വ്യാജരേഖ: യുവതിക്ക് SFI നേതൃത്വവുമായി അടുത്തബന്ധം, മന്ത്രി രാജീവിനെതിരെയും ആരോപണവുമായി KSU


3 min read
Read later
Print
Share

കെ. വിദ്യ

കൊച്ചി: ഗസ്റ്റ് ലക്ചററാകാൻ വ്യാജരേഖ ചമച്ച യുവതിക്ക് എസ്.എഫ്.ഐ. സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധം. വ്യാജരേഖ ചമച്ച കാസർകോട് തൃക്കരിപ്പൂർ മണിയനോടി സ്വദേശിനി കെ. വിദ്യക്കെതിരേ മഹാരാജാസ് കോളേജിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. മഹാരാജാസിലും സംസ്കൃത സർവകലാശാലയിലും എസ്.എഫ്.ഐ. നേതാവായിരുന്നു വിദ്യ. യൂണിയൻ ഭരണസമിതിയിലും അംഗമായിരുന്നു. എസ്.എഫ്.ഐ. ബന്ധം ഉപയോഗിച്ചാണ് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർഥിനി ഗസ്റ്റ് ലക്ചററാകാൻ വ്യാജരേഖ ചമച്ചെന്ന വാർത്ത ’മാതൃഭൂമി’ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയ്, ചൊവ്വാഴ്ച രാവിലെ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. വൈകുന്നേരം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ കോളേജിലെത്തി പ്രിൻസിപ്പലിന്റെ മൊഴി രേഖപ്പെടുത്തി. രേഖ പൂർണമായും വ്യാജമാണെന്ന് പ്രിൻസിപ്പൽ മൊഴി നൽകി. ഇതിനൊപ്പം അട്ടപ്പാടി ഗവ. കോളേജിൽനിന്ന്‌ മഹാരാജാസ് കോളേജിലേക്ക് അയച്ചു കൊടുത്ത മുഴുവൻ രേഖകളും പോലീസിന് കൈമാറി.

വിദ്യ എറണാകുളം മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തിൽ 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചറർ ആയിരുന്നു എന്ന രേഖയാണ് വ്യാജമായി നിർമിച്ചത്. കോളേജിന്റെ ലെറ്റർപാഡ്, സീൽ, മുദ്ര എന്നിവ വ്യാജമായി ഉണ്ടാക്കുകയായിരുന്നു.

അട്ടപ്പാടി ആർ.ജി.എം. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കഴിഞ്ഞ ആഴ്ച ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് ചെന്നപ്പോഴാണ് കെ. വിദ്യ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സമർപ്പിച്ചത്. ഇതിൽ സംശയം തോന്നിയ അട്ടപ്പാടി കോളേജ് അധികൃതർ മഹാരാജാസ് കോളേജുമായി ബന്ധപ്പെടുകയായിരുന്നു. വിദ്യ സമർപ്പിച്ച എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിലെ കാലയളവിൽ മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാർ ഉണ്ടായിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ പറഞ്ഞിട്ടുണ്ട്.

മുൻപ്‌ പാലക്കാട് പത്തിരിപ്പാല ഗവ. കോളേജ്, കാസർകോട് കരിന്തളം ഗവ. കോളേജ് എന്നിവിടങ്ങളിലും വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ട്.

വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നിർമിക്കാൻ വിദ്യക്ക് എസ്.എഫ്.ഐ. നേതൃത്വത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന ആരോപണവുമായി എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയും കെ.എസ്.യു.വും രംഗത്തെത്തി. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുമായി അടുത്ത സൗഹൃദമാണ് വിദ്യക്കുള്ളത്.

2017-18 കാലത്താണ് വിദ്യ മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ. പാനലിൽ പി.ജി. റെപ് ആയി ജയിച്ചത്. ഇതിനുശേഷം കാലടി സർവകലാശാലയിൽ എം.ഫിലിന് ചേർന്നപ്പോൾ അവിടെ എസ്.എഫ്.ഐ. പാനലിൽനിന്ന് വിജയിച്ച് സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി.

അട്ടപ്പാടിയിലാണ് വ്യാജരേഖ സമർപ്പിച്ചതെന്നതിനാൽ കേസ് പാലക്കാട് പോലീസിന് കൈമാറാനാണ് സാധ്യത. വ്യാജരേഖ ചമയ്ക്കൽ ഗുരുതരമായ കുറ്റമാണെന്നതിനാൽ വിദ്യയെ അറസ്റ്റുചെയ്യുമെന്നാണ് സൂചന.

കരിന്തളം ഗവ. കോളേജിലും വ്യാജരേഖ സമർപ്പിച്ചു

കൊച്ചി: ഗസ്റ്റ് ലക്ചററായി ജോലി നേടാൻ കാസർകോട് കരിന്തളം ഗവ. കോളേജിലും കെ. വിദ്യ വ്യാജരേഖ ഉപയോഗിച്ചു. 2022-23 അധ്യയന വർഷമാണ് വിദ്യ ഇവിടെ മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലക്ചററായി നിയമനം നേടിയത്. കോളേജിന്റെ വെബ്‌സൈറ്റിൽ വിദ്യയുടെ ചിത്രം ഗസ്റ്റ് ലക്ചറർ എന്ന നിലയിൽ ഇപ്പോഴുമുണ്ട്. വ്യാജരേഖ വാർത്ത മാതൃഭൂമി പത്രത്തിൽ കണ്ടതിനെ തുടർന്നാണ് കോളേജ് അധികൃതർ പരിശോധന നടത്തിയത്. വ്യാജരേഖയിൽ കോളേജും പരാതി നൽകുമെന്നാണ് സൂചന. പത്തിരിപ്പാല ഗവ. കോളേജിൽ ഈ വ്യാജരേഖ വിദ്യ സമർപ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

കെ. വിദ്യക്കെതിരേ ആരോപണവുമായി കെ.എസ്.യു.

കണ്ണൂര്‍: കാലടിയില്‍ പിഎച്ച്.ഡി. പ്രവേശനത്തില്‍ അട്ടിമറി നടന്നതായി കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. റിസര്‍ച്ച് കമ്മിറ്റി തയ്യാറാക്കിയ 10 പേരുടെ പട്ടികയില്‍ കെ. വിദ്യയുടെ പേരുണ്ടായിരുന്നില്ല. ഇവര്‍ക്കായി അഞ്ചുപേരെക്കൂടി അധികമായി ഉള്‍പ്പെടുത്തി. പി.എം. ആര്‍ഷോയും മന്ത്രി പി. രാജീവും ഇതിനു ക്രമവിരുദ്ധമായി ഇടപെട്ടു -ഷമ്മാസ് ആരോപിച്ചു.

ഇക്കാലത്ത് സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി (ഇന്നത്തെ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി) ആയിരുന്ന പി.എം. ആര്‍ഷോയുടെയും അന്നത്തെ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി സി.എസ്. അമലിന്റെയും ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ച് അധികൃതരെ സ്വാധീനിച്ചാണ് വിദ്യക്ക് അനധികൃതമായി പ്രവേശനം കൊടുത്തതെന്നും ഷമ്മാസ് പറഞ്ഞു.

ശക്തമായ നടപടി - മന്ത്രി

തിരുവനന്തപുരം: മഹാരാജാസിലെ പൂര്‍വവിദ്യാര്‍ഥിനി വ്യാജരേഖചമച്ച സംഭവത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു. വ്യക്തമാക്കി.

പൂര്‍വവിദ്യാര്‍ഥിനി വ്യാജരേഖ ഉണ്ടാക്കിയ സംഭവത്തില്‍ കോളേജിന്റെ ഭാഗത്ത് ഒരുതെറ്റുമില്ല. ആ സീല്‍ കോളേജ് പ്രിന്‍സിപ്പലിന്റേതല്ല. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പ്രിന്‍സിപ്പല്‍തന്നെ പറഞ്ഞിട്ടുണ്ട്. കോളേജിന് ഇക്കാര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്വമില്ല. അത് ഒരുവ്യക്തി ചെയ്ത തെറ്റാണ്. ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കാനുള്ള ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: woman uses fake document to get job of guest lecturer

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..