വിസ്മയ കേസ്; കിരൺകുമാർ 10 വർഷം അഴിക്കുള്ളിൽ


2 min read
Read later
Print
Share

കിരൺ കുമാർ

കൊല്ലം: സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ പീഡനം കാരണം ബി.എ.എം.എസ്. വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് മുൻ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺകുമാർ പത്തുവർഷം അഴിക്കുള്ളിൽ. 12.55 ലക്ഷംരൂപ പിഴയും കോടതി വിധിച്ചു.

അഞ്ചുവകുപ്പുകളിലായി 25 വർഷത്തെ കഠിനതടവാണ് കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. അതിനാൽ, 10 വർഷം ജയിലിൽ കിടന്നാൽ മതിയാകും. പ്രതിയെ ജയിലിലേക്കയച്ചു.

പിഴ അടച്ചില്ലെങ്കിൽ 27 മാസവും 15 ദിവസവും അധികം തടവിൽ കഴിയണമെന്ന് ജഡ്ജി കെ.എൻ. സുജിത്തിന്റെ വിധിന്യായത്തിൽ പറയുന്നു. 10 ലക്ഷംരൂപ പിഴ എന്നത് സ്ത്രീധനനിരോധന നിയമപ്രകാരം സംസ്ഥാനത്തു ചുമത്തിയ ഏറ്റവും വലിയ പിഴയാണ്.

പോരുവഴി ശാസ്താംനട ചന്ദ്രവിലാസത്തിൽ കിരൺകുമാർ (31) കുറ്റക്കാരനാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു.

ചുമത്തപ്പെട്ട വകുപ്പുകളും ലഭിച്ച ശിക്ഷയും

* സ്ത്രീധനപീഡനം കാരണമുള്ള മരണം (ഐ.പി.സി. 304.എ)- 10 വർഷം കഠിനതടവ്

* ആത്മഹത്യാപ്രേരണ (ഐ.പി.സി. 306)- ആറുവർഷം കഠിനതടവ്, രണ്ടുലക്ഷംരൂപ പിഴ. പിഴയടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവ്).

* സ്ത്രീധനപീഡനം (ഐ.പി.സി. 498.എ)- രണ്ടുവർഷം കഠിനതടവ്, 50,000 രൂപ പിഴ. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസംകൂടി തടവ്.

* സ്ത്രീധനനിരോധന നിയമത്തിലെ വകുപ്പ് 3 (സ്ത്രീധനം ആവശ്യപ്പെടൽ)- ആറുവർഷം കഠിനതടവ്, 10 ലക്ഷംരൂപ പിഴ. പിഴ അടച്ചില്ലെങ്കിൽ 18 മാസംകൂടി തടവ്.

* സ്ത്രീധനനിരോധന നിയമത്തിലെ വകുപ്പ് 4 (സ്ത്രീധനം വാങ്ങൽ) ഒരുവർഷം കഠിനതടവ്, 5000 രൂപ പിഴ. പിഴ അടച്ചില്ലെങ്കിൽ 15 ദിവസംകൂടി തടവ്.

പിഴയായി അടയ്ക്കേണ്ട 12.55 ലക്ഷം രൂപയിൽ രണ്ടുലക്ഷം വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണം.

കൊല്ലം പോരുവഴിയിലെ ഭർത്തൃവീട്ടിൽ കഴിഞ്ഞ ജൂൺ 21-നാണ് വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെത്തുടർന്ന് ജീവനൊടുക്കിയെന്നാണ് കേസ്. അറസ്റ്റിലായ കിരണിനെ പിന്നീട് ജോലിയിൽനിന്ന്‌ പിരിച്ചുവിട്ടു.

കിരൺകുമാറിന്റെ ഫോണിൽനിന്ന് പോലീസ് വീണ്ടെടുത്ത റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങൾ നിർണായക തെളിവായി ഹാജരാക്കി.

2020 മേയ് 31-നാണ് നിലമേൽ കൈതോട് സീ വില്ലയിൽ വിസ്മയയെ കിരൺകുമാർ വിവാഹം കഴിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ്, അഭിഭാഷകരായ നീരാവിൽ എസ്. അനിൽകുമാർ, ബി. അഖിൽ എന്നിവരാണ് ഹാജരായത്. ശാസ്താംകോട്ട ഡിവൈ.എസ്.പി. പി. രാജ്കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

അരമണിക്കൂറോളം വാദപ്രതിവാദം

ചൊവ്വാഴ്ച 11.05-ന് കോടതി നടപടികൾ ആരംഭിച്ചപ്പോൾ, എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്ജി കിരൺകുമാറിനോട് ചോദിച്ചു. അച്ഛനും അമ്മയ്ക്കും സുഖമില്ല. അച്ഛന് ഓർമക്കുറവുണ്ട്. അതിനാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും കിരൺ പറഞ്ഞു.

പിന്നീട് അരമണിക്കൂറോളം പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ വാദപ്രതിവാദം നടന്നു. സർക്കാർ ജീവനക്കാരൻകൂടിയായ പ്രതി സ്ത്രീധനത്തിനുവേണ്ടിമാത്രമാണ് ഭാര്യയെ ഉപദ്രവിച്ചത്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും അതിനാൽ ശിക്ഷാവിധി മാതൃകാപരമാകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കിരണിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും മറ്റു കേസുകളിൽ മുമ്പ് ഉൾപ്പെട്ടിട്ടില്ലെന്നും 304 (ബി) പ്രകാരം ജീവപര്യന്തം ശിക്ഷ ആവശ്യമില്ലെന്നും പ്രതിഭാഗവും പറഞ്ഞു. 11.45-ന് ചേംബറിലേക്ക് മടങ്ങിയ ജഡ്ജി അരമണിക്കൂറിനുശേഷം മടങ്ങിയെത്തിയാണ് വിധി പ്രസ്താവിച്ചത്.

Content Highlights: Vismaya dowry death case: Husband sentenced to 10-year imprisonment

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..