വന്ദേഭാരതോ സിൽവർ ലൈനോ?; കേന്ദ്രബജറ്റിൽ കണ്ണുനട്ട് കേരളം


വന്ദേഭാരത് ട്രെയിൻ (ഫയൽ ചിത്രം)

തിരുവനന്തപുരം: കേന്ദ്രബജറ്റിൽ സിൽവർലൈൻ പദ്ധതിക്കുള്ള കേന്ദ്രാനുമതി, വന്ദേഭാരത് തീവണ്ടി സർവീസുകൾ, എയിംസ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളിൽ അനുകൂല നിലപാട് പ്രതീക്ഷിച്ച് കേരളം. ഏറെക്കാലത്തെ ആവശ്യമായ എയിംസ് ഇത്തവണ പരിഗണിക്കപ്പെടുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

കോവിഡ് കാലത്ത് മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് വേണമെന്നും ബജറ്റിനു മുന്നോടിയായുള്ള ചർച്ചയിൽ കേരളം ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികപ്രതിസന്ധി അതിജീവിക്കാൻ ജി.എസ്.ടി. വരുമാനം 40:60 എന്ന അനുപാതത്തിൽ പങ്കിടണമെന്നാണ് മറ്റൊരു ആവശ്യം.

സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാണിച്ചിട്ടില്ല. ഈ ആവശ്യം ആവർത്തിക്കുന്നതിനൊപ്പം കേന്ദ്രം നേരത്തേ പ്രഖ്യാപിച്ച വന്ദേഭാരത് വണ്ടികൾക്കുവേണ്ടിയും വാദിച്ചിരിക്കുകയാണ് കേരളം. ഇതിനൊപ്പം ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി, നിപ പോലുള്ള പകർച്ചവ്യാധികൾക്കുള്ള വാക്സിൻ തുടങ്ങിയവയ്ക്കുള്ള ഘടകങ്ങൾ ഉത്‌പാദിപ്പിക്കാനുള്ള അത്യാധുനിക നിർമാണ യൂണിറ്റുകൾ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം, മലബാർ കാൻസർ സെന്ററിനെ കേന്ദ്ര രാഷ്ട്രീയ ആരോഗ്യനിധി പരിപാടിയിൽ ഉൾപ്പെടുത്തൽ എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. കിഫ്ബിക്കും പെൻഷൻ കമ്പനിക്കും വായ്പയെടുക്കാനുള്ള സർക്കാർ ഗാരന്റി പൊതുകടബാധ്യതയായി കണക്കാക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

തൊഴിലുറപ്പ് പദ്ധതിക്ക് പ്രത്യേകസഹായം, കശുവണ്ടി, കൃഷി, ഹാൻഡ്‌ലൂം, പരമ്പരാഗത വ്യവസായം എന്നിവയ്ക്കായി പ്രത്യേക പദ്ധതികൾ, കണ്ണൂരിലേക്ക് കൂടുതൽ വിദേശവിമാനങ്ങൾ വരാൻ പോയന്റ് ഓഫ് കാൾ അംഗീകാരം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡം സംസ്ഥാനങ്ങളുടെ സാഹചര്യമനുസരിച്ച് പരിഷ്കരിക്കൽ തുടങ്ങിയവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ.

Content Highlights: vande bharat or Silver Line-union budget

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..