ഒത്തുതീർപ്പിൽ തൃപ്തിയില്ലാതെ സമരസമിതി


വിഴിഞ്ഞം സമരം

മുഖ്യമന്ത്രി പിണറായി വിജയൻ, വിഴിഞ്ഞം സമരത്തിൽ നിന്ന് |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: വിഴിഞ്ഞം സമരം പിൻവലിച്ച സാഹചര്യത്തിൽ തുടർനടപടികൾ ആലോചിക്കാൻ സമരസമിതി ശനിയാഴ്ച വെള്ളയമ്പലം ലത്തീൻ അതിരൂപതാ ആസ്ഥാനത്ത് യോഗം ചേരും. ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, സാഹയമെത്രാൻ ആർ. ക്രിസ്തുദാസ്, സമരസമിതി കൺവീനർ മോൺ. യൂജിൻ എച്ച്. പെരേര എന്നിവർ സമരസമിതി പ്രവർത്തകരുമായി സംസാരിക്കും. സമരം പിൻവലിച്ച സാഹചര്യം ബോധ്യപ്പെടുത്താൻകൂടി ലക്ഷ്യമിട്ടാണ് യോഗം.

സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങിയാണ് സമരം പിൻവലിക്കേണ്ടിവന്നതെന്ന വിലയിരുത്തലിലാണ് സഭ. പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാനായില്ലെന്ന നിരാശയും സർക്കാരിനോടുള്ള അതൃപ്തിയും പ്രവർത്തകർക്കും നേതൃത്വത്തിനുമുണ്ട്. സമരം അപ്രതീക്ഷിതമായി അക്രമാസക്തമായതും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നുള്ള ആരോപണങ്ങളുയർന്നതുമാണ് സമരത്തിന്റെ ചുവടുതെറ്റിച്ചതെന്നാണ് വിലയിരുത്തൽ.

കേസുകളുടെ പേരിൽ സമ്മർദം

ഗുരുതരവകുപ്പുകൾ ചുമത്തിയുള്ള കേസുകളുടെ പേരിലുള്ള സമ്മർദവും സമരം അവസാനിപ്പിക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചെന്നാണ് കരുതുന്നത്. കേസിന്റെ ഗൗരവം സർക്കാർ മധ്യസ്ഥർ മുഖേന സഭാ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. സമരവുമായി ബന്ധപ്പെട്ടുള്ള കേസുകൾ ഒത്തുതീർപ്പിന്റെ ഭാഗമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. അതിനാൽ നിയമപരമായി നേരിടാനാണ് സഭാനേതൃത്വം ആലോചിക്കുന്നത്.

സമരത്തിൽ ചിലർ ബോധപൂർവം സംഘർഷം ഉണ്ടാക്കുകയായിരുന്നുവെന്ന സമരസമിതിയുടെ ആരോപണം ലക്ഷ്യമിടുന്നത് സർക്കാരിനെയാണ്. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ സഭ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതും അതിനാലാണ്. തുറമുഖ നിർമാണം നിർത്തിവെച്ച് ആഘാതപഠനം നടത്തണമെന്ന സമരസമിതിയുടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടുമില്ല..

വാടകയും വീടും സമരനേട്ടം

വീട്ടുവാടക നൽകുന്നതടക്കം സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും ഭാഗികമായെങ്കിലും നേടിയെടുക്കാനായത് സമരത്തിന്റെ നേട്ടമാണെന്നാണ് വിലയിരുത്തൽ. ഫ്ലാറ്റുകളുടെ നിർമാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.

പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനൊപ്പം 635 ചതുരശ്രയടി വിസ്തീർണത്തിൽ കൂടാത്ത വീടിന്റെ രൂപരേഖയെക്കുറിച്ചും ചർച്ചനടത്തും.

മത്സ്യബന്ധനോപകരണങ്ങൾ സൂക്ഷിക്കാൻ പൊതുവായ സ്ഥലമൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള മണ്ണെണ്ണ എൻജിനുകൾ ഡീസൽ, പെട്രോൾ, ഗ്യാസ് എൻജിനുകളിലേക്ക് മാറ്റുന്നതിന് ഒറ്റത്തവണ സബ്‌സിഡി നൽകുമെന്ന ഉറപ്പും കിട്ടി.

ഒത്തുതീർപ്പിന് വഴിതുറന്ന് ഡോ. സൂസപാക്യവും

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ ലത്തീൻ അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെ നിർദേശങ്ങളും സർക്കാർ പരിഗണിച്ചു. കഴിഞ്ഞ മൂന്നിന് സി.പി.എം. സെക്രട്ടേറിയറ്റംഗം എ.കെ. ബാലനുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. സർക്കാർ നൽകിയിട്ടുള്ള ഉറപ്പുകൾ പാലിക്കപ്പെടാത്തതാണ് സമരത്തിലേക്ക് നയിച്ചതെന്നും സൂസപാക്യം ചൂണ്ടിക്കാട്ടി. ഇത് എ.കെ. ബാലൻ മുഖ്യമന്ത്രിയെ അറിയിച്ചു.

പുനരധിവാസം സമയബന്ധിതമായി നടപ്പാക്കപ്പെടുന്നുണ്ടെന്നുറപ്പാക്കാൻ ചീഫ് സെക്രട്ടറിയും തുറമുഖ സെക്രട്ടറിയുമടങ്ങുന്ന സമിതിയെ നിയോഗിച്ചത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. സമരസമിതിയുമായുള്ള തുടർചർച്ചകളും ഈ സമിതിയാകും നടത്തുക.

Content Highlights: vizhinjam port issue, vizhinjam protest

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..