: കോവിഡിനെ ചെറുക്കാൻ ഇന്ത്യയുടെ ആദ്യ എം.ആർ.എൻ.എ. വാക്സിൻ വരുന്നു. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെ (സി.സി.എം.ബി.) ശാസ്ത്രജ്ഞരാണ് വാക്സിൻ വികസിപ്പിച്ചത്.
സാർസ് കോവ് 2 വൈറസിന്റെ സ്പൈക് പ്രോട്ടീനെതിരായി ആന്റിബോഡി ഉത്പാദിപ്പിക്കുന്നതിൽ വാക്സിൻ 90 ശതമാനം കാര്യക്ഷമമാണെന്ന് മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തി. ഫലപ്രാപ്തി ഉറപ്പാക്കുന്നതിനുള്ള പരീക്ഷണങ്ങളുടെ അടുത്തഘട്ടം ആരംഭിച്ചിട്ടുണ്ട്. ഡെങ്കിപ്പനി, ക്ഷയം തുടങ്ങിയ മറ്റ് പകർച്ചവ്യാധികൾക്കെതിരേ പോരാടാനും വാക്സിൻ ഉപയോഗിക്കാം.
വൈറൽ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജനിതക കോഡുകൾ നമ്മുടെ ശരീര കോശങ്ങൾക്ക് നൽകുകയാണ് എം.ആർ.എൻ.എ. വാക്സിനുകൾ ചെയ്യുന്നത്. വാക്സിൻ ആയി കുത്തിവെക്കുന്ന എം.ആർ.എൻ.എ. കൊടുക്കുന്ന സിഗ്നലുകളുടെ ഫലമായി ശരീരം ചില പ്രോട്ടീനുകൾ ഉത്പാദിപ്പിക്കും. രോഗകാരണം അല്ലാത്ത പ്രോട്ടീനുകൾ മാത്രം ഉത്പാദിപ്പിക്കുന്നതിനു വേണ്ടി പ്രത്യേകമായി നിർമിക്കപ്പെട്ടിട്ടുള്ളവയാണ് എം.ആർ.എൻ.എ. വാക്സിൻ. അതിനാൽ കൊറോണ വൈറസിന്റെ രോഗഹേതുവായ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കപ്പെടില്ല. പുതുതായി ശരീര കോശങ്ങളിൽ ഉത്പാദിപ്പിക്കപ്പെട്ട ഈ പ്രോട്ടീനുകൾ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
പുണെ ആസ്ഥാനമായ ജെനോവ ബയോ എം.ആർ.എൻ.എ. വാക്സിൻ വികസിപ്പിച്ചിരുന്നു. യു.എസ്. ആസ്ഥാനമായ മോഡേണ, ഫൈസർ എന്നീ കമ്പനികളും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഇവയിൽനിന്നെല്ലാം വ്യത്യസ്തമാണ് പുതിയ വാക്സിനെന്ന് സി.സി.എം.ബി.യുടെ അടൽ ഇൻകുബേഷൻ സെന്ററിന്റെ മേധാവി മധുസൂദന റാവു പറഞ്ഞു. ഒരുവർഷംകൊണ്ടാണ് സംഘം വാക്സിൻ വികസിപ്പിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..