പ്രതീകാത്മക ചിത്രം | AP
സീതത്തോട് (േകാട്ടയം): ചൂട് കടുത്തതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. സംഭരണികളിലെ ജലനിരപ്പും മുമ്പില്ലാത്തവിധം കുറഞ്ഞുതുടങ്ങി. ഈ സ്ഥിതി തുടർന്നാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വൈദ്യുതി ഉത്‌പാദനത്തിൽ പ്രതിസന്ധി രൂക്ഷമായേക്കും. ഏതാനും ദിവസമായി വൈദ്യുതി ഉപഭോഗം കൂടിവരുന്നതായാണ് ബോർഡിന്റെ കണക്കുകൾ. അതിനിടെ, വരുംദിവസങ്ങളിൽ ചൂടുകൂടുമെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
സംഭരണികളിലെ ജലനിരപ്പ് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണിപ്പോൾ. സംഭരണികളിലെല്ലാംകൂടി 55 ശതമാനം വെള്ളമേയുള്ളൂ. 2288 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള വെള്ളമാണിത്. ജൂൺ അവസാനംവരെയും ഈ വെള്ളമുപയോഗിച്ച് പിടിച്ചുനിൽക്കാനാണ് ശ്രമം. കഴിഞ്ഞവർഷം ഇതേസമയം 2800 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌പാദനത്തിനുള്ള വെള്ളം ശേഷിച്ചിരുന്നു.
സംസ്ഥാനത്തെ വലിയ പദ്ധതിയായ ഇടുക്കിയിൽ സംസ്ഥാന ശരാശരിയിലും താഴെയാണ് ജലനിരപ്പ്. 50 ശതമാനംമാത്രം. രണ്ടാമത്തെ പദ്ധതിയായ ശബരിഗിരിയിൽ 58 ശതമാനമാണ് ജലനിരപ്പ്.
കഴിഞ്ഞദിവസത്തെ വൈദ്യുതി ഉപഭോഗം 75.696 ദശലക്ഷം യൂണിറ്റായിരുന്നു. ഇതിൽ 59.7737 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്തുനിന്ന് വാങ്ങിയതാണ്. ഉപഭോഗം കൂടുന്നതനുസരിച്ച് ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയുടെ അളവും വർധിക്കുകയാണ്. ഇത് സാമ്പത്തികഭാരം കൂട്ടും.
കേരളത്തിൽ കൊടുംചൂട് വരില്ലെന്ന് കാലാവസ്ഥാവകുപ്പ്
തിരുവനന്തപുരം: കേരളം ഉൾപ്പെടുന്ന തെക്കൻമേഖലയിൽ ഇത്തവണ പതിവിലും കൂടുതൽ ചൂട് ഉയരാൻ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഉഷ്ണതരംഗത്തിനും സാധ്യതയില്ല.
രാജ്യത്ത് മറ്റുമേഖലകളിൽ ചൂട് സാധാരണയിലും കൂടുതലായിരിക്കാനാണ് സാധ്യത. എന്നാൽ, തെക്കൻമേഖലയിൽ അത് വേനൽക്കാലത്തെ സാധാരണ തോതിലോ അതിലും താഴെയോ ആയിരിക്കും. മാർച്ചിലും ഇതായിരിക്കും സ്ഥിതി. വേനൽമഴയും ഇത്തവണ സാധാരണതോതിൽത്തന്നെ ലഭിക്കും.
ദേശീയ കർമപദ്ധതി ബുധനാഴ്ചമുതൽ
അതേസമയം, ചൂട് സംബന്ധമായ അസുഖങ്ങൾ പ്രതിരോധിക്കാനുള്ള ദേശീയ കർമപദ്ധതി ബുധനാഴ്ചമുതൽ നടപ്പാക്കണമെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ കത്തിലൂടെ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
താപതരംഗം ഉൾപ്പെടെ പ്രതിദിന കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് കൃത്യമായ അറിയിപ്പ് ജനങ്ങൾക്ക് നൽകണം. ജനങ്ങൾ അതനുസരിച്ച് ദൈനംദിനപ്രവൃത്തികൾ ക്രമീകരിക്കണം.
ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ ആരോഗ്യസംവിധാനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പാക്കണം.
ജനങ്ങൾ പകൽ 11 മുതൽ മൂന്നുവരെയുള്ള സമയത്ത് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നു.
ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: വേനൽച്ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. താപതരംഗം ഉൾപ്പെടെയുള്ളവയ്ക്കനുസരിച്ച് ദൈനംദിന പ്രവൃത്തികൾ ക്രമീകരിക്കണം.
പകൽ 11 മുതൽ മൂന്നുവരെയുള്ള സമയത്ത് സൂര്യപ്രകാശം ഏൽക്കരുത്. ധാരാളം വെള്ളം കുടിക്കണം. കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക കരുതൽ നൽകണം. തുറസ്സായ സ്ഥലങ്ങളിലെ പരിപാടികൾ ഒഴിവാക്കുകയോ സമയം ക്രമീകരിക്കുകയോ വേണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
ചൂട് സംബന്ധമായ അസുഖങ്ങൾ പ്രതിരോധിക്കാനുള്ള ദേശീയ കർമപദ്ധതി ബുധനാഴ്ചമുതൽ നടപ്പാക്കണമെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
പുല്ലിന് തീപിടിച്ചു; പറമ്പിൽ ജോലിചെയ്തിരുന്നയാൾ പൊള്ളലേറ്റ് മരിച്ചു
പുല്ലൂർ: കനത്തചൂടിൽ ഉണങ്ങിന്നിന്ന പുല്ലിനു തീപ്പിടിച്ചതിനെത്തുടർന്ന്, പറമ്പിൽ ജോലിചെയ്തിരുന്ന വൃദ്ധൻ മരിച്ചു. പുല്ലൂർ ഊരകം സ്വദേശി വെറ്റിലമൂല മണമാടത്തിൽ സുബ്രൻ (75) ആണ് മരിച്ചത്.
ഊരകംപള്ളിക്ക് പിന്നിലായുള്ള മൂന്നേക്കറോളം പറമ്പിലാണ് തീ പടർന്നത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടയിലാകാം അപകടമുണ്ടായതെന്നു കരുതുന്നു. എങ്ങനെ തീ പടർന്നെന്ന് വ്യക്തമല്ല.
കൂലി കൊടുക്കാൻ ഉച്ചയ്ക്ക് ഉടമസ്ഥർ വന്നപ്പോഴാണ് തീ പടർന്നതായി കണ്ടത്. സുബ്രൻ ബോധരഹിതനായി പൊള്ളലേറ്റ് കിടക്കുന്നതായും കണ്ടു. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രത്‌നാവതിയാണ് സുബ്രന്റെ ഭാര്യ. മക്കൾ: രാജു, വിനയൻ, സുനിൽ. മരുമക്കൾ: രേഖ, ഷിനി, സംഗീത.
Content Highlights: Water level in reservoirs reduced; power generation will be affected
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..