ട്രാഫിക് നിയമലംഘനം എവിടെ കണ്ടാലും കേസെടുക്കാം; മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം


1 min read
Read later
Print
Share

പ്രതീകാത്മകചിത്രം | Photo: Mathrubhumi

കൊല്ലം: സ്വന്തം അധികാരപരിധിയിൽ അല്ലെങ്കിൽപ്പോലും കേരളത്തിലെവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് കേസെടുക്കാൻ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം. സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ജോയന്റ് ആർ.ടി.ഒ., ആർ.ടി.ഒ. എന്നീ തസ്തികകളിലുള്ളവർക്കാണ് കേസെടുക്കാനുള്ള അധികാരം. ഇത് നടപ്പാകുന്നതോടെ ഏതുസ്ഥലത്തും ഏതുസമയത്തും യാദൃച്ഛികമായി ഗതാഗതനിയമലംഘനങ്ങൾ കണ്ടാൽ കേസെടുക്കാനാകും. എന്നാൽ അധികാരപരിധിക്കു പുറത്ത് വാഹനപരിശോധന നടത്താൻ ഇവർക്ക് കഴിയില്ല.

ഉദാഹരണത്തിന് കൊല്ലത്ത് ഹെൽമെറ്റ് ഇല്ലാതെ പോകുന്ന യാത്രക്കാരനെതിരേ അതുവഴി യാത്ര ചെയ്യുന്ന കോഴിക്കോട്ടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് കേസെടുക്കാനാകും. ഇരുചക്രവാഹനത്തിൽ രണ്ടുപേരിലധികം യാത്ര ചെയ്യുക, രൂപമാറ്റം വരുത്തിയ വാഹനം ഓടിക്കുക, അലക്ഷ്യമായ ഡ്രൈവിങ്, ട്രാഫിക് സിഗ്നൽ ലംഘിച്ച് യാത്ര ചെയ്യുക, നിശ്ചിതരീതിയിലല്ലാത്ത നമ്പർ പ്ലേറ്റ് വെക്കുക തുടങ്ങിയ കുറ്റങ്ങൾക്കൊക്കെ കേസെടുക്കാം. ഉദ്യോഗസ്ഥൻ മൊബൈൽ ഫോണിൽ ട്രാഫിക് നിയമലംഘനത്തിന്റെ ഫോട്ടോയെടുത്ത് ഓൺലൈനിൽ കേസ് ചാർജ്‌ ചെയ്യുകയാണ് ചെയ്യുക. ഇതിന്റെ സന്ദേശം വാഹന ഉടമയ്ക്ക് ഉടൻതന്നെ എസ്.എം.എസ്. ആയി ലഭിക്കും. പിഴ ഓൺലൈനിൽ അടയ്ക്കാവുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞ് ഇവർക്ക് ഒരു ഓർമപ്പെടുത്തൽ സന്ദേശംകൂടി അയയ്ക്കും. ഒരുമാസത്തിനകം തുക അടച്ചില്ലെങ്കിൽ കേസ് കോടതിയിലേക്ക് പോകും. പിന്നീട് ഓൺലൈനിൽ അടയ്ക്കാൻ കഴിയില്ല.

യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരുടെ വാഹനപരിശോധന മുൻകൂട്ടിയറിഞ്ഞ് പലരും ഒഴിവായിപ്പോകുന്നുണ്ടെന്നാണ് യോഗത്തിൽ വിലയിരുത്തിയത്. പുതിയ നിർദേശം നടപ്പാക്കുന്നതിലെ ഏക പ്രശ്നം പല വാഹനഉടമകളും നൽകിയിട്ടുള്ള ഫോൺ നമ്പറുകൾ കൃത്യമായിരിക്കില്ല എന്നതാണ്. എല്ലാ വാഹന ഉടമകളും തങ്ങളുടെ രേഖകളിലെ ഫോൺ നമ്പർ പരിശോധിച്ച് ആവശ്യമെങ്കിൽ പുതുക്കണമെന്ന പ്രചാരണംകൂടി നടത്താൻ ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശിച്ചിട്ടുണ്ട്.

Content Highlights: traffic violation

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..