അറിയുന്നത് മലയാളം മാത്രം; മോസസിന് പ്രിയം ലോകക്ലാസിക്കുകൾ


2 min read
Read later
Print
Share

‘‘കുട്ടികൾക്കും മുതിർന്നവർക്കും പിറന്നാൾ സമ്മാനങ്ങളും മറ്റും നൽകാൻ മറ്റൊന്നും തേടിപ്പോകാറില്ല. പുസ്തകങ്ങളാണെന്റെ സമ്മാനം’’

മോസസ് തന്റെ കാർപോർച്ചിലിരുന്ന് പുസ്തകം വായിക്കുന്നു

തൃശ്ശൂർ: ‘‘ജെയിംസ് ജോയിസിന്റെ വമ്പൻ നോവൽ യുലീസസ്സിന്റെ 370 പേജുകൾ ഞാൻ വായിച്ചു. പിന്നീട് മുന്നോട്ടുപോയില്ല. 1244 പേജുകളുണ്ടതിൽ. ഒരു ഏഴാം ക്ലാസുകാരന്റെ പരിമിതികൾ അറിയാമല്ലോ. അറിയുന്നത് മലയാളം മാത്രം. നോവലിനൊപ്പം അതിന് സഹായകമായ കുറിപ്പുകളും വായിക്കണം. നന്നായി ബുദ്ധിമുട്ടണം. പക്ഷേ, യുലീസസ്സ് ഞാൻ മുഴുവൻ വായിച്ചുതീർക്കും’’ -ആത്മവിശ്വാസംനിറഞ്ഞ ശബ്ദത്തിൽ പൈങ്ങാട്ടുപറമ്പിൽ മോസസ് പറഞ്ഞു.

തൃശ്ശൂർ ജില്ലയിലെ മണ്ണുത്തി സ്വദേശിയായ ഈ പുസ്തകസ്നേഹി ഇപ്പോൾ വിവിധ ഭാഷകളിൽനിന്നുള്ള കൃതികളുടെ മലയാള വിവർത്തനത്തിനു പിന്നാലെയാണ്. വിക്ടർ ഹ്യൂഗോ, ദസ്തയേവ്സ്കി, ടോൾസ്റ്റോയ്, ഖലീൽ ജിബ്രാൻ എന്നീ എഴുത്തുകാരുടെ കൃതികളെല്ലാം പ്രിയം.

മാർക്കേസാണ് പ്രിയപ്പെട്ടവൻ. അദ്ദേഹത്തിന്റെ ഏകാന്തതയുടെ നൂറുവർഷങ്ങളും കോളറക്കാലത്തെ പ്രണയവും അടുപ്പമുള്ള പുസ്തകങ്ങൾ. പുസ്തകങ്ങൾ മാത്രമല്ല വായനക്കാരെയും മോസസിന് ഏറെ ഇഷ്ടമാണ്. അവർക്കായി പുസ്തകങ്ങൾ കൈമാറാനും വായനാനുഭവത്തിൽനിന്ന് നിർദേശങ്ങൾ നൽകാനും ഈ 56-കാരൻ തയ്യാർ.

12-ാം വയസ്സിൽ അമ്മാവനോടൊപ്പം ജോലിതേടി മുംബൈയിലേക്കുപോയ മോസസ് വായനയുടെ ലോകത്തെത്തുന്നത് 18-ാം വയസ്സിലാണ്. 13-ാം വയസ്സിൽ ജോലിനൽകിയ കേരള എക്സ്പോർട്ടേഴ്സ് ആൻഡ് ട്രേഡേഴ്സ് എന്ന ന്യൂസ് പേപ്പർ ഏജൻസിയാണ് അതിനു വഴിയൊരുക്കിയത്.

പത്രങ്ങളും ആനുകാലികങ്ങളും അടക്കം ഇന്ത്യയിൽ അച്ചടിക്കുന്നതെല്ലാം വിദേശത്തേക്ക് കയറ്റിയയക്കുന്ന ഏജൻസിയായിരുന്നു ഇത്.

പകൽ ജോലിക്കുശേഷം ഗോഡൗണിൽത്തന്നെയായിരുന്നു താമസം. അവിടെയുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉൾപ്പെടെയുള്ള മലയാളം ആനുകാലികങ്ങളും പുസ്തകങ്ങളും രാത്രി വൈകുംവരെ വായിക്കും. 1992-ൽ ജോലിനഷ്ടപ്പെട്ട് നാട്ടിലെത്തി കൽപ്പണിക്കാരനായി. വായന നിർത്തിയില്ല. കൂലിയിൽനിന്ന് മിച്ചംപിടിച്ച് പുസ്തകങ്ങൾ വാങ്ങും.

അന്ന് താമസിച്ചിരുന്ന വീടിനടുത്തുള്ള പുത്തൂർ, പൊന്നൂക്കര വായനശാലയിലെ പുസ്തകങ്ങളെല്ലാം വായിച്ചുതീർത്തു. കൈയിലുണ്ടായിരുന്ന പുസ്തകങ്ങളെല്ലാം അവർക്കുനൽകി.

കൂലിപ്പണിക്കു പോകുമ്പോൾ ഭാര്യ ജയയാണ് മോസസിനുവേണ്ടി വായനശാലകളിൽനിന്ന് പുസ്തകങ്ങൾ എത്തിച്ചുനൽകിയിരുന്നത്.

ചിമ്മിനിവെട്ടത്തിൽ മണിക്കൂറുകൾ നീണ്ട വായന കണ്ണിനെ ബാധിച്ചു. 35-ാം വയസ്സിൽ വായന നിർത്തേണ്ടിവന്നു. ഫെറോ സിമന്റ് കച്ചവടവും സന്നദ്ധപ്രവർത്തനവുമായി മുന്നോട്ടുപോകവേ ഏതാനും വർഷംമുമ്പാണ് വായനയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നത്. 2020 മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിലൊതുങ്ങേണ്ടിവന്നപ്പോൾ വായന വീണ്ടും ദിനചര്യയുടെ ഭാഗമായി.

നേരത്തേ കിടന്നുറങ്ങി, പുലർച്ചെ എഴുന്നേറ്റ് വീട്ടുകാരെ ശല്യപ്പെടുത്താതെ കാർപ്പോർച്ചിലിരുന്നാണ് വായന. കച്ചവടത്തിരക്ക് വീണ്ടും ആരംഭിച്ചപ്പോൾ പുലർച്ചെ നാലുമുതൽ ഏഴുവരെ മാത്രമായി വായന. ‘‘കുട്ടികൾക്കും മുതിർന്നവർക്കും പിറന്നാൾ സമ്മാനങ്ങളും മറ്റും നൽകാൻ മറ്റൊന്നും തേടിപ്പോകാറില്ല. പുസ്തകങ്ങളാണെന്റെ സമ്മാനം’’ -മോസസ് പറയുന്നു.

Content Highlights: world book day news about a voracious reader mosses from thrissur

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..