ആകാശവർണങ്ങൾ നിറച്ച് സാമ്പിൾ


തൃശ്ശൂർ പൂരത്തിന് ഇന്ന് തെക്കേഗോപുരനട തുറക്കും

സാമ്പിൾ വെടിക്കെട്ട്

തൃശ്ശൂർ: മണ്ണിലും വിണ്ണിലും പൂരവർണങ്ങൾ പരന്നുതുടങ്ങി. ഇരുദേവസ്വങ്ങളിലെയും ചമയങ്ങൾ മണ്ണിൽ സ്വർണത്തിളക്കങ്ങളേകിയപ്പോൾ സാമ്പിൾ വെടിക്കെട്ട് പൂരാകാശത്ത് വർണം കുടഞ്ഞിട്ടു. രാത്രി 8.03-നാണ് സാമ്പിൾ വർണങ്ങൾ ആകാശം തൊട്ടത്. ആദ്യം പാറമേക്കാവും പിന്നെ തിരുവമ്പാടിയും വർണമഴ പെയ്യിച്ചു. തിരുവമ്പാടി 8.46-നാണ് തീകൊളുത്തിയത്. തിങ്ങിനിറഞ്ഞ ജനം നിറച്ചാർത്തുകളെ ആരവങ്ങളോടെ സ്വീകരിച്ചു. ഏഴിന് തുടങ്ങേണ്ട വെടിക്കെട്ട് ഒരുമണിക്കൂർ വൈകിയാണ് തുടങ്ങിയത്. സ്വരാജ് റൗണ്ടിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണമായത്. ദേവസ്വം ഭാരവാഹികളും മറ്റും അഭ്യർത്ഥിച്ചെങ്കിലും ജനത്തെ റൗണ്ടിനു പുറത്തുതന്നെയാണ് നിർത്തിയത്.

പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളിലെ ചമയപ്രദർശനം ഞായറാഴ്‌ച രാവിലെയാണ് ആരംഭിച്ചത്. വർണക്കുടകളും സ്വർണച്ചമയങ്ങളും നിരന്നു. ഉദ്ഘാടനം കഴിയുംമുമ്പെ ചമയം കാണാനുള്ള ക്യൂ നീണ്ടു. വൈകുന്നേരംവരെ ഈ തിരക്ക് നിലനിന്നു. ചമയപ്രദർശനങ്ങൾ തിങ്കളാഴ്‌ചയും തുടരും. തിങ്കളാഴ്‌ച ഉച്ചയോടെ പ്രദർശനം കാണാൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ എത്തും.

തിങ്കളാഴ്‌ച രാവിലെ പതിനൊന്നോടെ എറണാകുളം ശിവകുമാറിന്റെ പുറത്തേറിയെത്തുന്ന നെയ്തലക്കാവിലമ്മ വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേഗോപുരനട തുറന്നിടും. പൂരത്തിന് നാന്ദികുറിക്കുന്ന ചടങ്ങാണിത്. കുടമാറ്റമുൾപ്പെടെ നടക്കുന്നത് തെക്കേഗോപുരനടയിലാണ്. തിങ്കളാഴ്‌ച വൈകുന്നേരത്തോടെ തേക്കിൻകാട് മൈതാനത്ത് ആനകൾ നിരക്കും.

പൂരദിവസം രാവിലെ മുതൽ വടക്കുന്നാഥക്ഷേത്രത്തിലേക്ക് ഘടകദൈവങ്ങൾ എഴുന്നള്ളിത്തുടങ്ങും. തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളത്തിലുമുൾപ്പെടെ ആരവം അലയടിക്കും. കുടമാറ്റവർണങ്ങളും വെടിക്കെട്ടും ആരവം ഉയർത്തും. ചൊവ്വാഴ്ച പകൽപൂരത്തിനുശേഷം നടക്കുന്ന ഉപചാരംചൊല്ലലിലൂടെ 36 മണിക്കൂർ നീളുന്ന പൂരത്തിന് സമാപ്തിയാകും.

Content Highlights: Thrissur Pooram 2022 - Sample Fireworks

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..