വിഴിഞ്ഞം പദ്ധതി: അദാനിക്ക് നഷ്ടം 200 കോടി, നഷ്ടം സമരക്കാരിൽനിന്ന് ഈടാക്കാൻ ആലോചന


രാകേഷ് കെ. നായർ

സർക്കാർ നിലപാടുകളോട് അതിരൂപത നിരന്തരം മുഖം തിരിക്കുന്നതും ശനിയാഴ്ച വിഴിഞ്ഞത്ത് പ്രതിഷേധം അക്രമാസക്തമാവുകയും ചെയ്തതോടെ, സമീപനത്തിൽ സർക്കാർ മാറ്റംവരുത്തി. നഷ്ടപരിഹാരം സമരക്കാരിൽനിന്ന് ഈടാക്കണമെന്ന ശുപാർശ അംഗീകരിക്കാൻ തുറമുഖ വകുപ്പ് തീരുമാനിച്ചു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യം തിങ്കളാഴ്ച കോടതിയെ അറിയിക്കാനാണ് ധാരണ.

വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

തിരുവനന്തപുരം: വിഴിഞ്ഞത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന തുറമുഖവിരുദ്ധ സമരത്തിനെതിരേ ശക്തമായ നിലപാടുമായി സർക്കാർ. സമരംകാരണം അദാനി ഗ്രൂപ്പിനുണ്ടായ 200 കോടി രൂപയുടെ നഷ്ടം സമരക്കാരിൽനിന്ന് ഈടാക്കാനാണ് ആലോചന. ഇക്കാര്യം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കാനാണ് ധാരണ. സമരത്തിനെതിരേ അദാനി നൽകിയ കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ശനിയാഴ്ചയുണ്ടായ സംഘർഷത്തിൽ ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ളവരെ പ്രതിചേർത്തത്.

നഷ്ടപരിഹാരം സർക്കാർ നൽകണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിന് (വിസിൽ) അദാനി ഗ്രൂപ്പ് നേരത്തേ കത്ത് നൽകിയിരുന്നു. പ്രതിഷേധംകാരണമുണ്ടായ നഷ്ടപരിഹാരമായി പൊതുപണം നൽകേണ്ടതില്ലെന്നും സമരക്കാരിൽനിന്ന്‌ അത് ഈടാക്കണമെന്നുമാണ് വിസിൽ ശുപാർശ ചെയ്തത്. കരൺ അദാനിയുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തി പദ്ധതിയുടെ നിർമാണത്തിന് വേഗംകൂട്ടാൻ തീരുമാനിച്ചിരുന്നു. സർക്കാർ നിലപാടുകളോട് അതിരൂപത നിരന്തരം മുഖം തിരിക്കുന്നതും ശനിയാഴ്ച വിഴിഞ്ഞത്ത് പ്രതിഷേധം അക്രമാസക്തമാവുകയും ചെയ്തതോടെ, സമീപനത്തിൽ സർക്കാർ മാറ്റംവരുത്തി. നഷ്ടപരിഹാരം സമരക്കാരിൽനിന്ന് ഈടാക്കണമെന്ന ശുപാർശ അംഗീകരിക്കാൻ തുറമുഖ വകുപ്പ് തീരുമാനിച്ചു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യം തിങ്കളാഴ്ച കോടതിയെ അറിയിക്കാനാണ് ധാരണ.

വെള്ളിയാഴ്ച രാവിലെ ചീഫ് സെക്രട്ടറിയും വൈകീട്ട് മുഖ്യമന്ത്രിയും അതിരൂപതയുമായുള്ള ചർച്ചകൾക്കായി ഏറെ നേരം കാത്തിരുന്നെങ്കിലും പ്രതിനിധികളാരുമെത്തിയില്ല. ചർച്ച നടത്താൻ തയ്യാറാണെന്ന് അറിയിച്ച് ഞായറാഴ്ച സമരസമിതി പ്രതിനിധികൾ മന്ത്രി വി. ശിവൻകുട്ടിയെ സമീപിച്ചു. തനിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് പറഞ്ഞ് അവരെ മന്ത്രി തിരിച്ചയച്ചു.

അദാനി പറയുന്ന നഷ്ടക്കണക്ക് ഇങ്ങനെ

105 ദിവസമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് സമരം നടത്തുകയാണ്. തുറമുഖത്തിന്റെ പണിയും മുടങ്ങി. വിദേശത്തുനിന്ന് എത്തിച്ച ബാർജുകളുൾപ്പെടെ നിർമാണസാമഗ്രികൾ സംസ്ഥാനത്തിന്റെ പല തുറമുഖങ്ങളിൽ നിർത്തിയിട്ടിരിക്കുന്നത്. ഇവയുടെ വാടകയിനത്തിൽ ദിവസവും ലക്ഷങ്ങളാണ് നഷ്ടം. സമയബന്ധിതമായി പണി തീർക്കാൻ മുഖ്യമന്ത്രിയുൾപ്പെടെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിദേശത്തുനിന്ന് അടിയന്തരമായി ബാർജുകൾ എത്തിച്ചത്. 200 കോടിയുടെ നഷ്ടമുണ്ടായതായാണ് വാദം.

സർക്കാർ നേരിട്ടിറങ്ങുന്നു

പദ്ധതിക്കെതിരേയുള്ള ആരോപണങ്ങൾക്കും പ്രചാരണങ്ങൾക്കും മറുപടിയുമായി സർക്കാർ നേരിട്ട് രംഗത്തിറങ്ങും. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്ന് വ്യക്തമാക്കി ചൊവ്വാഴ്ച തുറമുഖവകുപ്പ് സെമിനാർ നടത്തുന്നുണ്ട്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ പ്രതിപക്ഷത്തുനിന്ന് ശശി തരൂർ എം.പി.ക്ക് മാത്രമാണ് ക്ഷണമുള്ളത്.

ആവശ്യങ്ങൾ അംഗീകരിച്ചെന്ന് സർക്കാർ, ഇല്ലെന്ന് സമരക്കാർ

സമരക്കാരുന്നയിച്ച ആവശ്യങ്ങളിൽ ഭൂരിപക്ഷവും അംഗീകരിച്ചുവെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ, പുനരധിവാസം ഉൾപ്പെടെ ഇനിയും നടപടികൾ പൂർത്തിയാകാനുണ്ട്. നിർമാണം നിർത്തിവെച്ച് പദ്ധതി മത്സ്യത്തൊഴിലാളികളെ ബാധിക്കുന്നതിനെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തണമെന്നാണ് അതിരൂപതയുടെ നിലപാട്.

Content Highlights: Vizhinjam port protest - 200 crore loss for Adani

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..