വിഴിഞ്ഞം സമരം നിർത്തിയത് താത്‍കാലികമെന്നും സമാധാനാന്തരീക്ഷം നിലനിർത്താനെന്നും അതിരൂപത


1 min read
Read later
Print
Share

പള്ളികളിൽ ഇന്ന് ഇടയലേഖനം വായിക്കും

വിഴിഞ്ഞം തുറമുഖത്തിന്റെ ആകാശദൃശ്യം, സമരത്തെ നേരിടുന്ന പോലിസ് | ഫോട്ടോ മാതൃഭൂമി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം അവസാനിപ്പിച്ചത് താത്കാലികമായാണെന്നും തുടർച്ചയായ രണ്ടു ദിവസങ്ങളിൽ വിഴിഞ്ഞത്തുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനാന്തരീക്ഷം നിലനിർത്താനാണ് പ്രതിഷേധം നിർത്തിയതെന്നും ലത്തീൻ അതിരൂപത. സർക്കാരുമായി അനുരഞ്ജനമുണ്ടാക്കി സമരം അവസാനിപ്പിച്ചതിന്റെ കാരണങ്ങൾ വിശദീകരിച്ച് ഞായറാഴ്ച ലത്തീൻ അതിരൂപതയുടെ പള്ളികളിൽ വായിക്കുന്ന ഇടയലേഖനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

സമരം പരിഹാരം കാണാതെ തുടരുന്നതിൽ പൊതുസമൂഹത്തിനുള്ള ആശങ്കയും ചർച്ചകൾക്കായുള്ള സർക്കാരിന്റെ ക്ഷണവും സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തെ സ്വാധീനിച്ചതായും ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പുറത്തിറക്കുന്ന ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു.

നവംബർ 26, 27 തീയതികളിലായി മുല്ലൂർ, വിഴിഞ്ഞം പ്രദേശങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ തദ്ദേശീയരും പോലീസുമുൾപ്പെടെ നൂറിലധികം പേർക്ക് പരിക്കേറ്റു. ഇതോടെ സമരം തുടരുന്നത് കൂടുതൽ അനിഷ്ടസംഭവങ്ങൾക്കു കാരണമാകുമെന്ന് സമരസമിതിക്ക് ആശങ്കയുണ്ടായി. സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനാണ് തത്കാലം സമരം നിർത്തിവയ്ക്കാനുള്ള തീരുമാനത്തിലേക്കെത്തിയതെന്നും ഇടയലേഖനം വിശദീകരിക്കുന്നു.

കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ, കേരള കത്തോലിക്ക മെത്രാൻ സമിതി, തിരുവനന്തപുരം ലത്തീൻ അതിരൂപതാ ലെയ്‌സണിങ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് സർക്കാരുമായുള്ള ചർച്ചകൾക്കു ശ്രമിച്ചിരുന്നത്. കർദിനാൾ മാർ ബസേലിയോസ് ക്ലിമീസിന്റെ ഇടപെടൽ മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾക്കും സാഹചര്യമൊരുക്കി. സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ തുറമുഖനിർമ്മാണം നിർത്തിവച്ച് പഠനം നടത്തണമെന്നത് ഒഴികെയുള്ളവ അംഗീകരിച്ചുവെന്നാണ് സർക്കാർ വാദം. എന്നാൽ, ഇതു ഭാഗികമായാണ് സർക്കാർ നടപ്പാക്കിയത്. പാരിസ്ഥിതികപ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ചവരിൽ സമരസമിതിയുടെ പ്രതിനിധിയെ ഉൾപ്പെടുത്താത്തത് പ്രതിഷേധാർഹമാണ്.

സമരം അവസാനിപ്പിക്കുമ്പോൾ സർക്കാർ നൽകിയ ഉറപ്പുകളും ഇടയലേഖനത്തിൽ അക്കമിട്ടു നിരത്തുന്നുണ്ട്. പാരിസ്ഥിതികപഠനത്തിന് സമരസമിതി നിയോഗിച്ച ജനകീയസമിതിയുടെ പഠനവും മത്സ്യത്തൊഴിലാളികൾ കോടതിയിൽ നൽകിയ ഹർജിയിലെ വാദവും പുരോഗമിക്കുന്നുവെന്നും വിശ്വാസികളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഇടയലേഖനം അവസാനിപ്പിക്കുന്നത്.

വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തിൽ സമരസമിതിയുടെ ഒരു യോഗം ശനിയാഴ്ച ലത്തീൻ അതിരൂപതാ ആസ്ഥാനത്തു ചേർന്നിരുന്നു. ഇതിലാണ് വിശ്വാസികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്ന സമീപനമുണ്ടാകണമെന്ന തീരുമാനമെടുത്തത്. കൂടാതെ വിശദമായ ചർച്ചകൾക്കായി ഭാവിയിൽ വിപുലമായ യോഗം ചേരാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

Content Highlights: vizhinjam protest

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..