പാർട്ടി താത്പര്യം ഉൾക്കൊണ്ട് നിയമഭേദഗതി; നോക്കുകൂലിക്ക് രണ്ടുവർഷം ജയിലും ഒരുലക്ഷം പിഴയും


File Photo: Mathrubhumi Archives

തിരുവനന്തപുരം: സി.പി.എം. സംസ്ഥാനസമ്മേളനം നോക്കുകൂലിക്കെതിരായ നിലപാട് കർക്കശമാക്കിയ പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാർ നോക്കുകൂലിക്കെതിരേ കർശനവ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമഭേദഗതി കൊണ്ടുവരും. നോക്കുകൂലി സമ്പ്രദായം അവസാനിപ്പിച്ചേ മതിയാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനവേദിയിൽ വ്യക്തമാക്കിയിരുന്നു.

നോക്കുകൂലി ആവശ്യപ്പെട്ടാൽ രണ്ടുവർഷം തടവും ഒരുലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിയമഭേദഗതി. ചുമട്ടുതൊഴിലാളി നിയമത്തിൽ വരുത്തേണ്ട ഭേദഗതിയുടെ കരട് തൊഴിൽവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ബിൽ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ വരില്ലെങ്കിലും നിയമനിർമാണം അധികം താമസിക്കില്ലെന്ന് തൊഴിൽമന്ത്രി വി. ശിവൻകുട്ടി ‘മാതൃഭൂമി’യോടു പറഞ്ഞു.

നിയമപരമായ രജിസ്ട്രേഷനില്ലാതെ കയറ്റിറക്ക് ജോലി അവകാശപ്പെടുന്നതും നോക്കുകൂലിയുടെ നിർവചനത്തിൽവരും. അവകാശമില്ലാത്ത ജോലിചെയ്യാൻ അവകാശം ഉന്നയിക്കുക, ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുക, നിശ്ചിത കൂലിയെക്കാൾ ഉയർന്നനിരക്ക് ആവശ്യപ്പെടുക എന്നിവയും പരിധിയിൽവരും.

ഉയർന്ന കൂലിക്കായി തൊഴിലുടമയെയോ തൊഴിലാളിയെയോ സാധനത്തിന്റെ കൈവശക്കാരനെയോ ഭീഷണിപ്പെടുത്തുന്നതും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. യന്ത്രങ്ങളുപയോഗിച്ച് ചെയ്ത ജോലിക്ക് വെറുതേ നിന്നശേഷം കൂലി ആവശ്യപ്പെടുന്നതും കുറ്റകരമാണ്. ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക, ജോലിസ്ഥലത്ത് മദ്യപിച്ച് ബഹളംെവക്കുക എന്നിവയും സമാന കുറ്റകൃത്യമായി കണക്കാക്കും.

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡായിരിക്കും ഓരോ ജോലിക്കുമുള്ള കൂലി വിജ്ഞാപനം ചെയ്യുക. രണ്ടുവർഷത്തേക്കായിരിക്കും രജിസ്‌ട്രേഷൻ. ഇത് പുതുക്കാൻ ഈ തൊഴിൽ ജീവനോപാധിയാണെന്ന് തൊഴിലാളി തെളിയിക്കണം. ഓരോ തൊഴിലാളിക്കും ജോലിചെയ്യാനുള്ള സ്ഥാപനം/പ്രദേശം കാർഡിൽ രേഖപ്പെടുത്തും. ചുമട്ടുതൊഴിലാളിയെന്നത് കയറ്റിറക്ക് തൊഴിലാളിയെന്ന് പുനർനാമകരണം ചെയ്യും.

തൊഴിലാളികളുടെ രജിസ്‌ട്രേഷൻ റദ്ദുചെയ്യാനും ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യാനും ഡെപ്യൂട്ടി ലേബർ ഓഫീസർക്ക് അധികാരമുണ്ടാകും. തൊഴിലുടമയ്ക്ക് നഷ്ടമുണ്ടായാൽ അത് തൊഴിലാളിയിൽനിന്ന് ഈടാക്കാനും വ്യവസ്ഥയുണ്ട്.

Content Highlights: Head Load, Nokkukooli, CPM

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..