിയെ മര്‍ദിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഭാര്യാ സഹോദരിയുടെ പങ്കാളിയായ പുതുവൈപ്പ് സ്വദേശിയാകാം മകളെ അപായപ്പെടുത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. മകളെ കാണാന്‍ ഭാര്യ അനുവദിച്ചിരുന്നില്ലെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.

Content Highlights: thrikkakkara child torture: police in search for tijin antony

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..