ഫോട്ടോ: ജി.ശിവപ്രസാദ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സന്ദർശകർക്കും ജീവനക്കാർക്കും കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുക്കം തുടങ്ങി. പ്രവേശനനിയന്ത്രണത്തിനായി ഒരുവർഷം മുമ്പുവാങ്ങിയ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് അവസാനഘട്ടത്തിലാണ്. ഹാജർ രേഖപ്പെടുത്താൻ ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തിയതിനുപിന്നാലെ ജനുവരി ഒന്നുമുതൽ ‘അക്‌സസ് കൺട്രോൾ സിസ്റ്റം’ നിലവിൽവരും. ജോലിസമയത്ത് ജീവനക്കാർ സീറ്റിലുണ്ടെന്ന് ഉറപ്പാക്കാനാണിത്.
തിരിച്ചറിയൽ കാർഡുപയോഗിച്ചുമാത്രം തുറക്കാനാകുന്ന ഗേറ്റുകൾ ഓഫീസുകൾക്കുമുന്നിലും ഇടനാഴികളിലും സ്ഥാപിക്കും. ജീവനക്കാർ വരുന്നതും പോകുന്നതും സോഫ്റ്റ്‌വേർ രേഖപ്പെടുത്തും.
അക്‌സസ് കൺട്രോൾ പ്രവർത്തനത്തിനുള്ള കരടുനിർദേശങ്ങളും പുറത്തിറക്കി. സാധാരണ ജോലിസമയത്തേക്കാൾ കൂടുതൽ ജോലിചെയ്യുന്നവർക്ക് ദിവസം പരമാവധി രണ്ടുമണിക്കൂറെന്ന കണക്കിൽ മാസം 1200 മിനിറ്റ് ഗ്രെയ്‌സ് ടൈം ലഭിക്കും. ഇത്തരത്തിൽ ഗ്രെയ്‌സ് ടൈമുള്ളവർക്ക് ദിവസം പരമാവധി രണ്ടേകാൽ മണിക്കൂർ ഓഫീസിനുപുറത്തിറങ്ങാം.
ഉച്ചഭക്ഷണത്തിനുള്ള 45 മിനിറ്റുൾപ്പെടെയാണിത്. ഇതിൽക്കൂടുതൽ സമയം ഓഫീസിനുപുറത്താണെങ്കിൽ അരദിവസം അവധിയെടുത്തതായി കണക്കാക്കും. നാലുമണിക്കൂറിലധികം പുറത്താണെങ്കിൽ ഒരുദിവസം അവധിയായി കണക്കാക്കും.
സന്ദർശകർക്ക് കാർഡ് നൽകും
വിവിധ ആവശ്യങ്ങൾക്ക് സെക്രട്ടേറിയറ്റിലെത്തുന്നവർ സന്ദർശകകേന്ദ്രങ്ങളിൽ അവരുടെ ഏതെങ്കിലും തിരിച്ചറിയൽ കാർഡ് നൽകണം. പകരം അക്‌സസ് കൺട്രോൾ സിസ്റ്റത്തിൽ ഉപയോഗിക്കാവുന്ന സന്ദർശക കാർഡ് നൽകും. തിരിച്ചിറങ്ങുമ്പോൾ കാർഡ് തിരികെ നൽകണം. സന്ദർശക കാർഡ് നഷ്ടപ്പെടുത്തിയാൽ 500 രൂപ പിഴനൽകണം.
ഈ സംവിധാനത്തിനായി 1.97 കോടിരൂപ ചെലവിട്ട് ഉകരണങ്ങൾ വാങ്ങിയിരുന്നു. നവംബറിൽ പ്രവർത്തനം തുടങ്ങാനിരുന്നതാണ്. എന്നാൽ, ജീവനക്കാരെ നിയന്ത്രിക്കുന്നതിനെ സംഘടനകൾ എതിർത്തതോടെ വൈകി.
ചീഫ് സെക്രട്ടറി ചർച്ചയ്ക്ക് വിളിച്ചു
ജീവനക്കാരെ നിയന്ത്രിക്കുന്നത് സെക്രട്ടേറിയറ്റിനെ ഫാക്ടറിക്ക് സമാനമാക്കുമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിലപാട്. ഒരു ഓഫീസിൽനിന്ന് മറ്റൊരു ഓഫീസിലേക്കു പോകാൻ നാലിടത്ത് പഞ്ച് ചെയ്യേണ്ടിവരുന്ന ഇടങ്ങളുമുണ്ട്. ഗ്രെയ്‌സ് ടൈം ഉൾപ്പെടെയുള്ള നിർദേശങ്ങളിൽ അവ്യക്തതയുണ്ടെന്നും സംഘടനകൾ പറയുന്നു. പുതിയ സംവിധാനത്തെപ്പറ്റി ചർച്ചചെയ്യാൻ വെള്ളിയാഴ്ച ചീഫ് സെക്രട്ടറി സംഘടനകളുടെ പ്രതിനിധികളെ ചർച്ചയ്ക്കുവിളിച്ചിട്ടുണ്ട്.
Content Highlights: Work restrictions for Secretariat staff
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..