ഗുരുവായൂരില്‍ ചെളിക്കുണ്ട് ചാടിക്കടന്ന് കേന്ദ്രമന്ത്രി; നഗരസഭാ സെക്രട്ടറിയെ വിളിച്ചുവരുത്തി താക്കീത്


1 min read
Read later
Print
Share

ഗുരുവായൂരിൽ ഫെസിലിറ്റേഷൻ സെന്റർ സന്ദർശിക്കാനെത്തിയ കേന്ദ്ര സഹമന്ത്രി അശ്വിനി കുമാർ ചൗബേ ചെളിക്കുണ്ട് ചാടിക്കടക്കുന്നു.

ഗുരുവായൂർ: റോഡുകളിലെ കുഴികളെക്കുറിച്ചുള്ള കേന്ദ്ര-സംസ്ഥാന വിവാദം ഉയരുന്നതിനിടെ ഗുരുവായൂരിലെത്തിയ കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനികുമാർ ചൗബേക്ക് ചാടിക്കടക്കേണ്ടി വന്നത് വഴിയിലെ ചളിക്കുണ്ട്. നടക്കാൻ പോലുമാകാത്ത റോഡ് കണ്ട് നഗരസഭാ സെക്രട്ടറിയെ വിളിച്ചുവരുത്തി മന്ത്രി ശകാരിച്ചു.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അശ്വിനി കുമാർ ഗുരുവായൂരിലെത്തിയത്. കേന്ദ്രസർക്കാരിന്റെ പ്രസാദ്- അമൃത് പദ്ധതികൾ പ്രകാരമുള്ള അമിനിറ്റി-ഫെസിലിറ്റേഷൻ സെന്ററുകളും ബഹുനില പാർക്കിങ് കേന്ദ്രവും കാണാനെത്തിയതായിരുന്നു അദ്ദേഹം. ബസ് സ്റ്റാൻഡിനടുത്തുള്ള ഫെസിലിറ്റേഷൻ സെന്ററിലേക്കുള്ള വഴി മുഴുവൻ ചെളിനിറഞ്ഞു കിടക്കുകയായിരുന്നു.

ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷമായിട്ടും സെന്റർ തുറന്നുകൊടുത്തിട്ടില്ലെന്ന് സ്ഥലത്തെത്തിയപ്പോയാണ് മന്ത്രി അറിഞ്ഞത്. മന്ത്രി എത്തിയ നേരത്ത് സെന്റർ പൂട്ടിക്കിടക്കുകയുമായിരുന്നു. നഗരസഭാ സെക്രട്ടറി ബീന എസ്. കുമാർ താക്കോലുമായി വരുന്നതുവരെ അദ്ദേഹം കാത്തുനിന്നു. തീർഥാടകർക്ക് പ്രയോജനകരമായ സെന്റർ തുറക്കാത്തതിൽ മന്ത്രി രോഷംകൊണ്ടു.

‘‘ഇത്രയും നല്ല പദ്ധതി ഗുരുവായൂരിന് അനുവദിച്ചത് നശിപ്പിക്കാനല്ല; ഒരുമാസത്തിനുള്ളിൽ ഇത് പ്രവർത്തിപ്പിക്കണം. പ്രസാദ് പദ്ധതിയെന്ന ബോർഡ് സ്ഥാപിക്കുകയും വേണം’’ -മന്ത്രി നിർദേശിച്ചു. വഴിയിലെ കുണ്ടും കുഴികളും നേരെയാക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു.

സെന്റർ നടത്തിപ്പ് ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം. 25 കൊല്ലത്തേക്ക് അവകാശം നൽകണമെന്ന സൊസൈറ്റിയുടെ ആവശ്യം അംഗീകരിക്കാൻ കഴിയാത്തതാണ് തടസ്സമായത്. പ്രവർത്തനം തുടങ്ങാത്തതിനാൽ ഇവിടേക്കുള്ള വഴി നന്നാക്കിയിരുന്നില്ല. കേന്ദ്രമന്ത്രി സന്ദർശനത്തിനെത്തുന്നത് നഗരസഭാധികൃതർ അറിഞ്ഞിരുന്നില്ല.

ബി.ജെ.പി. നേതാക്കളായ എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, കെ.കെ. അനീഷ് കുമാർ, ദയാനന്ദൻ മാമ്പുള്ളി, കെ.ആർ. അനീഷ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചാവക്കാട് ഒരുമനയൂരിലെ അംബേദ്കർ പട്ടികജാതി കോളനിയിലെത്തിയാണ് മന്ത്രി ഉച്ചഭക്ഷണം കഴിച്ചത്.

Content Highlights: Union Minister jumps over mud in Guruvayur; Municipal Secretary was summoned and warned

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..