വിജേഷ് പിള്ള, സ്വപ്ന സുരേഷ്
കൊച്ചി: ഇടനിലക്കാരനെന്ന് നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്നാ സുരേഷ് ആരോപണമുന്നയിച്ച വിജേഷ് പിള്ളയ്ക്ക് കൊച്ചിയിലുള്ളത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച സ്റ്റാർട്ടപ്പ്. കളമശ്ശേരി ചങ്ങമ്പുഴനഗറിലെ ‘ഡബ്ല്യു.ജി.എൻ. ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറാണ് വിജേഷ് പിള്ള.
ഈ സ്ഥാപനത്തിൽ കഴിഞ്ഞദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന നടത്തിയിരുന്നു. എന്നാൽ, സ്ഥാപനം വർഷങ്ങൾക്കുമുമ്പേ പൂട്ടിപ്പോയെന്നാണ് കെട്ടിടസമുച്ചയത്തിന്റെ ഉടമ പറയുന്നത്. എന്നാൽ, രജിസ്‌ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിൽ ഡബ്ല്യു.ജി.എൻ. ഇൻഫോടെക് ഇപ്പോഴും പ്രവർത്തിക്കുന്ന കമ്പനിയാണ്. വിജേഷിന് ഇ.ഡി. നോട്ടീസ് അയച്ചെങ്കിലും ഹാജരായില്ല
ഒരുലക്ഷം രൂപ പ്രാരംഭ മൂലധനവുമായാണ് 2017 ജനുവരി 10-ന് ഈ സ്ഥാപനം തുടങ്ങുന്നത്. റോബോട്ടിക് മേഖലയുമായി ബന്ധപ്പെട്ട കമ്പനിയായിരുന്നു ഇത്. കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഈ കമ്പനി രജിസ്റ്റർ ചെയ്തതായി 2019 ഒക്ടോബർ മൂന്നിന് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന്റെ സ്റ്റാർട്ടപ്പായി അംഗീകരിച്ച സർട്ടിഫിക്കറ്റ് 2019 ഒക്ടോബർ 17-നും ലഭിച്ചിട്ടുണ്ട്. വിജേഷിന് പുറമേ, സാനിയോ അരൂജയും കമ്പനിയുടെ ഡയറക്ടറാണെന്നും രേഖകൾ വ്യക്തമാക്കുന്നു. ‘ആക്‌ഷൻ’ എന്ന പേരിൽ വിജേഷ് 2021-ൽ ഒ.ടി.ടി. പ്ലാറ്റ് ഫോമും തുടങ്ങിയിരുന്നു.
സ്വപ്നയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ സ്പെഷ്യൽ ബ്രാഞ്ച് സംഘം അന്വേഷണത്തിനായി എത്തി. 2017-ൽ പ്രവർത്തനം തുടങ്ങിയെങ്കിലും ആറുമാസത്തിനുശേഷം പ്രവർത്തനം അവസാനിപ്പിച്ചെന്ന് സ്ഥാപനം പ്രവർത്തിച്ചിരുന്ന ക്രസന്റ്‌സ് ടവർ എന്ന കെട്ടിടത്തിന്റെ ഉടമ ജാക്സൺ പറഞ്ഞു.
കണ്ണൂർ സ്വദേശിയാണെന്നും ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട കമ്പനിക്കാണെന്നുമാണ് പറഞ്ഞത്. ഒരുലക്ഷത്തോളം രൂപ വാടകയിനത്തിൽ ലഭിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാടക കുടിശ്ശികയ്ക്കായി വിജേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുറച്ചുനാൾ കഴിഞ്ഞ് ഒരു രാഷ്ട്രീയക്കാരൻ വിജേഷിനെ അന്വേഷിച്ചെത്തി. മണിച്ചെയിൻ ബിസിനസാണ് അയാൾ നടത്തിയിരുന്നതെന്ന് ആ രാഷ്ട്രീയക്കാരൻ പറഞ്ഞതായും കെട്ടിടയുടമ പറയുന്നു.
Content Highlights: Vijesh Pillai, swapna suresh, gold smuggling case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..