സർക്കാർ അധ്യാപകർക്കെല്ലാം അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം; കരടുനയവുമായി വിദ്യാഭ്യാസ വകുപ്പ്


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | ഫോട്ടോ: എൻ എൻ സജീവൻ

തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ അധ്യാപകർക്ക് അഞ്ചുവർഷം കൂടുമ്പോൾ നിർബന്ധിത സ്ഥലംമാറ്റം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ. നിലവിൽ സർക്കാർ ജീവനക്കാർക്കുള്ള സ്ഥലംമാറ്റരീതി അധ്യാപകർക്കും ബാധകമാക്കാനാണ് നീക്കം. ഇതിനായുള്ള കരടുനയം വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി.

അധ്യാപക സംഘടനകളുമായി ചർച്ച നടക്കാത്തതിനാൽ പരിഷ്കാരം പുതിയ അധ്യയനവർഷം നടപ്പാക്കുമോയെന്നു വ്യക്തമല്ല. വർഷങ്ങളായുള്ള സമ്പ്രദായം മാറ്റണമെങ്കിൽ സർക്കാരിന്റെ നയപരമായ തീരുമാനവും വേണ്ടിവരും.

ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരെല്ലാം പുതിയ നയത്തിന്റെ പരിധിയിൽ വരും. അഞ്ചുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇപ്പോൾ തന്നെയുണ്ട്. സംസ്ഥാന യോഗ്യതാപട്ടികയനുസരിച്ചാണ് ഹയർ സെക്കൻഡറി അധ്യാപകനിയമനം.

എൽ.പി., യു.പി., ഹൈസ്കൂൾ എന്നിവയിലേക്കാവട്ടെ ജില്ലാതല പി.എസ്.സി. പട്ടികയിൽ നിന്നാണ് നിയമനം. അതുകൊണ്ടുതന്നെ, നിയമനം ലഭിച്ച ജില്ലയിൽത്തന്നെ സ്ഥലംമാറ്റം പരിഗണിക്കുന്ന തരത്തിലാവും പുതിയ നയവും.

അധ്യാപകർ ഒരേ സ്ഥലത്തുതന്നെ തുടരുന്നത് സ്കൂളിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. കഴിവുറ്റ അധ്യാപകരുടെ സേവനം പൊതുവായി ഉപകരിക്കപ്പെടാനും സ്ഥലംമാറ്റ പരിഷ്കാരം സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. മന്ത്രി വി. ശിവൻകുട്ടിക്കും ഇക്കാര്യത്തിൽ അനുകൂല നിലപാടാണെന്ന് അറിയുന്നു.

സർക്കാർ രീതി ഇങ്ങനെ

ജീവനക്കാർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം എന്നതാണ് സർക്കാർ ജീവനക്കാർക്കുള്ള പൊതുവ്യവസ്ഥ. ഒരു സ്ഥലത്ത് അഞ്ചുവർഷത്തിൽ കൂടുതൽ തുടരാൻ പാടില്ല. ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരിടത്ത് മൂന്നുവർഷം സർവീസായാൽ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചു വർഷത്തിലൊരിക്കൽ എന്തായാലും മാറ്റമുണ്ടാവും.

തിടുക്കം വേണ്ട

വിശദ ചർച്ചനടത്തി മാത്രമേ പരിഷ്കാരം കൊണ്ടുവരാവൂവെന്ന് കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ ആവശ്യപ്പെട്ടു. കാലോചിത പരിഷ്കാരം അനിവാര്യമാണെങ്കിലും കൂടിയാലോചനയില്ലാതെ നടപ്പാക്കരുതെന്ന് എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ പ്രതികരിച്ചു.

Content Highlights: Transfer of government teachers once in five years

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..