പ്രതീകാത്മക ചിത്രം, പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ച ചോർത്തിയതിനെക്കുറിച്ച് സംഘടനയ്ക്കുള്ളിൽ വിവാദം. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥനെ പ്രതിയാക്കുന്ന സാഹചര്യമുണ്ടായത് വാട്‌സാപ്പ് ചർച്ചകളാണ്. സംഘടനയ്ക്കുള്ളിൽനിന്നുതന്നെ ഇതു ചോർന്നതിനെക്കുറിച്ചാണ് വിവാദം.
ചാറ്റുകൾ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം യൂത്ത് കോൺഗ്രസ് നേതാക്കൾ കേന്ദ്രനേതൃത്വത്തിന് കത്തുനൽകി.
വൈസ് പ്രസിഡന്റുമാരായ എൻ.എസ്. നുസൂർ, എസ്.എം. ബാലു എന്നിവരുടെ നേതൃത്വത്തിലാണ് 12 ഭാരവാഹികൾ കത്തുനൽകിയത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രനേതൃത്വം കമ്മിഷനെ ചുമതലപ്പെടുത്തുമെന്നാണ് സൂചന. യൂത്ത് കോൺഗ്രസിനുള്ളിൽ ദീർഘകാലമായി പുകഞ്ഞുനിൽക്കുന്ന അസ്വാരസ്യങ്ങളാണ് വാട്‌സാപ്പ് ചാറ്റുകൾ ചോർന്നതിലൂടെ ആളിക്കത്തിയത്.
സമീപകാലത്ത് പാലക്കാട്ടുനടന്ന യൂത്ത് കോൺഗ്രസ് ചിന്തൻശിബിരത്തിൽവെച്ച് അതിക്രമം നേരിട്ടുവെന്നു കാണിച്ച് വനിതാപ്രവർത്തക പരാതി നൽകിയിരുന്നു. ഇതിനുപിന്നിൽ ഗ്രൂപ്പ് പ്രശ്നങ്ങളുണ്ടെന്നും പരാതി ഉയരുകയുണ്ടായി. തുടർന്നാണ് ശബരീനാഥിനെതിരായ വാട്‌സാപ്പ് ചാറ്റുകളും ചോർന്നത്.
സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റങ്ങൾക്കനുസരിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിലും ചേരിതിരിവുകളുണ്ടായിട്ടുണ്ട്. ഇതുകാരണമുള്ള അസ്വാരസ്യങ്ങളാണ് ഗ്രൂപ്പ് പോരാട്ടത്തിലേക്ക് നയിച്ചത്. സ്ത്രീപീഡനപരാതി അന്വേഷിക്കുന്ന കമ്മിറ്റിയെത്തന്നെ ഇൗ അന്വേഷണംകൂടി ഏൽപ്പിച്ചേക്കും. കെ.എസ്. ശബരീനാഥ് ഔദ്യോഗിക പരാതി നൽകിയിട്ടില്ല. സംഘടനാപരമായ അന്വേഷണവും നടപടിയും നടക്കട്ടെയെന്ന നിലപാടിലാണ് അദ്ദേഹം.
കെ.എസ്.യു. പ്രസിഡന്റ് നിയമനത്തിലും തർക്കം
കെ.എസ്.യു. സംസ്ഥാനപ്രസിഡന്റ് നിയമനത്തിലും കോൺഗ്രസിൽ തർക്കം. മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയ മാനദണ്ഡങ്ങൾ അട്ടിമറിച്ച് നിയമനം നടത്താൻ നീക്കം നടക്കുന്നതായാണ് പരാതി. രണ്ടുവർഷത്തേക്ക് നിയമിച്ച കെ.എം. അഭിജിത് പ്രസിഡന്റായ കമ്മിറ്റി അതിന്റെ ഇരട്ടിവർഷം പിന്നിട്ടുകഴിഞ്ഞു.
27 വയസ്സ് പിന്നിടരുതെന്നും വിവാഹം കഴിക്കാത്തവരെ പരിഗണിച്ചാൽ മതിയെന്നുമുള്ള ധാരണയിൽ മുതിർന്ന നേതാക്കളെത്തിയിരുന്നു. നിലവിലെ ഭാരവാഹികളിൽ അമൽ ജോയ്, മുഹമ്മദ് ഷമ്മാസ്, അരുൺ രാജേന്ദ്രൻ, യദുകൃഷ്ണൻ എന്നിവരാണ് ഈ മാനദണ്ഡപ്രകാരം യോഗ്യതയുള്ളത്. എന്നാൽ, ധാരണയും മാനദണ്ഡവും മറികടന്ന് പ്രസിഡന്റ് നിയമനം നടത്താനാണ് നിലവിൽ നീക്കമെന്നാണ് പരാതി.
Content Highlights: Whatsapp chat leaked controversy - youth congress approaches center committee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..