വി. ശിവൻകുട്ടി | Photo: Mathrubhumi
തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷകളാരംഭിച്ച വെള്ളിയാഴ്ച ചോദ്യക്കടലാസിന്റെ നിറം മാറിയതിനെച്ചൊല്ലി വിവാദം. പിങ്കുകലർന്ന ചുവപ്പുനിറമുള്ള ചോദ്യപ്പേപ്പറാണ് പ്ലസ് വൺ വിദ്യാർഥികൾക്കു നൽകിയത്. നിറംമാറ്റത്തിൽ വിദ്യാർഥികളും പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകരും ഒരുപോലെ അമ്പരന്നു.
കാഴ്ചക്കുറവിനു കണ്ണട ധരിക്കുന്നവർ ഉൾപ്പെടെ ഒട്ടേറെ വിദ്യാർഥികൾ ചോദ്യം വായിച്ചെടുക്കാൻ പണിപ്പെട്ടെന്നാണ് അധ്യാപകർ പറഞ്ഞ പരാതി. അതേസമയം, പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഒന്നിച്ചു നടക്കുന്നതിനാൽ ചോദ്യക്കടലാസുകൾ പെട്ടെന്നുതിരിച്ചറിയാനാണ് നിറംമാറ്റമെന്നാണ് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ വിശദീകരണം.
പ്ലസ് വണ്ണുകാർക്ക് മലയാളം, അറബിക്, ഹിന്ദി പരീക്ഷകളായിരുന്നു വെള്ളിയാഴ്ച. ചോദ്യക്കടലാസുകളുടെ നിറംമാറ്റം മുൻകൂട്ടി അറിയിച്ചില്ലെന്നാണ് അധ്യാപക സംഘടനകളുടെ ആരോപണം.
കറുപ്പ് അക്ഷരങ്ങളിലായിരുന്നു പ്ലസ്ടു ചോദ്യപ്പേപ്പർ. കറുപ്പിനോടുള്ള വെറുപ്പ് ഹയർ സെക്കൻഡറി പരീക്ഷയിലും പ്രതിഫലിച്ചെന്ന് എ.എച്ച്.എസ്.ടി.എ. ജനറൽ സെക്രട്ടറി എസ്.മനോജ് പറഞ്ഞു. കളർചോദ്യങ്ങൾ നൽകിയതിനുപിന്നിൽ നിക്ഷിപ്ത താത്‌പര്യം മാത്രമാണെന്ന് എച്ച്.എസ്.എസ്.ടി.എ. ജനറൽ സെക്രട്ടറി അനിൽ എം.ജോർജ് കുറ്റപ്പെടുത്തി. ചോദ്യപ്പേപ്പറിന്റെ നിറംമാറ്റത്തിൽ അക്കാദമിക-ഭരണപരമായ തീരുമാനമുണ്ടോയെന്ന് കെ.എച്ച്.എസ്.ടി.യു. ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൾ ജലീൽ ചോദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..