സന്തോഷിന്റെ മരണത്തിനിടയാക്കിയ ടോറസ് ലോറി.വൃത്തത്തിനുള്ളിൽ കാണുന്ന ഭാഗത്താണ് സന്തോഷ് ഞെരിഞ്ഞമർന്നത്, ഇൻസെറ്റിൽ മരിച്ച വി.എൻ. സന്തോഷ്
പുല്ലാട്:ടിപ്പര്‍ ലോറിയുടെ ഹൈഡ്രോളിക് സംവിധാനം നന്നാക്കുന്നതിനിടെ, ഭാരം കയറ്റുന്നഭാഗം താഴേക്ക് പതിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം. ചങ്ങനാശ്ശേരി മാടപ്പള്ളി വല്യവീട്ടിൽ വി.എൻ. സന്തോഷ് (52) ആണ് മരിച്ചത്. എഴുമറ്റൂരിലുള്ള സ്വകാര്യവർക്ക് ഷോപ്പിലെ ജീവനക്കാരനാണ്. പുല്ലാട് വള്ളിക്കാല ജങ്ഷന് സമീപമുള്ള സ്വകാര്യ ഫാമിലെ ടിപ്പര്‍ ലോറിയുടെ ഹൈഡ്രോളിക് തകരാറ് പരിഹരിക്കുന്നതിനിടെയാണ് അപകടം.
വെള്ളിയാഴ്ച പതിനൊന്നുമണിയോടാണ് ലോറി നന്നാക്കാനായി സന്തോഷ് എത്തിയത്. ടിപ്പറിന്റെ ബോഡിപൊക്കുന്നതിനും താഴ്ത്തുന്നതിനുമുള്ള ഹൈഡ്രോളിക് സംവിധാനത്തിനായിരുന്നു തകരാറ്. ഡ്രൈവർ ടോറസിന്റെ ബോഡി പൊക്കി നിർത്തിയശേഷം സ്പാനർ എടുക്കാൻ പോയി. കാബിന് തൊട്ടുപിൻഭാഗത്ത് ചെയ്സിൽ ഇരുന്ന് സന്തോഷ് പണികൾ ചെയ്യുന്നതിനിടെ, പൊക്കി നിർത്തിയിരുന്ന ബോഡി വേഗത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. കാബിനും ബോഡിക്കും ചെയ്സിനും ഇടയിലായി സന്തോഷ് അമർന്നു. തല ചതഞ്ഞുപോയി. കൈകാലുകൾ പുറത്ത് കാണാമായിരുന്നു.
വലിയ ശബ്ദംകേട്ട് ഓടിവന്ന ഡ്രൈവർക്കും നാട്ടുകാർക്കും ഒന്നുംചെയ്യാൻ കഴിയുമായിരുന്നില്ല. ടിപ്പര്‍ സ്റ്റാർട്ടാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനാൽ ബോഡി മുകളിലേക്ക് ഉയർത്താനായില്ല.
ടിപ്പറിന്റെ ഉടമ വിവരം അറിയിച്ചതിനെത്തുടർന്ന് കോയിപ്രം പോലീസും തിരുവല്ലയിൽനിന്ന് അഗ്നിരക്ഷാസേനാംഗങ്ങളും സ്ഥലത്തെത്തിയെങ്കിലും ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. ക്രെയിൻ വരുത്തിയാണ് ടോറസിന്റെ ബോഡി മുകളിലേക്ക് ഉയർത്തിയത്. തുടർന്ന് മൃതദേഹം പുറത്തെടുത്ത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സുനിതയാണ് സന്തോഷിന്റെ ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, ജയകൃഷ്ണൻ.
ദുരന്തമറിഞ്ഞ് ഓടിച്ചെന്നു; ഒന്നും ചെയ്യാനാകാതെ എല്ലാവരും
ദുരന്തം കേട്ടറിഞ്ഞവരെല്ലാം വള്ളിക്കാലായിലെ അപകടസ്ഥലത്തേക്ക് ഒാടിയെത്തി. പക്ഷേ ആർക്കും ഒന്നും ചെയ്യാനാകുമായിരുന്നില്ല. ഒന്നു നോക്കിയശേഷം എല്ലാവരും മാറിനിന്നു. അത്രയ്ക്ക് ദാരുണമായിരുന്നു ആ കാഴ്ച.
ലോറിയുടെ ബോഡിക്കടിയിൽ അമർന്നിരിക്കുന്ന മെക്കാനിക്ക് സന്തോഷിന്റെ കഴുത്ത് മുതൽ മുളിലേക്കുള്ള ഭാഗം പൂർണമായും ചതഞ്ഞുപോയി. സാധാരണ സ്റ്റാർട്ടാക്കിയാൽ ടിപ്പർ ലോറികളുടെ ഹൈഡ്രോളിക് ഉയർത്താവുന്നതാണ്. എന്നാൽ, ഇവിടെ ലോറി സ്റ്റാർട്ടാക്കാൻ കഴിയാതിരുന്നത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി.
ക്രെയിൻ ഉപയോഗിച്ചിട്ടും ഏറെ പണിപ്പെട്ടാണ് ലോറിയുടെ ബോഡി ഉയർത്താനായത്. അപകടം എങ്ങനെയുണ്ടായെന്നതിൽ വ്യക്തത വരേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. ഹൈഡ്രോളിക് സംവിധാനത്തിന്റെ ലിവർ തട്ടിപ്പോയതാണോ ബോഡി താഴേക്ക് വരാൻ കാരണമെന്നും സംശയമുണ്ട്.
കോയിപ്രം പോലീസ് ഗ്രേഡ് എസ്.ഐ. താഹകുഞ്ഞ്, സി.പി.ഒ.മാരായ പരശുറാം, സുരേഷ്, ശ്രീജിത്ത്, തിരുവല്ല അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ആർ. ബാബു, എ.എസ്.ഒ. സുന്ദരേശൻ നായർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തുടർച്ചയായ രണ്ടാം ദിവസമാണ് പുല്ലാട്ട് അപകടമരണമുണ്ടാകുന്നത്. വ്യാഴാഴ്ച മുട്ടുമണ്ണിനടുത്ത് ടി.കെ.റോഡിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചിരുന്നു.
Content Highlights: torus accident death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..