വി.വസീഫ് ഡി.വൈ.എഫ്.ഐ. പ്രസിഡന്റ്; വി.കെ.സനോജ് സെക്രട്ടറി


1 min read
Read later
Print
Share

ചിന്താ ജെറോം ജോയിന്റ് സെക്രട്ടറിയായി തുടരും

വി.കെ സനോജ്,വി.വസീഫ്

പത്തനംതിട്ട: ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായി വി.വസീഫിനെയും സെക്രട്ടറിയായി വി.കെ.സനോജിനെയും തിരഞ്ഞടുത്തു. അഞ്ച്‌ ജോയിന്റ് സെക്രട്ടറിമാരും അഞ്ച് വൈസ് പ്രസിഡന്റുമാരും ഉൾപ്പെടെ ഇരുപത്തഞ്ചംഗ സെക്രട്ടേറിയറ്റിനെയും തൊണ്ണൂറംഗ കമ്മിറ്റിയെയും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തിട്ടുണ്ട്.

സംസ്ഥാന പ്രസിഡന്റായി യുവജന കമ്മിഷൻ അധ്യക്ഷയായ ഡോ. ചിന്താ ജെറോമിനെകൊണ്ടുവന്ന് സ്ത്രീനേതൃത്വം ഉറപ്പിക്കുന്നതിന് ചർച്ചകൾ ഉണ്ടായിരുന്നെങ്കിലും അവസാനനിമിഷം കോഴിക്കോടുനിന്നുള്ള, സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.വസീഫിനെ പരിഗണിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ. മുൻ ദേശീയ പ്രസിഡന്റ് മന്ത്രി മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തായ വസീഫ് കോഴിക്കോട് ജില്ലയിലെ സംഘടനയുടെ പ്രധാന നേതാവാണ്. ചിന്താ ജെറോം ജോയിന്റ് സെക്രട്ടറിയായി തുടരും.

നിലവിലെ സംസ്ഥാന സെക്രട്ടറി, കണ്ണൂർ സ്വദേശി വി.കെ.സനോജിനെ ആ സ്ഥാനത്ത് നിലനിർത്തുകയായിരുന്നു.

എം.വിജിൻ, ഗ്രീഷ്മ അജയഘോഷ്, ശ്യാമ ആർ., രാഹുൽ ആർ., എൽ.ജി.ലിജീഷ് (വൈസ്‌ പ്രസി.), ചിന്താ ജെറോം, കെ.റഫീഖ്, എം.ഷാജർ, ഡോ. ഷിജു ഖാൻ, രമേഷ് കൃഷ്ണൻ (ജോ.സെക്ര.), അരുൺബാബു (ട്രഷ.) എന്നിവരാണ് മറ്റ്് ഭാരവാഹികൾ.

നിലവിലുള്ള തൊണ്ണൂറംഗ കമ്മിറ്റിയിൽനിന്ന് നാല്പത്തെട്ടുപേരെയും പതിമൂന്ന് സെക്രട്ടേറിയറ്റ് അംഗങ്ങളെയും ഒഴിവാക്കി പുതിയവരെ ഉൾപ്പെടുത്തി. ട്രാൻസ്‌ജെൻഡറിൽനിന്ന് ആദ്യമായി ഒരാളെ കമ്മിറ്റിയിലേക്ക് കൊണ്ടുവന്നെന്നതും പ്രത്യേകതയായി. ലയ മരിയ ജെയ്‌സണാണ് കമ്മിറ്റിയിലെത്തിയത്.

പി.സി.ഷൈജു, ശ്യാംപ്രസാദ്, വി.അനൂപ്, രഞ്ജിത് എം.ആർ., രജീഷ് വെള്ളാട്ട്, റിയാസുദ്ദീൻ, സുരേഷ്‌കുമാർ, ശ്യാംമോഹൻ, വൈശാഖൻ, നീനു സുകുമാരൻ, എം.വി.ഷിമ, സച്ചിൻദേവ് എം.എൽ.എ. എന്നിവരാണ് ഭാരവാഹികളെക്കൂടാതെ സെക്രട്ടേറിയറ്റിലുള്ളത്.

കോഴിക്കോട് കൊടിയത്തൂർ സ്വദേശിയായ വസീഫ് ബാലസംഘത്തിലൂടെയാണ് സംഘടനാപ്രവർത്തനരംഗത്തേക്ക് വന്നത്. കലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനായിരുന്നിട്ടുണ്ട്. സി.പി.എം. ജില്ലാകമ്മിറ്റി അംഗവും കൂമ്പാറ എഫ്.എം.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി അധ്യാപകനുമാണ്. ഡോ. അർഷിദയാണ് ഭാര്യ.

കണ്ണൂർ മാലൂർ സ്വദേശിയായ സനോജ് ബാലസംഘത്തിലൂടെയാണ് സംഘടനാപ്രവർത്തനരംഗത്ത് വരുന്നത്. എസ്.എഫ്.ഐ.യിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. സി.പി.എം.ജില്ലാ കമ്മിറ്റിയംഗമാണ്. പത്രപ്രവർത്തക ജസ്‌ന ജയരാജാണ് ഭാര്യ. മകൻ: ഏതൻ സാൻജൻസ്.

Content Highlights: V Vaseef DYFI State President, VK Sanoj Secretary

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..