: ഐല, അംഫാൻ, അസാനി.... പേരുകളിലെ പ്രത്യേകതകൾകൊണ്ട് ചുഴലിക്കാറ്റുകളുടെ പേരുകൾ ഏറെക്കാലം നമ്മുടെ മനസ്സിൽ നിറഞ്ഞുനിൽക്കും. എന്നാൽ, ഈ പേരുകൾ നൽകുന്നതിലുമുണ്ട് പല മാനദണ്ഡങ്ങൾ.
ഞായറാഴ്ച ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് കിഴക്കൻതീരത്തേക്ക് കയറാൻ തുടങ്ങിയ ‘അസാനി’ ചുഴലിക്കാറ്റിന് ശ്രീലങ്കയാണ് പേരിട്ടത്. സിംഹളഭാഷയിൽ അസാനിയെന്നാൽ ‘ക്രോധം’ എന്നാണ് അർഥം. ഗതി (വേഗം), മേഘ് (മേഘം), ആകാശ് (ആകാശം) എന്നിവയാണ് ചുഴലിക്കാറ്റുകൾക്ക് ഇന്ത്യ നൽകിയ പേരുകൾ. അസാനിക്കുശേഷം രൂപപ്പെടുന്ന കാറ്റിന് തായ്ലാൻഡ് നൽകിയ പേര് സിത്രാങ് എന്നാണ്. ഇനി വരാനിരിക്കുന്ന ചുഴലികൾക്ക് ഇടാൻ ഇന്ത്യയിൽനിന്നുള്ള പേരുകളാണ് ഘുർണി, പ്രൊബാഹോ, ജാർ, മുരാസു എന്നിവ.
ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ മുന്നറിയിപ്പുകൾ നൽകാനും പേരുകൾ നൽകാനും ആറു പ്രാദേശിക വിദഗ്ധ കാലാവസ്ഥാകേന്ദ്രങ്ങളും (ആർ.എസ്.എം.സി.) അഞ്ചു ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങളുമാണുള്ളത്. പ്രാദേശിക വിദഗ്ധ കാലാവസ്ഥാകേന്ദ്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.). ബംഗാൾ ഉൾക്കടലും അറബിക്കടലും ഉൾപ്പെടെ വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ വികസിക്കുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾക്ക് പേര് നൽകാറുള്ളത് ഐ.എം.ഡി.യാണ്. ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ്, മ്യാൻമാർ, ഒമാൻ, പാകിസ്താൻ, ശ്രീലങ്ക, തായ്ലാൻഡ്, ഇറാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ., യെമെൻ എന്നീ 13 അംഗരാജ്യങ്ങളാണ് പേരുകൾ നിർദേശിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..