• ശിക്ഷവിധിക്കുന്നത് കേൾക്കാനായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ മകൾക്ക് വിവാഹസമ്മാനമായി നൽകിയ ടൊയോട്ട യാരിസ് കാറിൽ കോടതിയിലേക്ക് എത്തിയപ്പോൾ
കൊല്ലം: ത്രിവിക്രമൻ നായർ വിധി കേൾക്കാനെത്തിയത് മകൾ വിസ്മയയ്ക്ക് സ്ത്രീധനമായി നൽകിയ കാറിൽ. കാർ ഇഷ്ടമായില്ലെന്ന കാരണത്താലാണ് കിരൺ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നത്. ഈ കാർ കിരൺ മാസങ്ങൾക്കുമുമ്പ് വിസ്മയയുടെ വീട്ടിൽ ഉപേക്ഷിച്ചശേഷം ആരും ഉപയോഗിച്ചിരുന്നില്ല. ചൊവ്വാഴ്ച കൊല്ലത്ത് കോടതിവിധി കേൾക്കാൻ മകളുടെ ഓർമകളുള്ള കാറിൽത്തന്നെ പോകണമെന്ന് ത്രിവിക്രമൻനായർ തീരുമാനിക്കുകയായിരുന്നു.
വിവാഹത്തലേന്ന് കിരൺ വിസ്മയയുടെ വീട്ടിലെത്തുമ്പോഴാണ് കാർ ആദ്യമായി കണ്ടത്. തനിക്ക് ഇഷ്ടപ്പെട്ട രണ്ട് കമ്പനികളുടെ കാറുകളുടെ പേരുകൾ വിസ്മയയുടെ ബന്ധുക്കളെ കിരൺ അറിയിച്ചിരുന്നു. ലോക്ഡൗൺമൂലം ആ കാറുകൾ വാങ്ങാൻ കഴിയാത്ത സ്ഥിതിയായി.
താൻ ആഗ്രഹിച്ച കാറല്ല ഭാര്യവീട്ടുകാർ വാങ്ങിയതെന്നറിഞ്ഞതോടെ കിരൺ അതൃപ്തി പ്രകടമാക്കി. വിവാഹശേഷം ഇതെച്ചൊല്ലി വിസ്മയയോടും വീട്ടുകാരോടും നിരന്തരം കലഹിക്കുകയും ചെയ്തു. ‘പാട്ടക്കാറാ’ണ് തനിക്ക് കിട്ടിയതെന്നും കാറിന് മൈലേജ് കുറവാണെന്നും പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തിരുന്നു. ലോണെടുത്താണ് കാർ വാങ്ങിയതെന്നറിഞ്ഞതോടെ കിരൺ കൂടുതൽ അസ്വസ്ഥനായി. ഇടയ്ക്ക് കാറിന്റെ ഗ്ളാസ് പൊട്ടിക്കുകയുംചെയ്തു.
പിന്നീട് യാത്രകൾക്കിടയിലും കാറിനെച്ചൊല്ലി ഭാര്യയോട് ഇയാൾ ബഹളമുണ്ടാക്കിയിരുന്നു. 2020 ഓഗസ്റ്റ് 29-ന് ഓണമ്പലത്തുവെച്ചും വഴക്കുണ്ടാക്കി. മർദനത്തെത്തുടർന്ന് വിസ്മയ കാറിൽനിന്നിറങ്ങി ഓടി അടുത്ത വീട്ടിൽ അഭയം തേടി. കാർ വഴിയിൽ ഉപേക്ഷിച്ചുപോയ കിരൺ ഒരുമണിക്കൂറിനുശേഷമാണ് തിരിച്ചെത്തി വിസ്മയയെയും കൂട്ടി പോയത്.
2021 ജനുവരി മൂന്നിന് പുലർച്ചെ ഒന്നേകാലോടെ കിരൺ വിസ്മയയുടെ വീട്ടിൽ വിസ്മയയോടൊപ്പം എത്തി. വിസ്മയയെ ഉപദ്രവിക്കുന്നതിനെ എതിർത്ത സഹോദരൻ വിജിത്തിനെ മർദിച്ചു. കിരൺ കാർ ഉപേക്ഷിച്ച് നിലമേൽ ഭാഗത്തേക്ക് നടന്നാണ് തിരിച്ചുപോയത്. കിരണിന്റെ വീട്ടിലേക്ക് തിരിച്ചുപോകുന്നില്ലെന്ന് അന്ന് തീരുമാനിച്ച വിസ്മയ, ഈ കാറിൽ ഡ്രൈവിങ് പഠിക്കാനും ശ്രമം നടത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..