കൈക്കൂലി ചോദിച്ചത് വാട്‌സാപ്പ് ഇമോജി വഴി, പണം നല്‍കാന്‍ ഇടനിലക്കാരന്റെ ഗൂഗിള്‍ പേ നമ്പര്‍; പിടിയില്‍


2 min read
Read later
Print
Share

സംശയം തോന്നിയ പ്രജിൽ സമീപത്തെ പറമ്പിലേക്ക് നോട്ടുകൾ വലിച്ചെറിയാൻ ശ്രമിച്ചെങ്കിലും ഇയാൾ പിടിക്കപ്പെടുകയായിരുന്നു

പ്രതീകാത്മക ചിത്രം, പ്രജിൽ

പറവൂർ: ഭൂമി തരംമാറ്റുന്നതിനുള്ള രേഖകൾ ശരിയാക്കി നൽകുന്നതിന് ഭൂവുടമയിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങിയ പുത്തൻവേലിക്കര കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് നേര്യമംഗലം കൂത്താടിയിൽ വീട്ടിൽ കെ.എഫ്. പ്രജിലിനെ (40) വിജിലൻസ് സംഘം പിടികൂടി. പുത്തൻവേലിക്കര തുരുത്തൂർ കാച്ചപ്പിള്ളി വിജുവിനോടാണ് കൈക്കൂലി വാങ്ങിയത്. ഓസ്‌ട്രേലിയയിൽ ജോലി നോക്കുന്ന വിജുവിന് പുത്തൻവേലിക്കരയിൽ ഒൻപതു സെന്റ് സ്ഥലവും ഭാര്യയുടെ പേരിൽ 8.5 സെന്റും സ്ഥലമുണ്ട്. ഡേറ്റാ ബാങ്കിൽ ഇത് നിലമാണ്. നിലം നികത്തുഭൂമി തരംമാറ്റി പുരയിടമാക്കാൻ അനുകൂല റിപ്പോർട്ട് നൽകുന്നതിനാണ് കൃഷി അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടത്.

കഴിഞ്ഞ നവംബറിലാണ് ഇത് പുരിയിടമാക്കി കിട്ടാൻ അക്ഷയകേന്ദ്രം വഴി അപേക്ഷ നൽകിയത്. പിന്നീട് അന്വേഷിച്ചപ്പോൾ ആർ.ഡി.ഒ. കൃഷി ഭവനിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളതായി മനസ്സിലാക്കി. നവംബർ 30-ന് വിജു ഓസ്‌ട്രേലിയയിലേക്ക് തിരിച്ചുപോകും മുൻപ് കൃഷി ഓഫീസറെ ചെന്നു കാണുകയും രേഖകൾ ശരിയാകുമ്പോൾ വിവരം അറിയിക്കാനായി നാട്ടിലെ ബന്ധുവിന്റെ നമ്പർ നൽകി മടങ്ങുകയും ചെയ്തു. പിന്നീട് പക്ഷേ, കൃഷിഭവനിൽ നിന്നു തുടർ നടപടി ഉണ്ടായില്ല.

ഫെബ്രുവരി 18-ന് നാട്ടിലെത്തിയ വിജു കൃഷി ഓഫീസറെ വിളിച്ചു. 21-ന് സ്ഥലം കാണാൻ കൃഷി അസിസ്റ്റന്റ് എത്തി രണ്ടു സ്ഥലങ്ങളും വിജുവിനോടൊപ്പം കണ്ടു. രേഖകൾ ശരിയാക്കാൻ രണ്ടുമാസം വരെ കാലതാമസം ഉണ്ടാകുമെന്നും പറഞ്ഞു. സ്ഥലം പരിശോധിച്ച ദിവസം വൈകീട്ട് പ്രജിൽ വിജുവിന്റെ ഫോണിലേക്ക് അഞ്ചു കൈവിരൽ ഉയർത്തിയുള്ള വാട്സാപ്പ് സന്ദേശം അയച്ചു. ഇതേക്കുറിച്ച് വിളിച്ചു ചോദിച്ചപ്പോൾ അനുകൂല റിപ്പോർട്ട് നൽകാൻ 5000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. പണം നൽകാൻ ഇടനിലക്കാരനായ മറ്റൊരാളുടെ ഗൂഗിൾപേ നമ്പറും നൽകി. അതോടെ വിജു വിജിലൻസ് ഇന്റലിജൻസ് ഓഫീസിലെ ടോൾഫ്രീ നമ്പറായ 1064-ൽ അറിയിക്കുകയായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം രാസവസ്തു പുരട്ടിയ പേപ്പറിൽ പൊതിഞ്ഞ 500-ന്റെ 10 നോട്ടുകൾ വിജുവിനെ ഏൽപ്പിച്ചു. പ്രജിലിനെ വിളിച്ച് തനിക്ക് ഗൂഗിൾപേ ഇല്ലെന്നും പണമായി നൽകാമെന്നും അറിയിച്ചു. പുത്തൻവേലിക്കരയിലെ ഒരു ബേക്കറിയുടെ പിന്നിൽ വന്നു നിൽക്കാമെന്ന് പ്രജിൽ പറഞ്ഞു. നിശ്ചയിച്ചപ്രകാരം 11 മണിക്ക് സ്ഥലത്ത് എത്തുകയും മറയിലേക്ക് കൊണ്ടുപോയി പണം കൈപ്പറ്റുകയും ചെയ്തു. ഇതിനിടെ എന്തോ സംശയം തോന്നിയ പ്രജിൽ സമീപത്തെ പറമ്പിലേക്ക് നോട്ടുകൾ വലിച്ചെറിയാൻ ശ്രമിച്ചെങ്കിലും ഇയാൾ പിടിക്കപ്പെടുകയായിരുന്നു. വിജിലൻസ് ഡിവൈ.എസ്.പി. എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കൈയോടെ പിടികൂടിയത്.

Content Highlights: whatsapp Bribery krishi assistant arrested

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..