വാക്സിനെടുത്ത തെരുവുനായകൾക്ക് അടയാളം; ഇതുവരെ 1200 തെരുവുനായകൾക്ക്‌ വാക്സിനേഷൻ


പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വാക്സിനേഷൻ നടത്തിയ തെരുവുനായകളെ തിരിച്ചറിയാൻ അടയാളമിടും. ഒരാഴ്ച വരെ ഈ അടയാളം നായകളിലുണ്ടാകും. ഓരോ പ്രദേശം കേന്ദ്രീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അവിടങ്ങളിൽ വാക്സിനേഷൻ നടത്താനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. ഇവിടങ്ങളിൽ ഒരു വർഷം കഴിഞ്ഞ് തെരുവുനായകൾക്ക് ബൂസ്റ്റർഡോസും നൽകും. നിലവിൽ ഇതുവരെ 1200 തെരുവുനായകൾക്കാണ് പേവിഷബാധയ്ക്കെതിരേയുള്ള വാക്സിനേഷൻ നൽകിയത്. 60,000 വളർത്തുനായകൾക്കും വാക്സിൻ നൽകി. തെരുവുനായകളുടെ വന്ധ്യംകരണവും വാക്സിനേഷനും സംബന്ധിച്ച റിപ്പോർട്ട് സുപ്രീംകോടതിക്കും ദേശീയ ജന്തുക്ഷേമ ബോർഡിനും സമർപ്പിക്കുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാന ജന്തുക്ഷേമ ബോർഡിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.

പേവിഷബാധയ്ക്കെതിരേ ഗോവയിൽ മികച്ച പ്രവർത്തനം നടത്തിയ മിഷൻ റാബീസ് എന്ന സംഘടനയുടെ സാങ്കേതികസഹായം കൂടി തേടും. വളർത്തുനായകളിലും തെരുവുനായകളിലും പേവിഷബാധയ്ക്കെതിരേ നടത്തുന്ന വാക്സിനേഷനിലൂടെ ആകെ 70 ശതമാനം ആർജ്ജിത പ്രതിരോധശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി സംസ്ഥാനത്ത് 37 എ.ബി.സി. കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ബ്ലോക്കിന് ഒരു എ.ബി.സി. സെന്റർ സ്ഥാപിക്കാനാണ് ലക്ഷ്യം.

170 ഹോട്ട്‌സ്പോട്ടുകൾ മൃഗസംരക്ഷണവകുപ്പ് കണ്ടെത്തി. ഹോട്ട്‌സ്പോട്ടുകൾക്ക് മുൻതൂക്കം നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആക്രമണകാരികളായ നായ്ക്കളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ അഭയകേന്ദ്രങ്ങൾ ആരംഭിക്കും. തെരുവുനായകളെ പിടിക്കാൻ 400 പേർക്ക് പരിശീലനം നൽകിത്തുടങ്ങി. രണ്ടുമൂന്നു ദിവസത്തിനകം ജന്തുക്ഷേമ ബോർഡ് കൈക്കൊണ്ട തീരുമാനങ്ങൾ ഉത്തരവായി ഇറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

വളർത്തുനായകൾക്ക് കാതിൽ ചിപ്പ്

ഒട്ടേറെ വളർത്തുനായകളെ ഉടമകൾ തെരുവുകളിൽ ഉപേക്ഷിക്കുന്നതിനാൽ, ഇവയെ തിരിച്ചറിയാൻ കാതിൽ ചിപ്പുകൾ ഘടിപ്പിക്കും. ചിപ്പിൽ ഇവയെ സംബന്ധിച്ച എല്ലാ വിവരങ്ങളുമുണ്ടാകും. വളർത്തുനായകൾക്ക് നിർബന്ധിത ലൈസൻസും ഏർപ്പെടുത്തും. ഇതിനായി ഫീസും നിശ്ചയിക്കും. ഓമനമൃഗങ്ങളെ വിൽക്കുന്ന കടകൾക്ക് ലൈസൻസ് ഏർപ്പെടുത്തും. 5000 രൂപയാണ് ഇതിനു മുടക്കേണ്ടത്. ലൈസൻസ് പഞ്ചായത്തു വഴിയാണ് നൽകുന്നത്. വളർത്തുനായകൾക്ക് സാംക്രമികരോഗങ്ങൾക്കെതിരേ മൾട്ടി കമ്പോണന്റ് വാക്സിൻ മൃഗാശുപത്രികൾ വഴി നൽകും. നായകളെ പിടിക്കാൻ കുടുംബശ്രീയും സഹായം നൽകും. ഇതുവരെ 497 പേർ ഇതിനായി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ശുദ്ധമായ മാംസം ലഭ്യമാക്കും

മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള സമിതി, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റിനെ ചെയർമാനായും ജില്ലാ കളക്ടറെ കോ-ചെയർമാനായും ഉൾപ്പെടുത്തിക്കൊണ്ട് പുനഃസംഘടിപ്പിച്ചു. എല്ലാ ജില്ലകളിലും പ്രസ്തുത കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സംസ്ഥാനത്ത് ശാസ്ത്രീയമായി അറവു നടത്തി ശുദ്ധമായ മാംസം ഉത്‌പാദിപ്പിക്കുന്നതിന്, മീറ്റ് പ്രോഡക്ട്‌ ഓഫ് ഇന്ത്യ, ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി എന്നീ സ്ഥാപനങ്ങൾ വഴി മാംസം സംഭരിച്ച് സംസ്കരിച്ച് വിപണനം നടത്താൻ സർക്കാരിനോടു ശുപാർശ ചെയ്യും. നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എലിഫന്റ് സ്ക്വാഡ് രൂപവത്കരിക്കും. സ്ക്വാഡുകളിലേക്ക് 134 വെറ്ററിനറി സർജന്മാരെ കണ്ടെത്തി അവർക്ക് വനംവകുപ്പ് പരിശീലനം നൽകും.

Content Highlights: Vaccinated stray dogs will be marked for identification

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..