പ്രദീപ് കുമാറും രമേശനും ചേർന്ന് സമ്മാനർഹമായ ടിക്കറ്റ് കൈമാറുന്നു| Image Courtesy:Mathrubhumi news
തിരുവനന്തപുരം: വിഷുബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് കഴിഞ്ഞ് എട്ടുദിവസത്തിനുശേഷം ഭാഗ്യവാന്മാരെ പുറത്തറിഞ്ഞു. കന്യാകുമാരി ജില്ലയിലെ മണവാളക്കുറിച്ചി സ്വദേശികളായ ഡോ. എം. പ്രദീപ്കുമാർ, അടുത്തബന്ധുവും അയൽവാസിയുമായ എൻ. രമേശൻ എന്നിവർ ഒന്നിച്ചെടുത്ത ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ പത്തുകോടി ലഭിച്ചത്. തിങ്കളാഴ്ച തിരുവനന്തപുരത്തെ ലോട്ടറി വകുപ്പ് ഓഫീസിലെത്തി ഇരുവരും ഡയറക്ടർക്ക് ടിക്കറ്റ് കൈമാറി.
മണവാളക്കുറിച്ചി ബാപ്പുജി തെരുവിൽ താമസിക്കുന്ന ഡോ. എം. പ്രദീപ്കുമാറും എൻ. രമേശനും തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിന് മുന്നിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. 15-ന് പുലർച്ചയ്ക്ക് ഒരുബന്ധുവിനെ വിദേശത്തേക്ക് യാത്രയാക്കാൻ വന്ന ഇവർ വലിയതുറ സ്വദേശികളായ രംഗൻ, ജസീന്ത ദമ്പതിമാരിൽനിന്നാണ് ടിക്കറ്റ് വാങ്ങിയത്. ഒരാൾ 150-ഉം മറ്റെയാൾ 100-ഉം രൂപ നൽകി ഭാഗ്യം പങ്കിട്ടു. 22-ന് നറുക്കെടുപ്പ് നടന്നെങ്കിലും മൂന്നുദിവസം കഴിഞ്ഞാണ് ഇരുവരും ടിക്കറ്റിലെ നമ്പർ പരിശോധിച്ചത്. വീട്ടിൽവരുത്തുന്ന മാതൃഭൂമിയിൽനിന്ന് ഭാഗ്യത്തിന്റെ വിവരമറിഞ്ഞു.
കുരുന്തൻകോട് ബ്ലോക്ക് പഞ്ചായത്ത് യൂണിയനിലെ മെഡിക്കൽ ഓഫീസറാണ് പ്രദീപ്കുമാർ. ഭാര്യ ഡോ. ലേഖ വി. നമ്പ്യാർ സ്വകാര്യ ക്ലിനിക്ക് നടത്തുന്നു. പ്ലസ് ടു കഴിഞ്ഞ പി. അർജുൻ മകനാണ്. ഗൾഫിൽനിന്നും മടങ്ങിയെത്തിയ രമേശന് നാട്ടിൽ കൃഷിയുണ്ട്. ഭാര്യ മല്ലിക എയ്ഡഡ് സ്കൂൾ അധ്യാപികയാണ്.
10 കോടിയിൽ നികുതി കുറച്ച് ആറുകോടി 16 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ചെറിയ ബാധ്യതയുണ്ടെന്നും അത് തീർക്കണമെന്നും ഇരുവരും പറഞ്ഞു. ടിക്കറ്റ് നൽകിയ ദമ്പതിമാരെ നേരിൽ കാണുമെന്നും ഇവർ അറിയിച്ചു.
Content Highlights: Vishu bumper lottery prize shared by relatives
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..