പ്രമേഹനിയന്ത്രണം: കേരളത്തിലെ രോഗികൾ ഒരുവർഷം വാങ്ങിയത് 2,000 കോടിയുടെ മരുന്ന്


Representative Image | Photo: Gettyimages.in

കണ്ണൂർ: പ്രമേഹം നിയന്ത്രിക്കാൻ മാത്രം കേരളത്തിലെ രോഗികൾ ഒരുവർഷം വാങ്ങിയത് 2,000 കോടിയുടെ മരുന്നുകൾ. ഇൻസുലിനും ഗുളികകളും ഉൾപ്പെടെയാണിത്. 15,000 കോടി രൂപയുടെ വിവിധ മരുന്നുകളാണ് സംസ്ഥാനത്ത് വിൽക്കുന്നതെന്നാണ് കഴിഞ്ഞ സാമ്പത്തികവർഷത്തെ ശരാശരി കണക്ക്. അതിൽ 15 ശതമാനത്തോളം പ്രമേഹനിയന്ത്രണ ഔഷധങ്ങളാണ്. ദേശീയതലത്തിൽ ഇത് 10 ശതമാനത്തോളമാണ്.

സംസ്ഥാനത്ത് വിൽപനയിൽ രണ്ടാംസ്ഥാനത്ത് ഇപ്പോൾ പ്രമേഹനിയന്ത്രണ മരുന്നുകളാണ്. ഹൃദ്രോഗമരുന്നുകളാണ് ഒന്നാമത്. കേരളത്തിൽ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് പ്രമേഹ സങ്കീർണതയാണെന്നത് മറ്റൊരു വസ്തുത. ഓരോ വർഷവും പ്രമേഹമരുന്ന്‌ വിൽപന വലിയതോതിൽ വർധിക്കുന്നതായി ഓൾ കേരള കെമിസ്റ്റ്സ് ആൻഡ്‌ ഡ്രഗ്ഗിസ്റ്റ്‌സ്‌ അസോസിയേഷൻ വിലയിരുത്തുന്നു.

ഇന്ത്യയിൽ 1.76 ലക്ഷം കോടിയുടെ മരുന്നുവിൽപനയാണ് മൊത്തം നടന്നത്. കഴിഞ്ഞ 10 വർഷംകൊണ്ടാണ് പ്രമേഹമരുന്ന്‌ വില്പന കുതിച്ചുയർന്നത്. സമാന്തര ചികിത്സച്ചെലവ് ഇതിൽപ്പെടില്ല.

ഇന്ത്യയിലെ മരുന്നുവില്പന കോടിരൂപയിൽ-ഹൃദ്രോഗം (23.11), ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ രോഗങ്ങൾ (20.8), പ്രമേഹം (16.51).

മരുന്നുവില്പന ഉയരും

കേരളം ഉൾപ്പെടെ രാജ്യത്തെമ്പാടും പ്രമേഹമരുന്ന്‌ വിൽപന വരുംവർഷങ്ങളിൽ കൂടുമെന്നാണ് ഗവ. ഏജൻസികളും ഫാർമ കമ്പനികളും വിലയിരുത്തുന്നത്. 10 ശതമാനം വർധന ഓരോവർഷവും പ്രതീക്ഷിക്കുന്നു. 7.5 കോടിയിലധികം പ്രമേഹരോഗികൾ ഇപ്പോഴുണ്ട്. അതിന്റെ മൂന്നിരട്ടിയോളം ആളുകൾ പ്രമേഹ പൂർവാവസ്ഥയിലുമുണ്ട്. ജീവിതരീതി തിരുത്തിയില്ലെങ്കിൽ താമസിയാതെ ഇവരിലും പ്രമേഹമെത്തുമെന്നതാണ് വില്പനയുടെ പ്രവചനത്തിന് അടിസ്ഥാനം.

മുന്നിൽ അഞ്ച്‌ ഔഷധങ്ങൾ

ആധുനിക ശ്രേണിയിൽപ്പെട്ട രണ്ടുതരം ഇൻസുലിനുകൾ, മെറ്റ്ഫോർമിൻ+ഗ്ലിമെപിരൈഡ്, മെറ്റ്ഫോർമിൻ+വിൽഡഗ്ലിപ്റ്റിൻ, മെറ്റ്ഫോർമിൻ+സിറ്റഗ്ലിപ്റ്റിൻ എന്നീ സംയുക്ത ഗുളികകൾ എന്നിവയാണ് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന അഞ്ച് ഔഷധങ്ങൾ.

എന്നിട്ടും നിയന്ത്രണം 20 ശതമാനം മാത്രം

പ്രമേഹം പൂർണമായി മാറ്റാനാവില്ല. എന്നാൽ ഫലപ്രദമായി നിയന്ത്രിക്കാനാകും. മരുന്നുകൾക്കായി വൻതുക ചെലവഴിക്കുമ്പോഴും നമ്മുടെ നാട്ടിൽ 80 ശതമാനം രോഗികളിലും പ്രമേഹം നിയന്ത്രണത്തിലല്ല. ഇതിന് പല കാരണങ്ങളാണ്.

*മരുന്ന്/ഇൻസുലിൻ എന്നിവയുടെ ഉപയോഗം കൃത്യമല്ല.

*മരുന്ന് പോലെത്തന്നെ പ്രധാനമാണ് ഭക്ഷണക്രമീകരണവും ചിട്ടയായ വ്യായാമവും. ഇക്കാര്യത്തിൽ രോഗികൾ വൻ പരാജയമാകുന്നു.

* പ്രമേഹത്തെക്കുറിച്ച് രോഗികൾ ശരിയായ അറിവ് നേടുന്നില്ല.

പ്രമേഹവിദ്യാഭ്യാസം എല്ലാവർക്കും എന്ന ലോകാരോഗ്യ സംഘടനയുടെ പ്രമേഹദിന സന്ദേശം ഇക്കാരണത്താലാണ്.

കുതിക്കുന്നു, കണക്കുകൾ

അശ്വതി ബാലചന്ദ്രൻ

കോഴിക്കോട്: ദിനംപ്രതി പ്രമേഹബാധിതരുടെ എണ്ണം കൂടിവരികയാണ്. കേരളത്തിലെ നാലിലൊരാൾക്ക് പ്രമേഹമുണ്ടെന്ന് കണക്കുകൾപറയുന്നു. പ്രമേഹത്തിന്റെ ആരംഭം 44-ാം വയസ്സിലെന്നു പഴയകാലം കടന്നുപോയി. ഇപ്പോൾ കുട്ടികൾവരെ പ്രമേഹത്തിന്റെ പിടിയിലാകുന്നത് സർവസാധാരണമാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എൻഡോക്രൈനോളജി വിഭാഗം നടത്തിയ പഠനത്തിൽ 10-നും 30-നും ഇടയിൽ പ്രായമുള്ള 27 ശതമാനം യുവാക്കൾ രോഗികളാണ്.

ആഗോളതലത്തിൽ പ്രമേഹബാധിതർ 42.2 കോടി 2019-ലെ 15 ലക്ഷം മരണങ്ങൾക്കും കാരണം പ്രമേഹം. ( 48 ശതമാനവും 70 വയസ്സിന് താഴെയുള്ളവർ) 2021-ലെ പ്രമേഹമരണം 67 ലക്ഷം ( ഇന്റർനാഷണൽ ഡയബെറ്റിസ് ഫെഡറേഷൻ)

2021-ലെ കണക്കനുസരിച്ച് 537 ദശലക്ഷം ആളുകളാണ് പ്രമേഹബാധിതർ. ഇത് 2030-ഓടെ 643 ദശലക്ഷമായും 2045-ഓടെ 783 ദശലക്ഷമായും ഉയർന്നേക്കാം.

ഇന്ത്യയിലെ അവസ്ഥ

1990-നും 2017-നും ഇടയിൽ പ്രമേഹമുള്ളവരുടെ എണ്ണം 11.3-ൽനിന്ന് 22.9 ദശലക്ഷമായി വർധിച്ചിട്ടുണ്ട്. നിലവിൽ, 25.2 ദശലക്ഷം മുതിർന്നവർ രോഗികളാണ്. 57 ശതമാനം പ്രായപൂർത്തിയായവരിലും ഇന്ത്യയിൽ രോഗനിർണയം നടന്നിട്ടില്ല. അതായത് ഏകദേശം 43.9 ദശലക്ഷം പേർക്ക് സ്വന്തം അവസ്ഥയെപ്പറ്റി ബോധ്യമില്ലെന്ന് അർഥം.

പ്രതിരോധം

• മധുരപലഹാരങ്ങൾ ഒഴിവാക്കുക.

• മാംസ്യവും നാരുകളും കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുക.

• അന്നജം കുറഞ്ഞ ഭക്ഷണം ശീലമാക്കുക.

• ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കുക. വേഗമേറിയ നടത്തം, നീന്തൽ, സൈക്ലിങ് എന്നിവ ശീലമാക്കാം.

• ധാരാളം വെള്ളംകുടിക്കുക.

• ദിവസവും ഏഴ്‌-എട്ട്‌ മണിക്കൂറിൽ കുറയാതെ ഉറങ്ങുക.

ലക്ഷണങ്ങൾ

• അമിതമായ വിശപ്പും ദാഹവും

• ശരീരഭാരം കുറയുക

• കാഴ്ചമങ്ങൽ

• ഇടയ്ക്കിടെയുള്ള മൂത്രശങ്ക

• അമിതക്ഷീണം

• തുടർച്ചയായുള്ള അണുബാധ

• പുരുഷന്മാരിൽ പേശികൾക്ക് ബലക്ഷയം

• സ്ത്രീകളിൽ മൂത്രനാളിയിലെ അണുബാധ

• ചർമംവരളുക, ചൊറിച്ചിൽ ഉണ്ടാകുക

Content Highlights: World Diabetes Day 2022

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..