സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി പോലീസിനെ തള്ളിയിട്ടശേഷം വിലങ്ങുമായി രക്ഷപ്പെട്ടു


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: PTI

കരിക്കോട്(കൊല്ലം): സ്ത്രീയെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതി പോലീസിനെ വെട്ടിച്ച് വിലങ്ങുമായി രക്ഷപ്പെട്ടു. കരിക്കോട് പൗർണമി നഗർ, തട്ടാൻതറ വീട്ടിൽ ഗോപു(30)വാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഒൻപതിന് കരിക്കോട് കുരുതികാമൻക്ഷേത്രത്തിനു സമീപം വയലിൽഭാഗത്താണ് സംഭവം.

ഒരുമാസംമുമ്പ്‌ പേരൂർ സ്വദേശിനിയെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ പ്രതിയാണ് ഗോപു. സംഭവത്തിനുശേഷം ഒളിവിലായിരുന്നു ഇയാൾ. തിങ്കളാഴ്ച വീടിനുസമീപത്തുണ്ടെന്ന്‌ അറിഞ്ഞെത്തിയ കിളികൊല്ലൂർ പോലീസ് പ്രതിയെ പിടികൂടി കൈവിലങ്ങുവെച്ച് ജീപ്പിനടുത്തേക്ക് കൊണ്ടുവരുന്നതിനിടെ പോലീസുകാരെ തള്ളിയിട്ടശേഷം രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് കൊല്ലം, അഞ്ചാലുംമൂട്, കൺട്രോൾ റൂം, ചീറ്റ, എ.ആർ. ക്യാമ്പ് എന്നിവിടങ്ങളിൽനിന്ന്‌ കൂടുതൽ പോലീസ് സ്ഥലത്തെത്തി. വൈകീട്ട് പോലീസ് നായയെ കൊണ്ടുവന്നും അന്വേഷണം നടത്തി. പ്രതി കരിക്കോടുഭാഗത്തുതന്നെയുണ്ടെന്ന നിഗമനത്തിൽ രാത്രി വൈകിയും പരിശോധന തുടരുകയാണ്.

മുമ്പും പോലീസിനെ വെട്ടിച്ചുകടന്നു

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഗോപു മുമ്പ്‌ രണ്ടുതവണ കിളികൊല്ലൂർ പോലീസിനെ വെട്ടിച്ചുകടന്നിട്ടുണ്ട്. 2014-ൽ അടിപിടിക്കേസിൽ പിടിയിലായ പ്രതി പോലീസ് സ്റ്റേഷനിലെ സെല്ലിൽവെച്ച് കൈഞരമ്പ് മുറിക്കാൻ ശ്രമിച്ചു. ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ചുകടന്നെങ്കിലും പിന്തുടർന്നു പിടികൂടി. 2016-ൽ മറ്റൊരു കേസിൽ പിടിയിലായപ്പോൾ വനിതാ പോലീസിനെ ആക്രമിച്ചു രക്ഷപ്പെട്ടു. അന്ന് ആലപ്പുഴയിൽനിന്ന്‌ ഷാഡോ പോലീസാണ് പ്രതിയെ പിടികൂടിയത്.

Content Highlights: women attack accused escapes from police custoday

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..