Photo: Print
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതി നിർമാണത്തിന് അദാനി ഗ്രൂപ്പിന് നൽകാൻ സർക്കാരിന് സഹകരണ ബാങ്കുകളുടെ കൺസോർഷ്യം 550 കോടി രൂപ വായ്പനൽകും. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽനടന്ന മന്ത്രിതല ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
വെള്ളിയാഴ്ച സഹകരണ, തുറമുഖ വകുപ്പ് സെക്രട്ടറിമാർ നടത്തിയ ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായി. പലിശ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഒൻപത് ശതമാനത്തിലധികമായിരിക്കും പലിശനിരക്കെന്നാണ് സൂചന. വൈകാതെത്തന്നെ തുക നൽകാനാണ് സെക്രട്ടറിതല ചർച്ചയിലെ തീരുമാനം.
347 കോടി രൂപ തുറമുഖത്തിന്റെ ബ്രേക്ക് വാട്ടർ (പുലിമുട്ട്) നിർമാണത്തിന് അദാനി ഗ്രൂപ്പിനുനൽകും. 103 കോടി റെയിൽപ്പാത നിർമാണത്തിന്റെ സ്ഥലമേറ്റെടുക്കലിന് സംസ്ഥാന സർക്കാരിനും 100 കോടി ഭൂഗർഭ റെയിൽപ്പാത നിർമാണത്തിന് കൊങ്കൺ റെയിലിനും നൽകും.
ബ്രേക്ക് വാട്ടർ നിർമാണത്തിന്റെ 30 ശതമാനത്തിലധികം പണി പൂർത്തിയായിട്ടുണ്ട്. ഇതിന് 400 കോടി നൽകണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് പലതവണ കത്ത് നൽകിയിരുന്നു. തുടർന്നാണ് സഹകരണ ബാങ്കുകളിൽനിന്ന് വായ്പയെടുക്കാൻ സർക്കാർ തീരുമാനിച്ചത്.
വിഴിഞ്ഞം പദ്ധതിക്ക് 3400 കോടി രൂപ ഹഡ്‌കോയിൽനിന്ന് വായ്പയെടുക്കാനാണ് സർക്കാർ തീരുമാനം. ഇതിനുള്ള നടപടികൾ തുടങ്ങി. വായ്പയ്ക്ക് സർക്കാർ ഗാരന്റി ഉറപ്പാക്കും. എട്ട് ശതമാനത്തിൽക്കൂടാതെയുള്ള പലിശയ്ക്ക് ഹഡ്‌കോ വായ്പ ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അത് ലഭിച്ചാൽ സഹകരണബാങ്ക് വായ്പ തിരിച്ചടയ്ക്കാമെന്നാണ് കണക്കുകൂട്ടൽ.
തുറമുഖനിർമാണം പൂർത്തിയായി 15 വർഷം കഴിഞ്ഞേ നടത്തിപ്പ് സർക്കാരിലേക്കെത്തൂ. അതിനാൽ ഹഡ്‌കോയിൽനിന്ന് വായ്പയെടുത്താൽ 16 വർഷംകഴിഞ്ഞ് തിരിച്ചടവ് നടത്തിയാൽ മതിയെന്ന് ധാരണയായിട്ടുണ്ട്. അതുവരെ പലിശമാത്രം നൽകിയാൽ മതിയാകും.
ഗ്യാപ് വയബിലിറ്റി ഫണ്ടായി കേന്ദ്രം നൽകാനുള്ള 417 കോടി ലഭ്യമാക്കാൻ സർക്കാർ ഇടപെടാമെന്നും തുറമുഖ വകുപ്പ് അദാനി ഗ്രൂപ്പിന് ഉറപ്പുനൽകിയിട്ടുണ്ട്. സെപ്റ്റംബറിൽ വിഴിഞ്ഞത്ത് തുറമുഖത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി കപ്പലെത്തിക്കാനാണ് സർക്കാർ നീക്കം.
Content Highlights: Vizhinjam Port 550 crores will be provided by cooperative banks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..