ന്യൂഡൽഹി: സീനിയർ താരം വിരാട് കോലിയും വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി 20-യിലും ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലും കളിക്കില്ല. ഇരുവർക്കും 10 ദിവസത്തെ വിശ്രമമാണ് ബി.സി.സി.ഐ. അനുവദിച്ചത്. ശനിയാഴ്ച രാവിലെ താരങ്ങൾ ഇന്ത്യൻ ടീമിന്റെ ബയോബബ്ൾ വിട്ടു.
എല്ലാ ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾക്ക് ഊഴമിട്ട് വിശ്രമം അനുവദിക്കാൻ നേരത്തേ ബി.സി.സി.ഐ. തീരുമാനിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കോലിയും പന്തും തിരിച്ചെത്തും. മാർച്ച് നാലിന് മൊഹാലിയിൽ ആദ്യടെസ്റ്റ് തുടങ്ങും. കോലിയുടെ 100-ാം ടെസ്റ്റാവും ഇത്.
ട്വന്റി 20-യിൽ ഇന്ത്യക്ക് 100 വിജയം
കൊൽക്കത്ത: രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസിനെ എട്ട് റൺസിന് തോൽപ്പിച്ചതോടെ ട്വന്റി 20-യിൽ 100 വിജയം പൂർത്തിയാക്കി ഇന്ത്യ. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമാണ്. പാകിസ്താനാണ് ആദ്യമായി 100 പിന്നിട്ടത്. അവർക്ക് 118 വിജയമുണ്ട്. രോഹിത് ശർമ സ്ഥിരം ക്യാപ്റ്റനായശേഷം ഇന്ത്യ ഒരു മത്സരവും തോറ്റിട്ടില്ല. കഴിഞ്ഞ എട്ടു മത്സരങ്ങളും ജയിച്ചു.
ന്യൂസീലൻഡിന് ഇന്നിങ്‌സ് ജയം
ക്രൈസ്റ്റ്ചർച്ച്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ ഇന്നിങ്‌സിനും 276 റൺസിനും തകർത്ത് ന്യൂസീലൻഡ്. 1932-നുശേഷം 46 ടെസ്റ്റുകളിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ന്യൂസീലൻഡിന്റെ അഞ്ചാം ജയം മാത്രമാണിത്. 2004-ലായിരുന്നു ഒടുവിലത്തെ ജയം. ഒന്നാം ഇന്നിങ്‌സിൽ 95 റൺസിന് പുറത്തായ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സിൽ 111-ൽ ഒതുങ്ങി. ന്യൂസീലൻഡ് ഒന്നാം ഇന്നിങ്‌സിൽ 482 റൺസെടുത്തിരുന്നു. ഏഴു സെഷനുകളിൽ കളി കഴിഞ്ഞു. രണ്ടിന്നിങ്‌സിലുമായി ഒമ്പതു വിക്കറ്റുകൾ വീഴ്ത്തിയ കിവീസ് ബൗളർ മാറ്റ് ഹെന്റിയാണ് കളിയിലെ താരം
പുജാര പൂജ്യം
അഹമ്മദാബാദ്: രഞ്ജിയിൽ പോയി ഫോം വീണ്ടെടുക്കാൻ ബി.സി.സി.ഐ. പറഞ്ഞുവിട്ട ടെസ്റ്റ് താരം ചേതേശ്വർ പുജാര പൂജ്യത്തിന് പുറത്ത്. രഞ്ജി എലൈറ്റ് ഗ്രൂപ്പ് ഡി-യിൽ മുംബൈയ്ക്കെതിരായ മത്സരത്തിലാണ് സൗരാഷ്ട്ര താരമായ പുജാര പരാജയപ്പെട്ടത്. നാലാമനായിറങ്ങി നാലു പന്ത് മാത്രം നേരിട്ട താരം വിക്കറ്റിനുമുന്നിൽ കുരുങ്ങി പുറത്താവുകയായിരുന്നു. പുജാരയുടെ അതേ ദൗത്യത്തിന് നിയോഗിക്കപ്പെട്ട അജിൻക്യ രഹാനെ സെഞ്ചുറിനേടിയിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..