മുഖ്യമന്ത്രി പിണറായി വിജയനുമായി സംവദിക്കുന്ന ശശി തരൂർ എംപി (file) |ഫോട്ടോ:twitter.com|ShashiTharoor
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ആരോപണങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മറുപടി നല്‍കുന്നതിനായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍നിന്ന് ശശി തരൂര്‍ എം.പി പിന്മാറി. വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാവുകൂടിയായ തരൂരിന്റെ പിന്മാറ്റം. പ്രതിപക്ഷത്തുനിന്ന് തരൂരിനെ മാത്രമാണ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നത്. അദ്ദേഹം പിന്മാറിയതോടെ പ്രതിപക്ഷത്തുനിന്നുള്ള നേതാക്കളുടെ അസാന്നിധ്യത്തിലാവും സെമിനാര്‍ നടക്കുക. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും സെമിനാറില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. ആയൂര്‍വേദ ചികിത്സ ഉള്ളതിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തത് എന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സെമിനാര്‍ ഉദ്ഘാടനംചെയ്യും.
പദ്ധതിയുടെ ശാസ്ത്രീയവശങ്ങള്‍ ജനങ്ങള്‍ക്കുമുന്‍പില്‍ അവതരിപ്പിക്കുന്നതിനാണ് വിദഗ്ധരുടെ സെമിനാര്‍ സംഘടിപ്പിക്കുന്നത്. വിഴിഞ്ഞം കേരളത്തിന്റെ സ്വപ്നപദ്ധതിയാണെന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം. മാസ്‌കറ്റ് ഹോട്ടലില്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് (വിസില്‍) ആണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയെക്കൂടാതെ അഞ്ച് മന്ത്രിമാര്‍ സെമിനാറില്‍ പങ്കെടുക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
ദേശീയ സമുദ്രഗവേഷണ കേന്ദ്രത്തിലെയും മദ്രാസ് ഐ.ഐ.ടി.യിലെയും വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന പാനലാണ് സെമിനാറില്‍ സംസാരിക്കുക. പദ്ധതിക്കെതിരേ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ആരോപണങ്ങള്‍ അവാസ്തവമാണെന്ന് വ്യക്തമാക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്നാണ് ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ തുറമുഖ നിര്‍മാണത്തിനെതിരേ നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ്, വികസനനയങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ സെമിനാറിനൊരുങ്ങുന്നത്. സെമിനാറില്‍ ശശി തരൂര്‍ എം.പി എന്ത് നിലപാട് സ്വീകരിക്കുമെന്ന് നിരീക്ഷകര്‍ ഉറ്റുനോക്കിയിരുന്നു. അതിനിടെയാണ് പിന്മാറ്റം.
Content Highlights: Vizhinjam seminar Shashi Tharoor MP CM Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..