വിദ്യാലക്ഷ്മി പാലക്കാട് ജില്ലയിലെ കടമ്പൂർ ജി.എച്ച്.എസ്.എസിൽ വീണ്ടും ജോലിക്കെത്തിയപ്പോൾ ക്ലാസിൽ വിദ്യാർഥികൾക്കൊപ്പം |ഫോട്ടോ: പി.പി. രതീഷ്
ഒറ്റപ്പാലം: വിദ്യാലക്ഷ്മി വീണ്ടുമെത്തി. ഇരുട്ടില്‍ തടഞ്ഞുവീണ് അരയ്ക്കുതാഴെ തളര്ന്നുപോയിടത്തുനിന്ന് മടങ്ങിവരുകയാണ്. സങ്കടങ്ങളും വേദനയുമുണ്ട്. പക്ഷേ, വിദ്യാലക്ഷ്മിക്ക് വിദ്യ വെടിയാന്‍ വയ്യ. അധ്യാപികയുടെ വേഷത്തിലേക്ക് മടങ്ങാതിരിക്കാനും വയ്യ. ചക്രക്കസേരയിലാണെങ്കിലും ആവേശത്തോടെ അവരെത്തി; പഴയ സ്കൂളിലേക്ക്.
തിരഞ്ഞെടുപ്പു ജോലിക്കിടെ കെട്ടിടത്തില്‍നിന്നു വീണ് നട്ടെല്ലിനു പരിക്കേറ്റതാണ് വിദ്യാലക്ഷ്മിക്ക്. 2021 ഏപ്രില്‍ ആറിന് നിയമസഭാതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി അഗളി ജി.വി.എച്ച്.എസിലെ ബൂത്തിലെത്തിയപ്പോഴാണ് അപകടം. വെളിച്ചമില്ലാത്ത സ്കൂള്ക്കെട്ടിടത്തിന് മുകളില്‍നിന്നാണ് വിദ്യാലക്ഷ്മി വീണത്.
അപകടത്തോടെ അരയ്ക്കുതാഴെ അനക്കം നിലച്ചു. ഒന്നരവര്‍ഷത്തെ ചികിത്സയ്ക്കുശേഷം പാലക്കാട് ഒറ്റപ്പാലത്തിനടുത്തെ കടമ്പൂര് ജി.എച്ച്.എസ്.എസിലെ സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും ലോകത്തേക്ക് മടങ്ങിയെത്തുകയാണ് വിദ്യാലക്ഷ്മി. ഭര്‍ത്താവ് കോയമംഗലത്ത് വടക്കേപ്പാട്ട് രാജീവും ഒപ്പംവന്നു.
ഒന്നര വര്‍ഷത്തെ വിടവുമായ്ക്കുന്ന സ്നേഹത്തോടെ സഹപ്രവര്‍ത്തകര്‍ വിദ്യയെ സ്വീകരിച്ചു. അവരാണ് സ്കൂളില്‍ വിദ്യക്കുവേണ്ടി റാമ്പ്, പ്രത്യേകശൗചാലയം എന്നിവയൊരുക്കിയിരിക്കുന്നത്. മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് വിദ്യാലക്ഷ്മി പറഞ്ഞു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് ഏഴരലക്ഷം രൂപയനുവദിച്ചെങ്കിലും അര്‍ഹതപ്പെട്ട പ്രത്യേക അവശതാവധിയോ ശമ്പളമോ വിദ്യക്ക് ഇതുവരെ ലഭിച്ചിട്ടില്ല. രണ്ടുവര്‍ഷത്തെ അവധിക്ക് അപേക്ഷിച്ചെങ്കിലും അനുവദിച്ചത് 119 ദിവസം മാത്രം. ഇതിനെതിരേ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് വിദ്യ.
Content Highlights: Vidyalakshmi returns to teaching
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..