മന്ത്രി വി. അബ്ദുറഹ്മാൻ (ഫയൽ ചിത്രം)
താനൂർ: മാറാട് കലാപശേഷം സ്ഥലം സന്ദർശിക്കാൻ ധൈര്യംകാണിച്ച മുഖ്യമന്ത്രി പിണറായി വിജയന് താനൂരിൽ വരാൻ മുസ്‌ലിംലീഗുകാരുടെ അനുമതി ആവശ്യമില്ലെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ. വേണമെങ്കിൽ ലീഗുകാരുടെ വീട്ടിൽപ്പോലും കടന്നുകയറുമെന്നും അദ്ദേഹം പറഞ്ഞു.
താനൂർ ബോട്ടപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ അനുമോദിക്കാൻ എൽ.ഡി.എഫ്. ശനിയാഴ്‌ച വൈകീട്ട് നടത്തിയ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. മന്ത്രിയുടേത് പ്രകോപനപരമായ പ്രസംഗമാണെന്ന് പരാതിപ്പെട്ടും കേസെടുക്കണമെന്നാവശ്യപ്പെട്ടും മുസ്‌ലിംലീഗ് രംഗത്തുവന്നു.
കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്കൊപ്പം മാറാട് സന്ദർശിക്കാൻ പുറപ്പെട്ട പി.കെ. കുഞ്ഞാലിക്കുട്ടിക്ക് സംഘ്പരിവാർ എതിർപ്പിനെത്തുടർന്ന് പിൻമാറേണ്ടിവന്നു. മുസ്‌ലിമായ കുഞ്ഞാലിക്കുട്ടിയെ പ്രദേശത്തേക്കു കടക്കാൻ അനുവദിക്കില്ലെന്നാണ് അവർ പറഞ്ഞത്. എന്നാൽ, രണ്ടുദിവസത്തിനുശേഷം അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ, എളമരം കരീം ഉൾപ്പെടെയുള്ള രണ്ട് മുസ്‌ലിം എം.പി.മാർക്കൊപ്പം അവിടെയെത്തി. തടസ്സപ്പെടുത്താനെത്തിയ സംഘ്പരിവാറുകരോട് വഴിയിൽനിന്നു മാറിനിന്നില്ലെങ്കിൽ നിങ്ങൾ അനുഭവിക്കേണ്ടിവരുമെന്നാണു പിണറായി പറഞ്ഞത്. അന്നത്തെ മാറാട് കലാപത്തിൽപ്പോലും ധൈര്യമായി കടന്നുവന്ന മുഖ്യമന്ത്രിക്ക് താനൂരിൽ വരാൻ നിന്റെയോ നിന്റെ കാരണവൻമാരുടെയോ അച്ചാരം ഞങ്ങൾക്കാവശ്യമില്ല. ലീഗിലെ തീവ്രവാദരാഷ്ട്രീയത്തിന് വളംവെക്കുന്ന കെ.എം. ഷാജി ഇക്കാര്യം ഓർക്കണമെന്നും വി. അബ്ദുറഹ്‌മാൻ പറഞ്ഞു.
അപകടസ്ഥലം സന്ദർശിച്ച മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയുടെ പരാമർശങ്ങളാണു മന്ത്രിയെ ചൊടിപ്പിച്ചത്. ബോട്ടപകടത്തിന്റെ ഉത്തരവാദി മന്ത്രിയാണെന്നും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ചോദിച്ചുവാങ്ങണമെന്നും ഷാജി ആവശ്യപ്പെട്ടിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..