കേരളത്തിന് ‘വന്ദേ ഭാരത് ‘ തീവണ്ടി; ഒരുക്കം തുടങ്ങി,അടുത്ത വര്‍ഷം റേക്കുകള്‍ കൈമാറും


രതീഷ് രവി

2023 ഓഗസ്റ്റിൽ റേക്കുകൾ കൈമാറും

വന്ദേഭാരത് തീവണ്ടി

കൊല്ലം: അർധ അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിനും ലഭിക്കും. തിരുവനന്തപുരം ഡിവിഷനിൽനിന്നാകും സർവീസ്. രണ്ടു റേക്കുകൾ (16 പാസഞ്ചർ കാറുകളടങ്ങുന്ന ഒരു യൂണിറ്റ്) തിരുവനന്തപുരത്തിനു ലഭിക്കും. 1,128 യാത്രക്കാർക്ക് ഇരിക്കാവുന്ന 16 പാസഞ്ചർ കാറുകളാണ് ഒരു തീവണ്ടിയിൽ ഉണ്ടാകുക.

തീവണ്ടി സർവീസുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ തിരുവനന്തപുരത്ത് നടത്തണമെന്ന് റെയിൽവേ ബോർഡ് നിർദേശിച്ചുകഴിഞ്ഞു. രണ്ടു റേക്കുകൾ നിർത്തിയിടാനും അറ്റകുറ്റപ്പണി നടത്താനും തിരുവനന്തപുരത്ത് എത്രയുംവേഗം സൗകര്യമൊരുക്കണമെന്നാണ് നിർദേശം.

കേരളത്തിൽ നിലവിലുള്ള പാതയുടെ കിടപ്പനുസരിച്ച്, വിഭാവനംചെയ്ത വേഗത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികൾ ഓടിക്കാൻ കഴിയില്ല. വേഗത്തിൽ അല്പം കുറവ് വരുത്തിയാലും കേരളത്തിലൂടെ തീവണ്ടിയോടിക്കണമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.

പ്രത്യേകമായി രൂപകല്പന ചെയ്ത വന്ദേ ഭാരത് തീവണ്ടികളുടെ നിർമാണം ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുരോഗമിക്കുകയാണ്. ആദ്യ തീവണ്ടിയുടെ നിർമാണം ഇക്കൊല്ലം ഓഗസ്റ്റിൽ പൂർത്തിയാകും. 2023 ഓഗസ്റ്റിനുമുമ്പ് 75 തീവണ്ടികൾ വിവിധ റെയിൽവേ സോണുകൾക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ഡിവിഷന് രണ്ടാംഘട്ടത്തിലേ തീവണ്ടി ലഭിക്കുകയുള്ളൂ.

സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതിനിടെ കേരളത്തിൽ വന്ദേ ഭാരത് തീവണ്ടി സർവീസിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതിനുപിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് സൂചന. കേരളത്തിന് വന്ദേ ഭാരത് തീവണ്ടി അനുവദിക്കാമെന്ന്, കെ-റെയിൽ പദ്ധതി സംബന്ധിച്ച ചർച്ചകൾക്ക് ഡൽഹിയിലെത്തിയ ബി.ജെ.പി. നേതാക്കൾക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയിരുന്നു.

ദക്ഷിണ റെയിൽവേയുടെ കീഴിൽ ചെന്നൈ (ആറ്), കോയമ്പത്തൂർ (മൂന്ന്), തിരുച്ചിറപ്പള്ളി (രണ്ട്), തിരുവനന്തപുരം (രണ്ട്) എന്നിവിടങ്ങളിലാണ് വന്ദേ ഭാരത് റേക്കുകൾ അനുവദിക്കുക. ന്യൂഡൽഹിക്കാണ് ഏറ്റവും കൂടുതൽ റേക്കുകൾ നൽകുക-12 എണ്ണം. ഇവിടങ്ങളിലെല്ലാം അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ സജ്ജമാക്കാൻ റെയിൽവേ ബോർഡ് നിർദേശിച്ചിട്ടുണ്ട്.

Content Highlights: Vandhe Bharat For Kerala ;Preperation Started

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..